ബാർ കോഴയിൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്; ലോകകേരള സഭയിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ പിണറായി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ഇന്നലെ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിലാണ് ബാർ കോഴയിൽ അടിയന്തരമായി പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയായി ഘടകകക്ഷികൾ അവരുടേതായ രീതിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും.നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സഭയിലും ഉന്നയിക്കും. പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോകകേരള സഭയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. അതേസമയം, പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യുഡിഎഫിന്റെ പ്രവാസി സംഘടനാ പ്രതിനിധികൾക്ക് ലോകകേരള സഭയിൽ പങ്കെടുക്കാം.
Leave A Comment