‘കണ്ണൂർ കൂടി ഇങ്ങ് തരണം; നായനാരുടെ കുടുംബവുമായി ആത്മബന്ധം’; സുരേഷ് ഗോപി
കണ്ണൂർ: കണ്ണൂർ കൂടി ഇങ്ങ് തരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. നയനാരുടെ കുടുംബവുമായി ആത്മബന്ധമാണ് തനിക്കുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായതിനുശേഷം ആദ്യത്തെ കേരള സന്ദർശനത്തിലാണ് സുരേഷ് ഗോപിയുടെ കണ്ണൂരിലേക്കുള്ള വരവ്.നായനാരുടെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ ശാരദ ടീച്ചർ സ്വീകരിച്ചു. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് ശാരദ ടീച്ചർ പ്രതികരിച്ചു. രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ശാരദ ടീച്ചർ പറഞ്ഞു.
Leave A Comment