രാഷ്ട്രീയം

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എൻസിപിയിൽ ഇന്ന് നിർണായക ചർച്ച. മന്ത്രി എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എംഎല്‍എ  എന്നിവരുമായി എൻസിപി ദേശീയ അധ്യക്ഷൻ  ശരദ് പവാര്‍ ഇന്ന് ചർച്ച നടത്തും. മുംബൈയില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയും  പങ്കെടുക്കും. 

എ.കെ.ശശീന്ദ്രന് പാർട്ടി സംസ്ഥാന അധ്യക്ഷ പദവി നൽകിയുള്ള ഒത്തുതീർപ്പ് ഫോർമുലയാണ് നേതൃത്വത്തിൻ്റെ മനസിൽ . പി.സി.ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡൻ്റായതോടെ സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ തയ്യാറാണ്.

കൂടുതൽ വിലപേശലിന് എ.കെ.ശശീന്ദ്രൻ തയാറാകുമോ എന്നത് നിർണായകമാകും. മന്ത്രിസ്ഥാനം ഒഴിയേണ്ടതില്ലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവർ വാദിക്കുന്നു. 

മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാര്‍ട്ടിയില്‍ ഇല്ലെന്നാണ് ഈ വിഭാഗത്തിൻ്റെ നിലപാട് .  മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് നേരത്തെ ശശീന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. 

അതേസമയം രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു എന്നാണ് കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസ് പറയുന്നത്. പി.സി. ചാക്കോയും ഈ അഭിപ്രായത്തോട് യോജിക്കുന്നു .

എൻസിപി സംസ്ഥാന നേതൃയോഗത്തിലുംതോമസ് കെ തോമസിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. ശരദ് പവാറും ഈ ആവശ്യത്തെ തുണയ്ക്കാനാണ് സാധ്യത . സാഹചര്യം മനസിലാക്കി എ.കെ.ശശീന്ദ്രൻ അയയുന്നു എന്നാണ് സൂചനകൾ . 

പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയാമെന്ന് എ.കെ ശശീന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ശുഭ പര്യവസായി ആകുമെന്ന പ്രതീക്ഷ തോമസ് കെ തോമസും പങ്കു വെച്ചു.

മന്ത്രിസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിയെ നേരത്തെ കണ്ടിരുന്നു. എൻസിപിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ഇടതു മുന്നണിയിലും ആലോചിക്കേണ്ടി വരും എന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം .

Leave A Comment