രാഷ്ട്രീയം

'വധശ്രമം, ഗൂഢാലോചന'; ഇപിക്കും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. ണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമ കേസ് ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

Leave A Comment