രാഷ്ട്രീയം

ഭിന്നശേഷിക്കാരനെ SFI നേതാക്കള്‍ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനെ എസ്എഫ്‌ഐ നേതാക്കള്‍ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതി.യൂണിയന്‍ മുറിയിലിട്ട് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ. നേതാക്കളുടെ മര്‍ദനം നേരിടേണ്ടിവന്നത്.

തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കള്‍ അനസിനെ മര്‍ദിച്ചത്. മര്‍ദനം അതിരു വിട്ടതോടെയാണ് അനസ് പോലീസിനെ സമീപിച്ചത്. നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും അവഹേളിച്ചതായും അനസ് പറഞ്ഞു. മര്‍ദനവിവരം പുറത്ത് പറഞ്ഞാല്‍ കാലുകള്‍ വെട്ടുമെന്നും ഭീഷണിപ്പെടുത്തിയതായും അനസ് പരാതിപ്പെട്ടു.

അതേ സമയം യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരന് മര്‍ദനമേറ്റ സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ഭിന്നശേഷി കമ്മീഷനും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിഷയം അന്വേഷിച്ച് നടപടിയെടുക്കുമെന്നും ബിന്ദു വ്യക്തമാക്കി.

അനസ് നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് യൂണിറ്റംഗവുമാണ് അനസ്. കാല്‍ വയ്യാത്ത അനസിനെ കോളേജിലെ യൂണിറ്റ് നേതാക്കള്‍ കൊടികെട്ടാനും മറ്റ് ജോലികള്‍ക്കും നിയോഗിക്കുമായിരുന്നു. പണം പിരിച്ച് നല്‍കുകയും വേണം. ഇതില്‍നിന്ന് ഒഴിഞ്ഞു മാറിയതോടെയാണ് യൂണിയന്‍ ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദനം തുടങ്ങിയതെന്ന് അനസ് പറയുന്നു.

Leave A Comment