‘യുഎഇ ഭരണാധികാരിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാന്‍ രഹസ്യ ചര്‍ച്ചകള്‍ കെ ടി ജലീലിനെതിരെ സ്വപ്ന
മുന്‍മന്ത്രി കെ ടി ജലീലിനെതിരെ ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുല്‍ ജനറലുമായി ജലീല്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ബിസിനസുകള്‍ നടത്താന്‍ കെ ടി ജലീല്‍ ലക്ഷ്യമിട്ടു. തനിക്കെതിരായ ഗൂഢാലോചന കേസ് നിലനില്‍ക്കില്ലെന്നും സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലുണ്ട്. യുഎഇ ഭരണാധികാരിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാന്‍ കെ ടി ജലീല്‍ ശ്രമിച്ചെന്നാണ് സ്വപ്‌ന പറയുന്നത്. ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി ചര്‍ച്ച നടത്തിയത് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് സ്വപ്‌ന സുരേഷിന്റ വാദം.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് വിഷയം സഭയില്‍ സബ്മിഷനായി ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം.
Leave A Comment