രാഷ്ട്രീയം

നിലമ്പൂരിൽ മത്സരിക്കണോ, ബിജെപിയിൽ 2 അഭിപ്രായം; അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കണോ വേണ്ടയോ എന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായം. നിലമ്പൂരിലേത് അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്നാണ് പാർട്ടി വിലയിരുത്തൽ. ആർക്കും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ വേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മത്സരിച്ചില്ലെങ്കിൽ വിവാദം ആകുമെന്ന് ഒരു വിഭാഗം നേതാക്കൾ നിലപാടെടുത്തു. 

ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഓൺലൈൻ കോർ കമ്മിറ്റിയിയിൽ അന്തിമ തീരുമാനം ആയില്ല. ദേശീയ നേതൃത്വത്തോട് ആലോചിച്ചു അന്തിമ തീരുമാനം എടുക്കാനും, എൻഡിഎ യോഗത്തിൽ വിഷയം ചർച്ച ചെയ്യാനും കോർ കമ്മിറ്റി തീരുമാനിച്ചു. ജൂൺ 19 ന് നടക്കാൻ പോകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്. അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരിൽ കാണുന്നത്. അല്ലാതെ വോട്ടർമാർ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് അല്ല. ഇത് അവർക്കു മുകളിൽ കെട്ടിവെച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാർത്ഥ താൽപര്യത്തിന്റെ ഫലമാണ്. 

കേരളത്തിലെ വികസന മുരടിപ്പും സ്വജനപക്ഷപാതവും നിലമ്പൂരിലെ ജനങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതവും ഈ തിരഞ്ഞെടുപ്പിൽ എൻഡിഎ ചർച്ച ചെയ്യും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നത് ബിജെപിയുടെയും എൻഡിഎ ഘടക കക്ഷിക്കളുടേയും യോഗം ചേർന്ന് തീരുമാനിക്കും, ബിജെപി അധ്യക്ഷൻ പറഞ്ഞു.

Leave A Comment