രാഷ്ട്രീയം

'സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല, നിലമ്പൂരിൽ മത്സരിക്കാനില്ല'; അൻവർ

മലപ്പുറം: വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പിവി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻ‌വർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിൻ്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

പ്രതിപക്ഷ നേതാവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സതീശന് പിന്നിൽ ഒരു ലോബിയുണ്ടെന്നും അൻവർ ആവർത്തിച്ചു. സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ തുടർന്നും ശബ്ദമുയർത്തും, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പിണറായിയുടെ വക്താവ് എന്നും വിമർശനം. അസോസിയേറ്റഡ് ഘടകകക്ഷിയാക്കാം എന്ന യുഡിഎഫ് നിലപാടിൽ തിരക്കിട്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് അൻവർ നയം പ്രഖ്യാപിച്ചത്. 

യുഡിഎഫിനെ ഒന്നാകെ വിമർശിക്കാതെ, മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച പിവി അൻവർ, ഇനിയും സാധ്യതകൾ തുറന്നിടുന്നുണ്ട്. മത്സരിക്കണം എന്ന ആഗ്രഹത്തിന് പണം ഇല്ലായമയാണ് തടസ്സം എന്നാണ് അൻവർ പറയുന്നത്. മത്സര ആഗ്രഹം തുറന്ന് പറഞ്ഞതിലൂടെ അവസാനം സ്ഥാനാർത്ഥി കുപ്പായം ഇടാനും സാധ്യത ഏറേയാണ്. നാമ നിർദേശ പത്രിക സമർപ്പിക്കേണ്ട സമയം അവസാനിക്കും വരേക്കും സസ്പെൻസ് നിലനിർത്തുകയാണ് അൻവർ.

Leave A Comment