രാഷ്ട്രീയം

'സി കെ ജാനുവിന് സുരേന്ദ്രൻ 10 ലക്ഷം കൈമാറുന്നത് കണ്ടു', കേസിൽ നിന്ന് പിന്മാറില്ല

കണ്ണൂർ : സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി പ്രസീദ അഴീക്കോട്. മാർച്ച് 7 ന് രാവിലെ 8 മണിക്ക് തിരുവനന്തപുരം ഹൊറിസോൺ ഹോട്ടലിൽ വച്ചാണ് പണം കൈമാറിയത്. ഒരു ടവ്വലിൽ പൊതിഞ്ഞ നിലയിൽ പണം കിടക്കയിൽ ഉണ്ടായിരുന്നു. ഇക്കാര്യം അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കാശു വാങ്ങി താൻ ഈ കേസിൽ നിന്ന് പിന്മാറുന്നുവെന്ന അഭ്യൂഹങ്ങൾ വന്നതോടെയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും പ്രസീദ വിശദീകരിച്ചു. 

എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തും ബത്തേരിയിലും വെച്ച് സി കെ ജാനുവിന് പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് നേരത്തെ ഇക്കാര്യത്തിലെ തെളിവായി  ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടിരുന്നു.

Leave A Comment