ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം; ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്നലെയാണ് സുരേഷ് ബാബു ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ചത്. ഇതിനെതിരെ ഷാഫി പ്രതികരിച്ച് രംഗത്തെത്തിയതോടെ ഷാഫിയുടെ പേര് പറഞ്ഞില്ലെന്നായിരുന്നു സുരേഷ് ബാബുവിൻ്റെ മലക്കംമറിച്ചിൽ. നിയമപരമായി നീങ്ങുമെന്നും ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി ചോദിച്ചിരുന്നു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡന ആരോപണം നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമായതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ആരോപണം.
Leave A Comment