രാഷ്ട്രീയം

ഭാരത് ജോഡോയാത്ര തൃശൂർ ജില്ലയിൽ നാളെമുതൽ

തൃശ്ശൂർ : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 22-ന് ജില്ലയിൽ പ്രവേശിക്കും. നാലുമണിക്ക് ജില്ലാ അതിർത്തിയായ ചിറങ്ങരയിൽ യാത്രയെ സ്വീകരിക്കും. വൈകീട്ട് ഏഴിന് ചാലക്കുടിയിൽ സമ്മേളനത്തോടെ സമാപിക്കും.

23-ന് യാത്രയില്ല. 24-ന് ചാലക്കുടിയിൽനിന്ന്‌ രാവിലെ ഏഴിന് ആരംഭിക്കുന്ന പദയാത്ര ദേശീയപാതയിലൂടെ കൊടകര വഴി 11-ന് ആമ്പല്ലൂരിൽ സമാപിക്കും.

വൈകീട്ട് നാലിന് ആമ്പല്ലൂരിൽനിന്ന്‌ ആരംഭിക്കുന്ന യാത്ര ഒല്ലൂർ, കുരിയച്ചിറ വഴി, ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ എത്തിച്ചേരും. അവിടെനിന്ന് എം.ഒ. റോഡ് വഴി, തൃശ്ശൂർ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. റൗണ്ട് ചുറ്റി തെക്കേ ഗോപുര നടയിൽ സമ്മേളനത്തോടെ യാത്ര സമാപിക്കും. സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയെ 151 മുത്തുക്കുടകളുടേയും പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകുന്ന 151 അംഗ സംഘത്തിന്റെ വാദ്യമേളങ്ങളോടെയുമാണ് സ്വീകരിക്കുക. ഇതിന് പുറമേ പുലിക്കളി, തിരുവാതിര, മാർഗംകളി, കളരിപ്പയറ്റ്, പഞ്ചവാദ്യം, ദഫ്മുട്ട് തുടങ്ങിയ വർണാഭമായ വിവിധ കലാരൂപങ്ങളാണ് സ്വരാജ് റൗണ്ടിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടക കമ്മിറ്റി ചെയർമാൻ ജോസ് വള്ളൂർ, കൾച്ചറൽ കമ്മിറ്റി ചെയർമാൻ കെ.ബി. ശശികുമാർ, ജനറൽ കൺവീനർ രവി ജോസ് താണിക്കൽ എന്നിവർ അറിയിച്ചു.

25-ന് രാവിലെ ഏഴിന് തൃശ്ശൂരിൽനിന്ന്‌ യാത്ര ആരംഭിച്ച്‌ മുളങ്കുന്നത്തുകാവ് വഴി വടക്കാഞ്ചേരിയിൽ 11-ന് എത്തിച്ചേരും. വൈകീട്ട് നാലിന് വടക്കാഞ്ചേരിയിൽനിന്ന്‌ ആരംഭിക്കുന്ന യാത്ര വാഴക്കോട് വഴി, വെട്ടിക്കാട്ടിരി സെൻററിൽ എത്തിച്ചേരും. രാത്രി ഏഴിന് നടക്കുന്ന പൊതുസമ്മേളനത്തോടെ തൃശ്ശൂർ ജില്ലയിലെ യാത്ര സമാപിക്കും.

ജില്ലയിലെ 2,321 ബൂത്തുകളിൽനിന്നായി ഓരോ ബൂത്തിൽനിന്നും 50 പ്രവർത്തകർ വീതം ഒരു ലക്ഷത്തിൽപ്പരം പേർ യാത്രയിൽ പങ്കാളികളാകും. ഒാരോ ബൂത്തിന്റെ ചുമതലയും ഓരോ നേതാക്കൾക്ക് നൽകിയിട്ടുണ്ട്.

കൂടാതെ, മൂന്നു ദിവസങ്ങളിലെ യാത്രയ്ക്കിടയിൽ രാഹുൽഗാന്ധി ജില്ലയിലെ മതനേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, സാമൂഹികനേതാക്കൾ, കലാകായിക പ്രതിഭകൾ, വ്യത്യസ്ത രാഷ്ട്രീയങ്ങളിൽ പ്രവർത്തിക്കുന്നവർ, സാഹിത്യനായകന്മാർ, വ്യാപാര പ്രമുഖർ, ഉൾപ്പെടെയുള്ളവരെ കാണും.

Leave A Comment