രാഷ്ട്രീയം

'പോരാട്ടമാണ് ബദൽ പൊറോട്ടയല്ല'; നിലമ്പൂരിൽ ഡിവൈഎഫ്ഐ ഫ്ലക്സ്, മറുപടിയായി യൂത്ത് ലീഗ്

മലപ്പുറം: രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുമായി ബന്ധപ്പെട്ട്  നിലമ്പൂരിൽ ബാനർ പോരാട്ടം. "പോരാട്ടമാണ് ബദൽ പൊറോട്ടയല്ല" എന്നെഴുതിയ ഫ്ലക്സ് ഡിവൈഎഫ്ഐയാണ് യാത്ര  കടന്നു പോകുന്ന നിലമ്പൂരിൽ ആദ്യം സ്ഥാപിച്ചത്. തൊട്ടു പിന്നാലെ മറുപടിയുമായി യൂത്ത് ലീഗും ബാനർ വച്ചു. "തീ ഇട്ടത് സംഘികളുടെ ട്രൗസറിൽ ആണെങ്കിലും പുക വരുന്നത് കമ്മികളുടെ മൂട്ടിലൂടെ" എന്നായിരുന്നു ഫ്ലക്സിലെ വരികള്‍. 

ഡിവൈഎഫ്ഐയുടെ ഫ്ലക്സിന് മുകളിൽ യൂത്ത് കോൺഗ്രസും ഫ്ലക്സ് വച്ചു. കാക്കിയും ചുവപ്പുമുള്ള നിക്കറിന്റെ ചിത്രം വച്ച ഫ്ലക്സിൽ "ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർഎസിനോടാണ്" എന്നാണ് ഈ ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. ഇന്നലെ പെരിന്തൽമണ്ണ ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ ഡിവൈഎഫ്ഐ കറുത്ത ബാനർ തൂക്കിയിരിന്നു. "പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് " എന്നായിരുന്നു എഴുതിയത്. ഫേസ്ബുക്കിലാണ് വി ടി ബൽറാം ഇതിന് മറുപടി നൽകിയത്. "കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ" എന്നാണ് ബാനറിന്റെ ഫോട്ടോ പങ്കുവച്ച് ബൽറാമിന്റെ പോസ്റ്റ്‌. രാഹുലിന്റെ ശ്രദ്ധ തിരിക്കാൻ ഇത്തരം ഞാഞ്ഞൂലുകൾക്ക് കഴിയില്ല എന്നും ബൽറാം പ്രതികരിച്ചിരുന്നു.

ഡിവൈഎഫ്ഐയുടെ പരിഹാസത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയയും. 'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡിവൈഎഫ്ഐ ബാനർ സ്ഥാപിച്ചിരുന്നത്.  പെരിന്തൽമണ്ണ ഏലംകുളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡിവൈഎഫ്ഐയുടെ പേരിൽ ബാനർ ഉയർന്നത്.  എന്നാല്‍ ഈ ബാനറിന് ചുട്ട മറുപടിയുമായാണ് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയത്.  ''പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക - ഡിവൈഎഫ്ഐ ഫുഡ് വ്‌ളോഗ്‌സ്''- ഡിവൈഎഫ്ഐയെ പരിഹസിച്ച് തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.

Leave A Comment