രാഷ്ട്രീയം

മാള സിപിഐയില്‍ ഉള്‍പ്പാര്‍ട്ടി കലഹം മൂര്‍ദ്ധന്ന്യത്തില്‍, കാഴ്ചക്കാരായി നേതൃത്വം

മാള: സിപിഐയിലെ ആഭ്യന്തര കലഹം മൂലം മാളയില്‍  ഉദ്ഘാടന ചടങ്ങുകള്‍ക്കും ബഹിഷ്കരണം. മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കെ.കരുണാകരന്‍ സ്മാരക സര്‍ക്കാര്‍ ആശുപത്രിയിലെ പുതിയ ക്വാര്‍ട്ടേഴ്സ്  ഉദ്ഘാടനം ഇത് മൂലം  മാറ്റി വയ്ക്കപ്പെട്ടു. എം.എല്‍.എ വി.ആര്‍.സുനില്‍കുമാറിന്റെ ആസ്തി  വികസന ഫണ്ടില്‍ നിന്ന് 41ലക്ഷം ചെലവഴിച്ചാണ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കേണ്ടതും എം.എല്‍.എ ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യപ്പെടേണ്ട ക്വാര്‍ട്ടേഴ്സ് ഗ്രാമ പഞ്ചായത്തിലെ ഒരു സി.പി.ഐ അംഗത്തെ അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് നേതൃത്വം ഇടപെട്ട് ചടങ്ങ്‌ മാറ്റി വച്ചതെന്നാണ് അണിയറയിലെ സംസാരം. ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുകയാണ് സിപിഐയിലെ  ആഭ്യന്തര  തര്‍ക്കം

 നേതാക്കള്‍ക്കിടയിലെ അസ്വാരസ്യം  മൂലം പല വികസന പ്രവര്‍ത്തനങ്ങളും പാതി വഴിയിലാണ്. സി.പി.എമ്മും സിപിഐയും തമ്മിലുള്ള  പടലപ്പിണക്കം  മറ്റൊരു വഴിക്ക് നടക്കുന്നു. മാള മേഖലയില്‍ സിപിഐയിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കം മൂലം ഭരണ പ്രതിസന്ധി ഉടലെടുത്തിട്ടും നേതൃത്വം കാര്യക്ഷമമായി  ഇടപെട്ട് പരിഹാരം ഉണ്ടാക്കുന്നില്ലെന്നത് അണികള്‍ക്കിടയില്‍ നിരാശ  സൃഷ്ടിച്ചിട്ടുണ്ട്.പൊയ്യയിലെ സിപിഐ നേതൃത്വത്തോട്  കലഹിച്ച് ഒരു എഐവൈഎഫ് പ്രവര്‍ത്തകന്‍ ഏതാനും ദിവസം മുന്‍പ് രാജി വച്ചതിനോടും ബന്ധപ്പെട്ട നേതൃത്വം കാര്യമായി  പ്രതികരിച്ചിട്ടില്ല.

മാള ബ്ലോക്ക് പഞ്ചായത്തിനാണ്‌ സര്‍ക്കാര്‍ ആശുപത്രിയുടെ ദൈനം ദിന നടത്തിപ്പിന് അവകാശമെന്നിരിക്കെ ഗ്രാമ പഞ്ചായത്ത് വിഷയത്തില്‍ ഇടപെട്ടതിനോട് സിപിഎമ്മിലും അതൃപ്തിയുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി ജയിച്ചു വന്നവരോട് സിപിഐയിലെ പഴയ നേതൃത്ത്വത്തിന്  വേണ്ടത്ര പരിഗണനയില്ലെന്നാണ് ആക്ഷേപം. ഇത് മൂലം ഒരു പൊട്ടിത്തെറിയിലേക്ക് മാളയിലെ സിപിഐ നീങ്ങുന്നുവോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Leave A Comment