രാഷ്ട്രീയം

'കൊടിക്കുന്നിൽ സുരേഷ് ദയവായി ഇനിയെങ്കിലും തരൂർ അലർജി നിർത്തുക'

തിരുവനന്തപുരം: ശശി തരൂരിനെതിരെ നിരന്തരം വിമർശനം നടത്തുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് സൈബര്‍ ടീം. കൊടിക്കുന്നിൽ സുരേഷിനോട് ഒരു അപേക്ഷയുണ്ട്. ദയവായി ഇനിയെങ്കിലും തരൂർ അലർജി നിർത്തണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ ആവശ്യം.

ശശി തരൂര്‍ എന്ന നേതാവിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് കുശുമ്പ് നിറഞ്ഞ താങ്കള്‍ക്കുള്ളതെന്നും ഒരു പ്രസ്ഥാനത്തെ നയിക്കുവാനും ഏതു പ്രശ്നത്തേയും നേരിടുവാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്, അത് തരൂരിനുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മാവേലിക്കരയുടെ എംപിയും പ്രിയപ്പെട്ട നേതാവുമായ കൊടിക്കുന്നിൽ സുരേഷിനോട് ഒരു അപേക്ഷയുണ്ട്. ദയവായി ഇനിയെങ്കിലും തരൂർ അലർജി നിർത്തുക. ഇവിടെ പാർട്ടിക്ക് പുതിയ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇനി അതിനെചൊല്ലിയുള്ള വാഗ്വാദങ്ങൾ നിർത്തുക.

ശശി തരൂർ എന്ന നേതാവിനെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് കുശുമ്പ് നിറഞ്ഞ താങ്കൾക്കുള്ളത്.... ഒരു പ്രസ്ഥാനത്തെ നയിക്കുവാനും ഏതു പ്രശ്നത്തേയും നേരിടുവാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത് അത് തരൂരിന്നുണ്ട് അല്ലാതെ എത്രവർഷം ഈ പാർട്ടിയെ ഉപയോഗിച്ച് ജീവിച്ചു എന്നതല്ല ഒരു നേതാവിന്റെ യോഗ്യത. ഖാർഗെ ഇലക്ഷൻ ജയിച്ചു പ്രസിഡൻറ് ആയി. തരൂർ ജനങ്ങൾക്കും നേതാക്കൾക്കും ഇടയിൽ കൂടുതൽ സ്വീകാര്യനായി ഒരുപാട് ഹൃദയങ്ങൾ വിജയിച്ചു.എന്നാൽ നിങ്ങളോ???

ഈ ഇലക്ഷൻ കൊണ്ട് ഉള്ള വില ഇടിഞ്ഞു ദുരന്തമായി മാറാനുള്ള നിയോഗം നിങ്ങൾക്ക് മാത്രം.
ഈ പാർട്ടി നശിക്കരുത് എന്നും രാജ്യത്തിന്റെ പ്രതീക്ഷയായി വളർണമെന്നും ആഗ്രഹിക്കുന്ന ഒരു യുവതലമുറ ഇവിടുണ്ട്, അവർക്കുമുന്നിലെ നേതാക്കളാണ് രാഹുൽ ഗാന്ധിയും തരൂരുമൊക്കെ
ഗ്രുപ്പിന്റെ പേരിൽ പാർട്ടിയെ വീതംവെക്കുന്ന എല്ലാ അവസരവാദി നേതാക്കൾക്കുമുള്ള തക്കിതാണ് തരൂരിന് കിട്ടിയ ആ വോട്ട്...

ഇപ്പോൾ മാവേലിക്കരയിൽ കയ്യിലുള്ള ഈ പാർലമെന്റ് സ്ഥാനം കൂടി കോൺഗ്രസ് പാർട്ടിക്ക് നഷ്ടപ്പെടുത്താതെ ഇരിക്കുക. ഈ കോൺഗ്രസ്സ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ വെറുക്കാൻ ഒരാൾ ഉണ്ടായിട്ടുണ്ടേൽ അത് താങ്കൾ ആയിരിക്കും. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും ഇതേപോലെയുള്ള പ്രസ്താവനകൾ താങ്കൾ ഇറക്കി പാർട്ടിയുടെ ശോഭ കെടുത്തി.

തരൂർ അന്തസ്സായി തന്നെ മത്സരിച്ചു. 1000 ത്തിലേറെ വോട്ട് നേടിയെങ്കിൽ അദ്ദേഹത്തിനുള്ള പിന്തുണയാണ്. എന്നും പറഞ്ഞു അദ്ദേഹം പാർട്ടിക്ക് വിരുദ്ധൻ അല്ല. ജനാതിപത്യ വ്യവസ്ഥയിൽ അദ്ദേഹത്തിനു മത്സരിക്കാൻ ഉള്ള അവകാശം ഉണ്ട്. കൃത്യമായി അദ്ദേഹം തെരഞ്ഞെടുപ്പിൽ പോരാടി. അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിലും നിന്നു ജയിക്കും.

പക്ഷേ ഓരോ വാക്കുകൾ കൊണ്ടും താങ്കൾ മാവേലിക്കര പാർലിമെന്റിൽ കുഴിതോണ്ടാതെ ഇരിക്കുക. അതോടൊപ്പം എതിർ പാർട്ടികൾക്ക് അടിക്കാൻ വടി വെട്ടികൊടുക്കാതെ ഇരിക്കുക.
എന്ന് കോൺഗ്രസിനെ ജീവനുതുല്യം സ്നേഹിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള എളിയ കോൺഗ്രസ് പോരാളികൾ...

Leave A Comment