' ഇങ്ങനെ പോയാൽ ശരിയാവില്ല' വെള്ളാങ്ങല്ലൂർ കോൺഗ്രസ് കമ്മിറ്റിയിൽ പടയൊരുക്കം
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂരിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒരുവിഭാഗം നേതാക്കളുടെ പടയൊരുക്കം. പാർട്ടിയിലെ തീരുമാനങ്ങൾ ഏതാനും പേർ ചേർന്ന് കൈക്കൊള്ളുകയും മറ്റു നേതാക്കളെ അവഗണിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിൽ രൂക്ഷവിമർശനമാണ് നേതൃത്വത്തിന് എതിരെ ഉണ്ടായത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചിലരും പാർട്ടി പരിപാടികൾ തങ്ങളിൽ മാത്രമൊതുക്കുന്നു എന്നാണ് പ്രവർത്തകരുടെ പരാതി. കെ പി സി സി ആഹ്വാനം ചെയ്ത സി യു സി കമ്മിറ്റികൾ നിർജ്ജീവമായെന്നും ഇവർ ആക്ഷേപിക്കുന്നു.
കോൺഗ്രസിന്റെ പല പരിപാടികളിലും വാർഡ് മെമ്പർമാരുടെ അസാന്നിധ്യം പ്രകടമാണെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫുട്ബോൾ മത്സരത്തോട് അനുബന്ധിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഗോൾ മഹോത്സവത്തിലും വാർഡ് മെമ്പർമാർ എല്ലാവരും എത്തിയില്ലെന്ന് പ്രവർത്തകരിൽ ചിലർ വിമർശിച്ചു. കൈവിട്ട് പോയ പഞ്ചായത്ത് ഭരണത്തെ തിരികെ പിടിക്കാൻ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. 5000ത്തിൽ പരം വോട്ടുകൾക്കാണ് വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ കോൺഗ്രസ് പുറകിൽ നിൽക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് 1500 വോട്ടുകൾ ലീഡ് ചെയ്യാനായത്. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടു. പലരും പാർട്ടി വിട്ട് പോകുകയോ നിർജ്ജീവമാകുകയോ ചെയ്തു. ഇതൊന്നും നേതൃത്വം മുഖവിലക്ക് എടുക്കുന്നില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ഈ രീതി പിന്തുടർന്നാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാവുമെന്ന് നേതാക്കൾ വിമർശിച്ചു.
ഗ്രൂപ്പ് പോരുകൾക്കപ്പുറത്ത് ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന അടിച്ചമർത്തലുകളാണ് നേതൃത്വത്തിനെതിരെ പോർമുഖം തുറക്കാൻ ഒരു വിഭാഗത്തെ പ്രചോദിപ്പിക്കുന്നത്. ഇനിയും അടങ്ങിയിരിക്കാൻ ആകില്ലെന്ന് ഇവർ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ മണ്ഡലം നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.
Leave A Comment