വിഭാഗീയതയുടെ നാളുകളില്‍ മാറ്റിയവരെ തിരിച്ചെത്തിക്കും: എം.വി. ഗോവിന്ദൻ
കയ്പമംഗലം: വിഭാഗീയതയുടെ കാലത്തു മാറ്റുകയോ മാറിനിൽക്കുകയോ ചെയ്തവരെ പാർട്ടിയിലേക്കു തിരികെയെത്തിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയ്ക്കു മതിലകത്തു നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം. തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല. നവീകരിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തും മുന്നോട്ടു കൊണ്ടുപോകും. കെ റെയിൽ അവസാനിപ്പിച്ചിട്ടില്ല.കേരളത്തെ ലോകോത്തര തലത്തിലേക്ക് ഉയർത്തുകയാണു ലക്ഷ്യം. യുഡിഎഫ് ഉപേക്ഷിച്ച ദേശീയപാതയിപ്പോൾ നിർമാണ ഘട്ടത്തിലാണ്. വ്യവസായ രംഗത്തും വലിയ മാറ്റങ്ങൾ വരുന്നു. ഇതെല്ലാം യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്ന് എതിർക്കുന്നു. മാധ്യമങ്ങൾ പറയുന്നതാണ് പ്രതിപക്ഷം ഏറ്റെടുക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പി.കെ. ചന്ദ്രശേഖരൻ, സംവിധായകൻ കമൽ, മന്ത്രി ആർ.ബിന്ദു, പി.കെ. ബിജു, എം.സ്വരാജ്, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കെ.വി. അബ്ദുൽ ഖാദർ, പി.എം. അഹമ്മദ്, കെ.കെ. അബീദലി എന്നിവർ പങ്കെടുത്തു.
Leave A Comment