യൂത്ത് കോൺഗ്രസ് സംസ്ഥാനസമ്മേളനം 23 മുതൽ തൃശൂരിൽ
തൃശ്ശൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാനസമ്മേളനം ഈ മാസം 23 മുതൽ 26 വരെ തൃശ്ശൂരിൽ നടക്കും. നീതിനിഷേധങ്ങളിൽ നിശബ്ദരാകില്ല, വിദ്വേഷരാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന പ്രമേയത്തിൽ ഊന്നിയാണ് സംസ്ഥാന സമ്മേളനം നടക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. തൃശ്ശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
21-ന് കാസർകോട് പെരിയയിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ രക്തസാക്ഷി ഛായാചിത്രജാഥ ആരംഭിക്കും. 22-ന് തിരുവനന്തപുരത്തുനിന്ന് വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരിനാഥ്, എസ്.എം. ബാലു എന്നിവർ നയിക്കുന്ന പതാക ജാഥയും പുറപ്പെടും. അന്നുതന്നെ വൈക്കത്തുനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്. നുസൂർ, എസ്.ജെ. പ്രേംരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള കൊടിമരജാഥയും പുറപ്പെടും. 23-ന് വൈകീട്ട് തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ മൂന്ന് യാത്രകളും സംഗമിക്കും.
22-ന് ‘വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരേ’ സാംസ്കാരിക സംഗമം. 24-ന് വൈകീട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്ന കുടുംബസംഗമം എരവിമംഗലം പുഴയോരം ഗാർഡൻസിൽ നടക്കും. 25-ന് മൂന്നിന് ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന റാലിയും തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനവുമുണ്ടാകും.
26-ന് തൃശ്ശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധിസമ്മേളനം നടക്കും. കേന്ദ്ര സംസ്ഥാന നേതാക്കൾ വിവിധ ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും. 20-ന് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കും.
Leave A Comment