രാഷ്ട്രീയം

നാക്കുപിഴയാണ് മാപ്പു പറയാം സോണിയയെ ക്രൂശിക്കരുതെന്ന് അധീര്‍ രഞ്ജന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേയുള്ള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി. ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരിട്ടുകണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ച വിവാദ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം.

രാഷ്ട്രപതിയെ അപമാനിക്കുക എന്നത് തനിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. നാക്കുപിഴ മൂലം ഒരു തെറ്റുപറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരമാര്‍ശത്തിന്റെ പേരില്‍ തന്നെ ക്രൂശിച്ചോളു, എന്നാല്‍ ഈ വിഷയത്തിലേക്ക് ബിജെപി നേതാക്കള്‍ അനാവശ്യമായി സോണിയാ ഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് ലോക്സഭ ചേര്‍ന്നതോടെ സഭയിലും സ്മൃതി ഇറാനി പ്രശ്നം ഉയര്‍ത്തി. രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനും വിഷയം ഉന്നയിച്ചു.

 കോണ്‍ഗ്രസും സോണിയാ ഗാന്ധിയും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് എതിരാണെന്നും സോണിയാഗാന്ധി ഇതിന് കൂട്ടുനിന്നുവെന്നും അവര്‍ മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പരാമര്‍ശം ബോധപൂര്‍വമുള്ള ലൈംഗിക അവഹേളനമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞു. ഇരുസഭകളിലും വലിയ പ്രതിഷേധവും നടന്നു.

Leave A Comment