രാഷ്ട്രീയം

പ്രതിഷേധങ്ങൾ ഫലംകണ്ടു: കരയാംപറമ്പിലെ കുഴികളടച്ചു

അങ്കമാലി : ദേശീയപാതയിൽ കരയാംപറമ്പ് മുതൽ എളവൂർ കവല വരെയുള്ള ഭാഗത്തെ കുഴികൾ അടച്ചു. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തിനൊടുവിലാണ് അധികൃതർ കുഴികൾ നികത്താൻ തയ്യാറായത്. ജെ.സി.ബി. ഉപയോഗിച്ച് കുഴികളുള്ള ഭാഗം പൊളിച്ച് അറ്റകുറ്റപ്പണികൾ നടത്തിയശേഷമാണ് ടാർ ചെയ്തത്.

അറ്റകുറ്റപ്പണികൾ നടത്തിയതുമൂലം ദേശീയപാതയിൽ ഗതാഗതതടസ്സം ഉണ്ടായി. അറ്റകുറ്റപ്പണികൾ രാത്രിയിൽ നടത്തിയിരുന്നുവെങ്കിൽ ഗതാഗതതടസ്സം ഒഴിവാക്കാമായിരുന്നുവെന്ന് യാത്രക്കാർ അഭിപ്രായപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തു. കറുകുറ്റി ഭാഗത്തെ കുഴികൾ നേരത്തേ അടച്ചിരുന്നു. കരയാംപറമ്പിൽ വൻകുഴികളാണ് റോഡിൽ ഉണ്ടായിരുന്നത്.

കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് കറുകുറ്റി പഞ്ചായത്തംഗം റോയി വർഗീസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ പൂക്കളമിട്ട് പ്രതിഷേധിച്ചിരുന്നു. കുഴികൾ എണ്ണുന്ന മത്സരം സംഘടിപ്പിച്ച് കെ.സി.വൈ.എം. പ്രതിഷേധിച്ചു.

Leave A Comment