രാഷ്ട്രീയം

പോലീസിന്റേത് നാടകമെന്ന് വി ടി ബൽറാം ; എല്ലാ പ്രതികളെയും പോലീസ് കണ്ടെത്തുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തത് നാടകമെന്ന് വി.ടി. ബല്‍റാം. ഏതെങ്കിലും ഒരു പ്രതിയെ സി.പി.എമ്മും പോലീസും അവതരിപ്പിക്കുമെന്ന് കുറച്ചുദിവസമായി കണക്കുക്കൂട്ടിയിരുന്നതായും അതെല്ലാം ആ നിലയ്ക്കുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വി.ടി. ബല്‍റാം പ്രതികരിച്ചു.

എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും പറഞ്ഞു. ജിതിന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരേ കുറെനാളുകളായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇവരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. ഇപ്പോളാണ് കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഒരുതരത്തിലുള്ള ഒളിച്ചോട്ടത്തിനുമില്ല. ജിതിന്‍ അടക്കമുള്ളവര്‍ ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ഇനിയും അന്വേഷണവുമായി യൂത്ത് കോണ്‍ഗ്രസ് സഹകരിക്കും. സംഭവത്തില്‍ കൃത്യമായവിവരങ്ങള്‍ ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ശബരീനാഥന്‍ പറഞ്ഞു.

അതേസമയം, എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ എല്ലാ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. എ.കെ.ജി. സെന്ററിന് നേരേ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാവരെയും പിടിക്കാന്‍ സാധിക്കണം. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം നേതാവ് തന്നെയാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇനിയും അന്വേഷണം നടത്തി മറ്റുപ്രതികളെ കണ്ടെത്തണം.

Leave A Comment