രാഷ്ട്രീയം

വിഷന്‍ 24:തൃക്കാക്കര മാതൃക, പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്

കൊച്ചി: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പതിനേഴുകാരെ തേടിയിറങ്ങാന്‍ കോണ്‍ഗ്രസ്. നിലവിലെ വോട്ടര്‍പട്ടിക ക്രമപ്പെടുത്തിയ ശേഷം അടുത്ത വര്‍ഷം വോട്ടര്‍പട്ടികയില്‍ ഇടം കണ്ടെത്തേണ്ട, ഇപ്പോള്‍ പതിനേഴ് വയസ്സുള്ളവരുടെ ലിസ്റ്റുണ്ടാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് നടത്തുന്ന വിഷന്‍ 24 നേതൃയോഗത്തിലാണ് ഇതിനായി തയ്യാറെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ ഒരേ വീട്ടിലെ വോട്ടര്‍മാര്‍ ക്രമനമ്പര്‍ തെറ്റിയും മറ്റും കിടക്കുന്നത് ആദ്യം നേരെയാക്കും.

അതിനൊപ്പം പുതുതായി വോട്ടര്‍ പട്ടികയിലേക്ക് വരേണ്ടവരുടെ കണക്കും ബൂത്ത് തലത്തില്‍ ശേഖരിക്കും. ഈ വര്‍ഷം പതിനെട്ട് തികഞ്ഞവരുടെ വോട്ടുകള്‍ ഈ വര്‍ഷംതന്നെ ചേര്‍ക്കും. അടുത്ത വര്‍ഷത്തേക്കുള്ളവരുടെ ലിസ്റ്റും ഇതിനൊപ്പം തയ്യാറാക്കും. അടുത്ത ജനുവരിയില്‍ത്തന്നെ അവരെയും പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ബൂത്ത് കമ്മിറ്റികള്‍ക്ക് നിര്‍ദേശം.

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചതിന് ഒരു കാരണം അവിടെ വോട്ടര്‍പട്ടിക പുതുക്കുന്നതില്‍ നടത്തിയ പ്രവര്‍ത്തനമാണ്. അതേ ശൈലിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങളും നടത്തണം. ബൂത്ത് കമ്മിറ്റികളും താഴെയുള്ള യൂണിറ്റ് കമ്മിറ്റികളും ശക്തമാക്കണം. ഓരോ സ്ഥലത്തെയും മത-സാമുദായിക നേതാക്കളെ നേരത്തേ തന്നെ കണ്ട് സൗഹൃദമുണ്ടാക്കണം. തിരഞ്ഞെടുപ്പാകുമ്പോഴേക്കും നല്ല ബന്ധം സ്ഥാപിച്ചെടുക്കണം. തിരഞ്ഞെടുപ്പാകുമ്പോള്‍ ചെന്നാല്‍ അതുകൊണ്ടാണ് വന്നതെന്ന് അവര്‍ പറയും. അതിനു മുമ്പുതന്നെ അവരുടെ പ്രശ്നങ്ങളും അറിഞ്ഞ് പരിഹാരം തേടണം.

ഭാരത് ജോഡോ യാത്ര സംഘടന ശുദ്ധീകരിക്കുന്നതിനുള്ള അവസരമായും എടുക്കണം. പാര്‍ട്ടിയുടെ ഇത്രയും വലിയ പരിപാടി നടന്നിട്ട് അതില്‍ പങ്കെടുക്കാതെ മാറി നിന്നവരുണ്ടെങ്കില്‍ അവരെ പിന്നെ പാര്‍ട്ടിക്ക് ആവശ്യമില്ല. അവരെ ഭാരവാഹി സ്ഥാനത്തുനിന്ന് ഒഴിവാക്കി നിര്‍ത്തണം. ഒരു സ്ഥാനത്തേക്കും അവരുടെ പേരുകള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. ജില്ലാ തലത്തിലും മണ്ഡലം തലത്തിലും ബൂത്തുതലത്തിലും പരിശോധനകള്‍ നടത്തി മാറി നിന്നവരെ കണ്ടെത്തി അവരെ ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തണം. യാത്രയില്‍ മാറി നിന്നവര്‍ മാറിത്തന്നെ നില്‍ക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. എറണാകുളം വൈ.എം.സി.എ.യില്‍ നടന്ന വിഷന്‍ 24 നേതൃയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.-ഡി.സി.സി. ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Leave A Comment