സിപിഎം നേതൃയോഗങ്ങൾ ഇന്നുമുതൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പും സർക്കാരിന്റെ പ്രവർത്തനങ്ങളും പരിശോധിക്കാനായി സിപിഎം നേതൃയോഗങ്ങൾ ഇന്നാരംഭിക്കും.
ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റെന്നാളും പാർട്ടി സംസ്ഥാന സമിതിയും ചേരും. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം കൂട്ടാനുള്ള തീരുമാനം പാർട്ടിയുമായി ആലോചിക്കാതെയാണു സർക്കാർ കൈക്കൊണ്ടതെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യവും ചർച്ചാവിഷയമാകും.
ചില ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടായ വിഭാഗീയ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിശോധിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള സർക്കാർ തീരുമാനം പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വിഷയം ഗൗരവമായ ചർച്ചയ്ക്കു വിധേയമാകും.
നയപരമായ കാര്യമായതിനാൽ പാർട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ധനവകുപ്പിന്റെ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും അറിഞ്ഞുതന്നെയാണെന്നാണു സിപിഎം നേതൃത്വം മനസിലാക്കുന്നത്.
അതുകൊണ്ടുതന്നെയാണു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യത്തിലുള്ള തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. വിവാദ ഉത്തരവ് ഇറങ്ങിയപ്പോൾ തന്നെ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എഐവൈഎഫും തങ്ങളുടെ പ്രതിഷേധം പരസ്യമാക്കി.
വിഷയം വഷളാകുമെന്നു മനസിലാക്കിയ മുഖ്യമന്ത്രി കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സർക്കാർ തീരുമാനം മരവിപ്പിച്ചു. പാർട്ടിയുടെ എതിർപ്പുകൂടി മുന്നിൽ കണ്ടുതന്നെയാണ് ഇങ്ങനെയൊരു തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. ആലോചനയില്ലാതെ തീരുമാനമെടുത്തതു കൊണ്ടാണ് ഉത്തരവു പിൻവലിച്ചതെന്നാണു എം.വി. ഗോവിന്ദൻ ഇന്നലെ പറഞ്ഞത്.
Leave A Comment