പ്രധാന വാർത്തകൾ

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനലുകള്‍ തുടങ്ങാന്‍ അനുമതി ഇല്ല. വാര്‍ത്ത പ്രക്ഷേപണ മന്ത്രായത്തിന്റെതാണ് തീരുമാനം. പ്രക്ഷേപണത്തിനോ വിതരണത്തിനോ സംസ്ഥാനങ്ങള്‍ക്ക് അനുവാദം ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ പ്രസാര്‍ ഭാരതിയ്ക്ക് കീഴില്‍ ക്രമപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2023 ഡിസംബര്‍ 31 ന് മുന്‍പ് നടപടി പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. വെള്ളിയാഴ്ചയാണ് വാര്‍ത്ത പ്രക്ഷേപണ വിതരണ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ, ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ കേസിലെ സുപ്രിംകോടതി വിധി, നിയമ മന്ത്രാലയത്തിന്റെ നിയമോപദേശം എന്നിവ കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു.

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐപിടിവി, തമിഴ്‌നാട് സര്‍ക്കാരിന്റെ കല്‍വി ടിവി, അരസു കേബിള്‍ മുതലായവയെ നിര്‍ദേശം നേരിട്ട് ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ദേശം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനും ഇടയുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ടെലിവിഷന്‍ ചാനലുകളുടെ പ്രക്ഷേപണം തുടരുന്നതിനായി ചില ഇളവുകള്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave A Comment