പ്രധാന വാർത്തകൾ

പാലിയേക്കര ടോൾ പ്ലാസയിലെ ഇഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ജി.ഐ.പി.എൽ ഓഫീസിലെ ഇ ഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഏഴംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇ ഡി റെയ്ഡ്. മണ്ണുത്തി, ഇടപ്പിള്ളി ദേശീയപാത നിർമാണ കമ്പനി കള്ളപ്പണം വെളുപ്പിച്ചോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. 

പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നറിയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുകയാണ്. കൊൽക്കത്ത ആസ്ഥാനമായ ശ്രേ ഫിനാൻസും ഹൈദരാബാദ് ആസ്ഥാനമായ കെ എം സി കമ്പനിയും ചേർന്ന കൺസോർഷ്യമായ ജി ഐ പി എൽ ആണ് ദേശീയപാത നിർമിച്ചത്. 

മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ എത്തിയ ഇ.ഡി.സംഘം ടോൾപ്ലാസ സെൻ്റർ പൂർണമായും നിയന്ത്രണത്തിലാക്കിയായിരുന്നു പരിശോധന നടത്തിയത്. ഓഫീസിൽ പ്രവേശിച്ച ജീവനക്കാരെ ആരെയും പുറത്തു കടക്കാൻ പരിശോധന സംഘം അനുവദിച്ചില്ല. സ്ത്രീ ജീവനക്കാരെ ഉൾപ്പെടെ തടഞ്ഞുവെച്ചായിരുന്നു പരിശോധന. ടോൾപ്ലാസ ഉദ്യോഗസ്ഥരുടെയെല്ലാം മൊബൈൽ ഫോണുകൾ ഓഫാകുവാനും സംഘം നിർദേശിച്ചു. മാധ്യമങ്ങളെ ടോൾപ്ലാസ ഓഫീസിൽ പ്രവേശിക്കാനോ വിവരങ്ങൾ കൈമാറാനോ ഇ.ഡി.സംഘം തയ്യാറായില്ല.

ദേശീയപാത നിർമാണ കരാർ ഏറ്റടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ പ്രാദേശിക ഓഫീസ് കൂടിയാണ് പാലിയേക്കരയിലേത്. കൊൽക്കത്ത സ്രെ ഫിനാൻസ് കമ്പനി, ഹൈദരാബാദ് കെ.എം.സി. കമ്പനി എന്നിവയുടെ കൺസോർഷ്യമാണ് ജി.ഐ.പി.എൽ. എന്ന പേരിൽ കരാർ എടുത്ത് ദേശീയപാത നിർമാണവും ടോൾപിരിവും നടത്തി വരുന്നത്.

സ്രെ കമ്പനിയുടെ കൊൽക്കത്ത ഓഫീസിലും കെ.എം.സി. യുടെ ഹൈദരാബാദിലെ ഓഫീസിലും ഒരേ സമയത്തായിരുന്നു പരിശോധന. ദേശീയപാത നിർമാണത്തിൽ കേന്ദ്ര സർക്കാരിന് 102.4 കോടി രൂപ നഷ്ടം വരുത്തിയെന്ന സി.ബി.ഐ. കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ അന്വേഷണം. ഈ കേസിൻ്റെ സി.ബി.ഐ. അന്വേഷണ റിപ്പോർട്ട് നേരത്തേ സമർപ്പിച്ചിട്ടുള്ളതാണ്.

Leave A Comment