എക്സാലോജിക്കിനെ കുരുക്കി ആർഒസിയുടെ നിർണായക റിപ്പോർട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനി എക്സാലോജിക്കിനെതിരേ നിർണായക റിപ്പോർട്ടുമായി രജിസ്ട്രാർ ഓഫ് കമ്പനീസ്. സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ എക്‌സാലോജിക്കിനായില്ല. കമ്പനീസ് ആക്ട് സെക്ഷൻ 118 ൻ്റെ ലംഘനം നടന്നതായും ആർഒസി റിപ്പോർട്ടിൽ പറയുന്നു.
ബംഗളൂരു രജിസ്ട്രാർ ഓഫ് കമ്പനീസാണ് നിർണായക കണ്ടെത്തലുകൾ നടത്തിയത്. സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി നടന്ന ഇടപാടുകളിൽ ദുരൂഹതയെന്നാണ് റിപ്പോർട്ട്. ഇരു കമ്പ നികളുമായി നടന്ന കരാറോ മറ്റ് ഇടപാടുകൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആർഒസി റിപ്പോർട്ട് നിർദേശിച്ചു.
കൈപ്പറ്റിയ പണവുമായി ബന്ധപ്പെട്ട് ജിഎസ്‌ടി രേഖകൾ മാത്രമാണ് എക്സാലോജിക്ക് ഹാജരാക്കിയത്. ഇതിനെപ്പറ്റി മാത്രമാണ് വിശദീകരണം നൽകിയതെന്നും ആർഒസി ചൂണ്ടിക്കാട്ടി. സെക്ഷൻ 447, സെക്ഷൻ 448, എന്നീ വകുപ്പുകൾ ചുമത്തി എക്സ്‌സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ, 2017 ലാണ് എക്‌സാലോജിക്കും സിഎംആർഎല്ലും മാർക്കറ്റിംഗ് കൺസൾട്ടൻസി സേവനങ്ങൾക്കായി കരാറിൽ ഒപ്പ് വച്ചത്. കരാർ പ്രകാരം വീണയ്ക്ക് എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും സിഎംആർഎൽ നൽകി വന്നിരുന്നത്. എന്നാൽ പണം നൽകിയ കാലയളവിൽ വീണയോ കമ്പനിയോ ഒരു തരത്തിലുള്ള സേവനവും സിഎംആർഎല്ലിന് നൽകിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Leave A Comment