ജോസഫ് പാംപ്ലാനിക്കെതിരെ സത്യദീപം; പ്രസ്താവന ബാലിശം
കൊച്ചി: തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം. ബിജെപിക്ക് എംപിയെ നല്‍കിയാല്‍ എല്ലാം ശരിയാകുമെന്ന പ്രസ്താവന ബാലിശമാണെന്ന് സത്യദീപം എഡിറ്റോറിയലില്‍ പറഞ്ഞു.
കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം. ബഫര്‍ സോണ്‍, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങിയ വിഷയങ്ങളില്‍ എല്ലാം സര്‍ക്കാരിന്റെ അവഗണന കര്‍ഷകര്‍ സഹിക്കുന്നുണ്ടെന്നും സത്യദീപം വിമര്‍ശിച്ചു.
റബ്ബറിന്റെ വില മുന്നൂറ് രൂപയാക്കിയാല്‍ പോലും ഇന്ധനവില ജീവിതം ദുരിതമാക്കുകയാണ്. റബ്ബര്‍ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാമെന്ന ചിന്ത ആരുടെ ബുദ്ധിയാണ്? ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ആര്‍എസ്എസിന്റെ അതിക്രമങ്ങള്‍ എങ്ങനെയാണ് മറക്കാനാകുകയെന്നും സത്യദീപം ചോദിച്ചു.
കെസിബിസി അടക്കം കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പോരാട്ട ശ്രമങ്ങളെയാകെ ഒറ്റയടിക്ക് റദ്ദുചെയ്തുകൊണ്ടുള്ള പ്രസ്താവന ഇനി എങ്കിലും തിരുത്തപ്പെടേണ്ടതുണ്ട്. പ്രസ്താവനയിലെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തതെങ്കില്‍ അതിനവസരം ഒരുക്കിയ പ്രസ്താവന തന്നെ തിരുത്തണം.
കര്‍ഷക അവഗണനയെന്ന ഗുരുതര പ്രശ്‌നത്തെ ബിഷപ്പിന്റെ പ്രസ്താവന ലളിതവത്ക്കരിച്ചുവെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.
Leave A Comment