പ്രധാന വാർത്തകൾ

കൈക്കൂലി: പുത്തൻവേലിക്കരയിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

പുത്തൻവേലിക്കര: പഞ്ചായത്ത് കൃഷി ഭവൻ  കൃഷി അസിസ്റ്റന്റ് കൈക്കൂലിക്കേസിൽ വിജിലൻസ് പിടിയിൽ. പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് 40 വയസുള്ള പ്രജിൽ കെ.എസ്.ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. വിദേശ മലയാളിയായ തുരുത്തൂർ കല്ലു പാലം സ്വദേശി ബിജുവിന്റെ പേരിലുള്ള 9 സെന്റ് സ്ഥലവും,ഭാര്യയുടെ പേരിലുളള 8 സെന്റ് സ്ഥലവും തരം മറ്റുന്നതിന് കൃഷിഭവനിൽ അപേക്ഷ നൽകിയിരുന്നു.

അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൃഷി ആഫീസർ പ്രിജിലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അനുകൂലമായി ഭൂമിതരം മാറ്റൽ റിപ്പോർട്ട് തയ്യറാക്കാൻ ബിജൂവിൽ നിന്നും ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടു. ഒടുവിൽ തുക അയ്യായിരത്തിന് സമ്മതിക്കുകയായിരുന്നു.

അയ്യായിരം രൂപ പ്രജിലിന് ഗൂഗിൾ ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഗൂഗിൾ ചെയ്യാൻ വിസമ്മതം അറിയിച്ചതോടെ പണം നേരിട്ട് വാങ്ങാൻ നിശ്ചയിക്കുകയായിരുന്നു. പുത്തൻവേലിക്കര ബസാറിൽ വർഷ ബേക്കറിക്ക് സമീപം വച്ചാണ് പണം കൈമാറ്റം നടന്നത്. ഈ സമയം സമീപത്തുണ്ടായിരുന്ന എറണാകുളം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി. എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടുകയായിരുന്നു.

ഉദ്യോഗസ്ഥർ പിടികൂടിയതോടെ കയ്യിലുണ്ടായിരുന്ന പണം അടുത്ത വീടിന്റെ മതിൽ കെട്ടിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. പണം വിജിലൻസ്കണ്ടെടുത്തു.
പിടിയിലായ പ്രജിൽ നേര്യാമംഗലം സ്വദേശിയാണ്. പ്രതിയെ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡി.വൈ.എസ്.പി. ബാബുക്കുട്ടൻ പറഞ്ഞു.

വിജിലൻസ് ഇൻസ്പെക്ടർമാരായ വിമൽ , സാജു വർഗീസ്, മധു, എസ്.ഐ.മാരായ ഹരീഷ്, സണ്ണി, പ്രജിത്ത്, അബി, മനോജ്, എൽ.എസ്.ജി.ഡി. ഉദ്ദ്യോഗസ്ഥരായ സുബ്രഹ്മണ്യൻ, സഞ്ചയ് പ്രഭൂ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Leave A Comment