ഉമ്മൻ ചാണ്ടി അന്തരിച്ചു
ബംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കാൻസർ ബാധയെത്തുടർന്ന് അവശനായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ 4:25-ഓടെയാണ് മരണപ്പെട്ടത്. മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ വാർത്ത പുറത്തുവിട്ടത്.
ശ്വാസകോശത്തിലെ അർബുദബാധയ്ക്ക് ഡോ യു.എസ്. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘത്തിന്റെ ചികിത്സ തേടിയാണ് അദ്ദേഹം ബംഗളൂരുവിൽ എത്തിയത്.
ചികിത്സയിലൂടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച അർധരാത്രിയോടെ രക്തസമ്മർദം കൂടിയതോടെ, അദ്ദേഹം വസിച്ചിരുന്ന ഇന്ദിര നഗറിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതൃയോഗം ബംഗളൂരുവിൽ നടക്കുന്നതിനാൽ രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന് ആശുപത്രിയിൽ വച്ച് ആദരമർപ്പിക്കും. സംസ്കാര ശുശ്രൂഷകൾ ജന്മനാടായ പുതുപ്പള്ളിയിൽ വച്ച് നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
Leave A Comment