പ്രധാന വാർത്തകൾ

ആഞ്ഞടിച്ച് രാഹുൽ; മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവ്; ക്വിറ്റ് ഇന്ത്യയുമായി ബിജെപി

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയ്‌ക്കെതിരെയും  ബിജെപിയ്‌ക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി.  മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഭാരതമാതാവെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുരിനെ രാജ്യത്തിന്റെ ഭാഗമായി കണ്ടില്ലെന്നും രാഹുല്‍ ഗാന്ധി. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു.  പരാമര്‍ശം പിന്‍വലിച്ച് രാഹുല്‍ മാപ്പ് പറയണമെന്ന് മന്ത്രിമാരടക്കം ആവശ്യപ്പെട്ട് ബഹളം വെച്ചു.

രാജ്യത്തിന്റെ ശബ്ദം കേള്‍ക്കാന്‍ അഹങ്കാരം ഉപേക്ഷിക്കണമെന്ന് പറഞ്ഞ രാഹുല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. 'ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമാണ് ഇന്ത്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മണിപ്പുരിലേക്ക് പോയിരുന്നു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാത്തത് ഇന്ത്യയുടെ ഭാഗമായി ആ നാടിനെ കണക്കാക്കാത്തതുകൊണ്ടാണ്. നിങ്ങള്‍ (ബിജെപി) മണിപ്പൂരിനെ വിഭജിച്ചു. മണിപ്പുരില്‍ അവര്‍ ഇന്ത്യയെ കൊന്നു. അവരുടെ രാഷ്ട്രീയം മണിപ്പുരിനെ മാത്രമല്ല ഇല്ലാതാക്കിയത്, ഇന്ത്യയെ തന്നെയാണ്', രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. പിന്നെ ആരുടെ ശബ്ദം കേള്‍ക്കുമെന്ന് മോദിയോട് രാഹുല്‍ ചോദിച്ചു. രാവണൻ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, കുംഭകർണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷാ യേയും അദാനിയേയും മാത്രമേ കേള്‍ക്കൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ത്യന്‍ സൈന്യത്തിന് മണിപ്പൂരില്‍ ഒരു ദിവസം കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ അവരുടെ സേവനം ഉപയോഗിക്കുന്നില്ല. മണിപ്പൂരിലെ ജനങ്ങളെ കൊല്ലുന്നതിലൂടെ നിങ്ങള്‍ ഭാരതമാതാവിന്റെ കൊലയാളികളാകുകയാണ്. നിങ്ങള്‍ രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികളാണെന്നും രാഹുല്‍ പറഞ്ഞു.

Leave A Comment