ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ കൂടുതൽ വൈദ്യുതി വാങ്ങാൻ നീക്കം
തിരുവനന്തപുരം: കൂടുതൽ വൈദ്യുതി പുറത്തുനിന്നും വാങ്ങി ലോഡ് ഷെഡിംഗ് ഒഴിവാക്കി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നീക്കം. ഹ്രസ്വകാല കരാറിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് അടിയന്തിര ടെൻഡർ വിളിച്ചു.500 മെഗാവാട്ട് വൈദ്യുതിക്കുളള ടെൻഡർ ഇന്ന് വിളിക്കും. അടുത്ത മഴക്കാലത്ത് തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലായിരിക്കും വൈദ്യുതി വാങ്ങുക. മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വേനൽക്കാലത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാറുണ്ട്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിക്ക് പണം നൽകേണ്ടതില്ല. തിരിച്ചു നൽകുമ്പോൾ നിശ്ചിത ശതമാനം വൈദ്യുതി അധികം നൽകണം.
മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ച് അവലോകന യോഗത്തിൽ ചെലവുകുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കാൻ തീരുമാനമായിരുന്നു. ചട്ടം ലംഘിച്ചതിന് കരാർ റദ്ദാക്കിയ കരാറുകാരിൽ നിന്നും ഡിസംബർ 31 വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച നടത്തും.
പുറത്തുനിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ ലോഡ് ഷെഡിങ് ഏർപ്പെടുത്തണോ എന്നതിൽ മുഖ്യമന്ത്രിയാകും അന്തിമ തീരുമാനമെടുക്കുക.
Leave A Comment