കരുവന്നൂർ കൊള്ള: എ സി മൊയ്തീൻ ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി. മൊയ്തീൻ തിങ്കളാഴ്ചയും ഇഡിക്കു മുന്നിൽ ഹാജരായേക്കില്ല. പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് നടപടി.
ഇത് രണ്ടാം തവണയാണ് നോട്ടീസ് ലഭിച്ചിട്ടും മൊയ്തീൻ ഇഡിക്കു മുന്നിൽ എത്താത്തത്. നേരത്തെ ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ രേഖകൾ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 22ന് ഇഡി എ.സി. മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡ് നടത്തിയിരുന്നു. ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-18 കാലത്ത് അനധികൃത വായ്പ നല്കി തട്ടിപ്പ് നടത്തിയെന്നാണു കേസ്.
125 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് കണക്കുകള്‍. അന്ന് സഹകരണ മന്ത്രിയായിരുന്ന മൊയ്തീന് ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കു പിന്നില്‍ മൊയ്തീനാണെന്ന നിലപാടിലാണ് ഇഡി.
Leave A Comment