കരുവന്നൂർ തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കെന്ന് ഇഡി; ശബ്ദരേഖ കോടതിയിൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇ ഡി കോടതിയിൽ വ്യക്തമാക്കി. രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ഈ മാസം 25 ന് ഉത്തരവിറക്കും.അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്‍റെ നിലപാട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈ മാസം മുപ്പതിനകം സമർപ്പിക്കാൻ എൻഫോഴ്സ്മെന്‍റ് ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ സതീഷ് കുമാർ , കിരൺ അടക്കമുളളവരുടെ ജാമ്യ നീക്കങ്ങൾക്ക് തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാകും റിപ്പോർട്ടിൽ ഉണ്ടാവുക.
Leave A Comment