പ്രധാന വാർത്തകൾ

ആലുവ കേസിൽ അസ്ഫാക് ആലത്തിന് വധശിക്ഷ

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. അതി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയ്ക്ക് തൂക്കുകയർ വിധിച്ചത്. ബി​​ഹാർ സ്വദേശിയാണ് അസ്ഫാക്.

വിധി കേൾക്കാൻ ബാലികയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു.വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍ പ്രതിക്കു ശിക്ഷ വിധിച്ചത്. പോക്‌സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.

ശിശുദിനത്തിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങള്‍ പ്രതിക്കുമേല്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഗുരുതര സ്വഭാവമുള്ള 3 പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ13 കുറ്റങ്ങള്‍ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്.

Leave A Comment