ആറ് മാസമായി പണമില്ല; ജനുവരി മുതൽ സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് പമ്പുടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര ധനപ്രതിസന്ധി നിലനില്‍ക്കെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ പോലും പണം കണ്ടെത്താനാകാതെ സര്‍ക്കാര്‍. കഴിഞ്ഞ ആറുമാസമായി സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കും ഇന്ധനം നല്‍കിയവകയില്‍ ലക്ഷങ്ങളാണ് പല പമ്പുകള്‍ക്കും കുടിശ്ശികയുള്ളത്.
ഇന്ധനം നല്‍കിയതിന്റെ പണം കുടിശ്ശിക ആയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പമ്പുടമകള്‍ ഇന്ധനം നിഷേധിക്കാനൊരുങ്ങുകയാണ്. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് നിലപാട് വ്യക്തമാക്കിയത്. ആറുമാസമായി ഇന്ധനം അടിച്ചതിന്റെ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പമ്പുടമകള്‍ നീങ്ങുന്നത്.
ഓരോ പമ്പിലും അഞ്ചുലക്ഷം രൂപമുതല്‍ 25 ലക്ഷം രൂപവരെ കിട്ടാനുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് ഇന്ധനം നല്‍കിയ വകയിലും കോടികള്‍ കുടിശ്ശികയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവയ്ക്കാനാണ് പമ്പുടമകളുടെ തീരുമാനം.
ഇതോടെ വരുന്നമാസംമുതല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ ഓടണമെങ്കില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടിവരും. പമ്പുടമകളുടെ കുടിശ്ശിക തീര്‍ക്കുകയോ അത് എന്നുതീര്‍ക്കുമെന്ന ഉറപ്പ് നല്‍കുകയോ ചെയ്യാത്തപക്ഷം ജനുവരി ഒന്നുമുതല്‍ വിവിധ വകുപ്പുകള്‍ പ്രതിസന്ധിയിലാകും.
ഇന്ധന ചെലവിനായി തനത് ഫണ്ട് കണ്ടെത്താന്‍ വകുപ്പുകള്‍ നിര്‍ബന്ധിതരാകും. നിലവില്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതുപോലും പ്രതിസന്ധിയിലാകുന്ന സാഹചര്യമുള്ളപ്പോഴാണ് മറ്റ് വകുപ്പുകളുടെ വാഹനങ്ങള്‍ക്കും സമാനസാഹചര്യം ഉണ്ടാകാനൊരുങ്ങുന്നത്. വകുപ്പുകളുടെ പല പ്രവര്‍ത്തനങ്ങളും സ്തംഭിക്കുന്നതിന് ഇന്ധന പ്രതിസന്ധി കാരണമാകും.
സാധാരണ ഗതിയില്‍ 15 ദിവസം മുതല്‍ 30 ദിവസംവരെ ഇന്ധനം നിറച്ചതിന്റെ പണം അടയ്ക്കാന്‍ സാവകാശം നല്‍കാറുണ്ട്. എന്നാല്‍, മാസങ്ങളായി കുടിശ്ശിക വരുന്നത് പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. പോലീസ് വാഹനങ്ങളെ നിലവില്‍ ബഹിഷ്‌കരണം ബാധിക്കില്ല. പല പമ്പുടമകളും അവശ്യസേവനമെന്ന നിലയില്‍ പറ്റുന്നതുപോലെ പോലീസ് വാഹനങ്ങളിൽ ഇന്ധനം നിറച്ച് നല്‍കാറുണ്ടെന്നും പെട്രോളിയം ഡീലര്‍മാര്‍ പറയുന്നു.
Leave A Comment