ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലായിരുന്നു അന്ത്യം.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു പെലെ ബ്രസീലിനെ കിരീടം ചൂടിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.
ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് പെലെ. 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്ബോള്‍ ക്ലബായ സാന്റോസിനൊപ്പമാണ് പെലെ പന്ത് തട്ടി തുടങ്ങിയത്. 1957 ജൂലൈ ഏഴിനാണ് ബ്രസീൽ ജഴ്സിയിൽ പെലെ കളത്തിലിറങ്ങിയത്. അതും ചിരവൈരികളായ അർജന്റീനയ്ക്കെതിരെ. അന്ന് പതിനാറു വയസുമാത്രമായിരുന്നു പെലെയുടെ പ്രായം.
1958-ൽ പെലെ ലോകകപ്പില്‍ അരങ്ങേറി. സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് അന്ന് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിനു തകര്‍ത്താണ് അന്ന് ബ്രസീല്‍ കിരീടം നേടിയത്.
1971 ജൂലൈ 18-ന് റിയോ ഡി ഷാനെയ്റോയില് യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ കുപ്പായത്തിൽ പെലെയുടെ അവസാന മത്സരം. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ ഫുട്ബോളിൽനിന്നും വിടവാങ്ങി.
Leave A Comment