പ്ലൈവുഡ് ഫാക്ടറിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിക്കുന്ന കുഴിയിലേക്ക് അതിഥി തൊഴിലാളി വീണു. കൊൽക്കത്ത സ്വദേശി നസീറാണ് മാലിന്യക്കുഴിയിലെ തീച്ചൂളയിലേക്ക് വീണുപോയത്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
പെരുമ്പാവൂർ ഓടക്കാലി ജംഗ്ഷനിലുള്ള യൂണിവേഴ്സൽ പ്ലൈവുഡിലെ ഇതര സംസ്ഥാന തൊഴിലാളിയാണ് മാലിന്യക്കൂമ്പാരത്തിലേക്ക് പതിച്ചത്. പ്ലൈവുഡ് ഉത്പന്നങ്ങളുടെ വേസ്റ്റ് ഈ ഭാഗത്തിട്ടാണ് കത്തിക്കുന്നത്. ഓരോ തവണയും കത്തിച്ചതിന് ശേഷം അതിന് മുകളിൽ മണ്ണിട്ട് നികത്തി വീണ്ടും കത്തിക്കുകയാണ് പതിവ്. മരത്തിന്റെ വേസ്റ്റാണ് കത്തിക്കുന്നത്. എല്ലാ ദിവസവും രാത്രി ഈ കുഴി നനക്കുകയും ചെയ്യും. തീപിടുത്തം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇങ്ങനെ നനച്ചു കൊടുക്കുന്നതിനിടെയാണ് നസീര്‍ മാലിന്യക്കുഴിയിലേക്ക് വീണത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 15 അടി താഴ്ചയുള്ള മാലിന്യക്കുഴിയിൽ വീണുപോയ തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇവിടെ താത്ക്കാലികമായി ജോലിക്ക് വന്നയാളാണെന്നാണ് അറിയാൻ സാധിച്ചത്. ആറ് ഫയർ എഞ്ചിനുകൾ എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യക്കൂമ്പാരം നീക്കിയാണ് തിരച്ചിൽ. കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
Leave A Comment