അയോഗ്യതയ്ക്ക് താത്ക്കാലിക സ്റ്റേ; രാജയ്ക്ക് 'ഭാഗിക' ആശ്വാസം
ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ.രാജയെ അയോഗ്യനാക്കിയ വിധിക്ക് താത്ക്കാലിക സ്റ്റേ. സുപ്രീം കോടതിയാണ് താത്ക്കാലിക സ്റ്റേ അനുദിച്ചത്. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ.
ഇക്കാലയളവിൽ രാജയ്ക്ക് നിയമ സഭാ നടപടികളില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശം ഉണ്ടായിരിക്കില്ല. നിയമ സഭാ അലവന്‍സും ശമ്പളവും വാങ്ങാനും അവകാശമില്ല.
നേരത്തെ, എ. രാജ പരിവര്‍ത്തിത ക്രിസ്ത്യാനിയാണെന്നും ഇത് മറച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കാട്ടി എതിര് സ്ഥാനാര്‍ഥി യുഡിഎഫിന്റെ ഡി. കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ഹൈക്കോടതി രാജയെ അയോഗ്യനാക്കി. ഇതിനെതിരേ രാജ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജി ഇന്ന് പരിഗണിച്ച സുപ്രീം കോടതിയോട് ഈ കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നും അതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും രാജയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ ദേവികുളത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും അവര്‍ ബോധിപ്പിച്ചു. സമനമായ പല കേസുകളിലും സുപ്രീം കോടതി സ്റ്റേ നല്കിയിട്ടുള്ളതും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി രാജ ക്രിസ്തുമതം പിന്തുടരുന്നില്ല എന്നതിന് എന്തെങ്കിലും തെളിവ് കൈയിലുണ്ടോ എന്നുചോദിച്ചു. ഈ രേഖകളിലുള്ള പലതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വാദിഭാഗം മറുപടി പറഞ്ഞത്.
വിവാഹ ഫോട്ടോയില്‍ രാജ ധരിച്ചിരിക്കുന്ന വസ്ത്രം ക്രിസ്തു മതസ്ഥര്‍ മാത്രമല്ല ധരിക്കുന്നതെന്നും ഇടുക്കി ജില്ലയിലെ പലവിഭാഗങ്ങളും ഇത്തരം വേഷം ധരിക്കാറുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചു. അതിനാല്‍ പരിവര്‍ത്തിത ക്രിസ്തുമത വിഭാഗക്കാരനാണ് രാജ എന്നതിന് തെളിവായി കൊണ്ടു വന്നവ അംഗീകരിക്കാന്‍ കഴിയില്ലെന്നും വാദിഭാഗം പറഞ്ഞു.
എന്നാല്‍ എ. രാജയുടെ കുടുംബത്തിന് നല്കിയ പട്ടയത്തില്തന്നെ ഇവര്‍ പരിവര്‍ത്തിത ക്രൈസ്തവരാണെന്ന് എഴുതിയിട്ടുണ്ടെന്ന് ഡി. കുമാറിന്റെ അഭിഭാഷകന് വാദിച്ചു. രേഖകള്‍ തിരുത്താന്‍ രാജ ശ്രമിച്ചെന്നും വ്യാജ രേഖ ചമച്ചയാള്ക്ക് നിയമസഭാ പ്രവേശനം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേസ് ജൂലൈയില്‍ പരിഗണിക്കാമെന്നും അതുവരെ ഹൈക്കോടതിയുടെ ഉത്തരവ് തത്ക്കാലികമായി റദ്ദ് ചെയ്യുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Leave A Comment