വാഹനങ്ങളിലെ അനധികൃത ഫിറ്റിംഗുകൾ: 5,000 രൂപ വീതം പിഴ ചുമത്തണം: ഹൈക്കോടതി
കൊച്ചി: വാഹനങ്ങളില്‍ അനധികൃതമായി മള്‍ട്ടി കളര്‍ എല്‍ഇഡി, ലേസര്‍, നിയോണ്‍ ലൈറ്റുകളും ഫ്ലാഷുകളും ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ചുമത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്കു പുറമേയാണ് പിഴ ചുമത്തേണ്ടത്. നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവില്‍ പറയുന്നു. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ഉത്തരവു നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഓള് കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എ. അനൂപ്, സെക്രട്ടറി സുബിന് പോള്‍ എന്നിവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
റോഡ് സുരക്ഷ നിയമം, മോട്ടോര്‍ വാഹന നിയമം, 2017 ലെ മോട്ടോര്‍ വാഹന (ഡ്രൈവിംഗ്) റെഗുലേഷന്‍സ് എന്നിവ പ്രകാരമുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേന നടപടിയെടുക്കാനാണ് സര്‍ക്കാരിനോടും സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറോടും ഹൈക്കോടതി 2019 ജൂലൈ 29 ന് ഉത്തരവിട്ടത്.
ചരക്കു വാഹനങ്ങളുടെ അമിതഭാരം, വാഹനങ്ങളുടെ അമിത വേഗം, ലഹരിയുപയോഗിച്ചുള്ള ഡ്രൈവിംഗ്, വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം തുടങ്ങിയവ തടയണമെന്നും ആ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇവയൊന്നും പാലിക്കുന്നില്ലെന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയിലെ ആരോപണം.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ചരക്കു വാഹനങ്ങള്‍, അമിതഭാരം കയറ്റിയ വാഹനങ്ങള്‍, അമിതഭാരം കയറ്റിയെന്ന കുറ്റം ആവര്‍ത്തിക്കുന്ന ചരക്കു വാഹനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന് റദ്ദാക്കാനോ സസപെന്ഡു ചെയ്യാനോ നടപടി സ്വീകരിക്കണമെന്നും നേരത്തെ നിര്‍ദേശിച്ചിരുന്നു.
നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്. അമിതഭാരം കയറ്റിയതിനു പിടികൂടിയ വാഹനങ്ങള്‍ പിന്നീടു വിട്ടു നല്കുമ്പോള് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Leave A Comment