ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം; ചില ബില്ലുകൾക്ക് അനുമതി കിട്ടിയില്ല
തിരുവനന്തപുരം : നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ഉദ്ഘാടന വേളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഇപ്പോഴും അനുമതി കിട്ടാതെ കിടക്കുകയാണെന്നും ഇത് വിസ്മരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഗവർണറെയും ഉപരാഷ്ട്രപതിയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം.
ലോകായുക്തയുമായി ബന്ധപ്പെട്ടതടക്കം ചില ബില്ലുകൾക്ക് അനുമതി നൽകാതെ ഗവർണർ തടഞ്ഞ് വെക്കുന്നത് കേരളത്തിൽ വലിയ വിവാദമായിരുന്നു. പല വിവാദ ബില്ലുകൾക്കും ഗവർണർ ഇനിയും അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഉപരാഷ്ട്രപതിയാകുന്നതിന് മുമ്പ് പശ്ചിമബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനും സമാനമായ ചരിത്രമുണ്ട്. മമത സർക്കാരുമായി ഇടഞ്ഞ ധൻകർ ബില്ലുകൾ തടഞ്ഞ് വെച്ചതോടെ മമത ബാനർജി കോടതിയെ സമീപിക്കുകയായിരുന്നു.
അതേ സമയം, രാജ്യത്തിന് തന്നെ അഭിമാനമായ കേരള നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങൾക്കാണ് ഉപരാഷ്ട്രപതി തുടക്കമിട്ടത്. സംസ്ഥാനത്തിൻറെ വളർച്ചക്ക് കാരണമായ പല നിയമനിർമ്മാണങ്ങളും കേരള നിയമസഭ നടത്തിയതായി രജതജൂബിലി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിച്ചു. വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളിലെ സംസ്ഥാന മികവിനെയും ജഗദീപ് ധൻകർ പുകഴ്ത്തി. രാജ്യതാല്പര്യങ്ങൾ വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റിവെക്കണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Leave A Comment