ആഞ്ഞടിച്ച് ബിപോര്‍ജോയ്; ഗുജറാത്തില്‍ രണ്ട് മരണം; 22 പേര്‍ക്ക് പരിക്ക്
അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ വ്യാപക നാശനഷ്ടം. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് രണ്ട് പേര് മരിച്ചു. സൗരാഷ്ട്രയിലെ ഭാവ്നഗറില്‍ ആട്ടിന്‍കൂട്ടത്തെ രക്ഷിക്കാനിറങ്ങിയ അച്ഛനും മകനുമാണ് മരിച്ചത്.
നിരവധി വളര്‍ത്തുമൃഗങ്ങള്‍ ചത്തു. വിവിധയിടങ്ങളിലായി 500ല്‍ അധികം മരങ്ങള്‍ കടപുഴകി വീണു. പലയിടങ്ങളിലും വാഹനങ്ങള്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി.
നിലവില്‍ ചുഴലിക്കാറ്റിന്റെ വേഗത നൂറില്‍ താഴെയായി കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും തുടരുകയാണ്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം ഗുജറാത്ത് തീരത്തേക്ക് എത്തിയത്. 115- മുതല്‍ 125 കിലോമീറ്ററായിരുന്നു ഗുജറാത്ത് തീരത്ത് പ്രവേശിക്കുമ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗം.
ഇന്ന് വൈകിട്ടോടെ 50-60 കിലോമീറ്റര്‍ ആയി ചുഴലിക്കാറ്റിന്റെ വേഗത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിപോര്‍ജോയ് രാജസ്ഥാനെ ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Leave A Comment