അരങ്ങിൽ കുചേലൻ അണിയറയിൽ ഭിഷഗ്വരൻ
വഴിത്തിരിവുകള്‍
ഡോക്ടർമാരായി ജോലി ചെയ്യുന്നവർ അവരുടെ ജോലിയുടെ സവിശേഷത കാരണം കലാ രംഗങ്ങളിലേക്കൊന്നും കടക്കാറില്ല
കാരണം കല അഭ്യസിക്കാനൊ അവതരിപ്പിക്കാനൊ ഉള്ള സമയമൊ സാഹചര്യമൊ അവർക്ക് കിട്ടാറില്ല എന്നതു തന്നെ. എന്നാൽ അവർക്കിടയിൽ വ്യത്യസ്തനായൊരാളുണ്ട്. കഥകളി കലാകാരനായ ഡോക്ടർ എ.കെ. സഭാപതി.കഴിഞ്ഞ 36 കൊല്ലാമായി കുചേല ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലനായി അരങ്ങിലെത്തുന്ന അസാധാരണക്കാരനായ ഡോക്ടർ തന്റെ കഥകളിയുടെ കഥ പങ്കു വെക്കുന്നു.
വക്കീലാകാൻ ആഗ്രഹിച്ച് ഡോക്ടറായി
വളരെ അപ്രതീക്ഷിതമായാണ് ഞാൻ കഥകളിയിലേക്ക് വന്നു ചേർന്നത്. ക്ലാസിക്കലായിട്ടോ കൾച്ചറലായിട്ടോ ഒരു ബന്ധവും എനിക്ക് ഉണ്ടായിരുന്നില്ല. അച്ഛൻ കൃഷ്ണയ്യർക്കും അമ്മ പച്ചനായകിക്കും ഞങ്ങൾ ഏഴുമക്കൾ. അതിൽ നാലാമനാണ് ഞാൻ. അച്ഛൻ അറിയപ്പെടുന്ന അഡ്വക്കേറ്റായിരുന്നു. ഞങ്ങൾ 7 മക്കളിൽ നാലാൺമക്കൾ അഡ്വക്കേറ്റ്, ഡോക്ടർ, എഞ്ചിനിയർ , ചാർട്ടേഡ് അക്കൗണ്ടന്റ് എന്നീ മേഖലകളിലെത്തി. അത് അച്ഛന്റെ തീരുമാനമായിരുന്നു.
എന്റെ ഒരു അനുജൻ കളിക്കുമ്പോൾ ഗേറ്റ് മറിഞ്ഞു വീണ് തല പൊട്ടി. ഗുരുതരമായ മുറിവ് അല്ലെങ്കിലും വൈദ്യ സഹായം ലഭിക്കാൻ വൈകി. അപ്പോഴാണ് അച്ഛൻ എന്നോട് പറയുന്നത്. നീ പഠിച്ചു ഡോക്ടറാകണം ഇരുപത്തിനാലു മണിക്കൂറും സേവനം ലഭിക്കണം എന്ന് . അങ്ങിനെ വക്കീലാകാൻ ആഗ്രഹിച്ച ഞാൻ ഡോക്ടറായി.
ഡോക്ടറുടെ അനുഭവങ്ങൾ
1967 ൽ എറണാകുളത്ത് കൃഷ്ണ ഹോസ്പിറ്റൽ തുടങ്ങി. ഡോക്ടറായപ്പോൾ ഞാൻ ആ തൊഴിലിനെ വളരെയധികം സ്നേഹിച്ചു തുടങ്ങി. മറക്കാൻ കഴിയാത്ത ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒട്ടേറെ അനുഭവങ്ങൾ. ഹെഡ് ഇഞ്ച്വറിയായ, എല്ലാവരും കൈവിട്ട ഒരു കേസ് എന്റെയടുത്തെത്തി. പ്രതീക്ഷ വേണ്ട ഞാൻ ശസ്ത്രക്രിയ നടത്തി നോക്കാം എന്ന് പറഞ്ഞു.
വളരെ സങ്കീർണ്ണമായ ശസ്ത്രക്രിയ. പക്ഷെ രോഗി മണിക്കൂറുകൾ കഴിഞ്ഞതും ബോധം തെളിഞ്ഞ് സംസാരിച്ചു തുടങ്ങി. എറണാകുളം ജില്ലാ ആശുപത്രിയിൽ 3 വർഷത്തോളം ജോലി ചെയ്തതിൽ ഒരു പാട് വ്യത്യസ്ഥ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കഥകളിയിലെ വേഷം
കൃഷ്ണ ഹോസ്പിറ്റലിന്റെ പത്താം വാർഷികത്തിനാണ് ഞാൻ കഥകളി വേഷവുമായി വേദിയിൽ വന്നത്. എല്ലാവരും എന്തെങ്കിലും ചെയ്യണമെന്ന് നിർബന്ധമായിരുന്നു. കൊച്ചി കൾച്ചറൽ സെന്ററുമായി പരിചയമുണ്ടായിരുന്നു. അങ്ങിനെയാണ് കഥകളിക്ക് തുടക്കമിട്ടത്.എന്റെ പേര് അനൗൺസ് ചെയ്തതോടെ ഗംഭീര കയ്യടിയായിരുന്നു. അന്ന് വേഷം മാത്രമായിരുന്നെങ്കിൽ പിന്നീട് കഥകളിയോട് താൽപര്യമായി. ബാർ അസോസിയേഷൻ സിൽവർ ജൂബിലിക്ക് അച്ഛനായിരുന്നു ഓർഗനൈസർ .

അന്ന് അച്ഛൻ കുചേലനായി വന്നു. അതും കൂടി കണ്ടപ്പോൾ താൽപര്യം ഏറി. പച്ച, കത്തി, താടി, കരി, ഹനുമാൻ തുടങ്ങിയ എല്ലാം പഠിച്ചു. കൂടുതലറിയാൻ പുസ്തകങ്ങൾ വായിച്ചു. കഥകളി പഠിക്കാനും തുടങ്ങി.അപ്പോൾ എന്റെ റോൾ എനിക്ക് നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു.കഥകളിയിൽ ആദ്യ ഗുരു കലാനിലയം വാസുദേവൻ പിന്നീട് കലാമണ്ഡലം ശ്രീകണ്ഠ ൻ നായർ ഇപ്പോൾ പഠിപ്പിക്കുന്നത് കലാമണ്ഡലം വിജയൻ .
കുചേല വേഷത്തില്‍ സന്തോഷം
എനിക്കിപ്പോൾ 88 വയസ്സായി. കഴിഞ്ഞ 36 വർഷമായി ഗുരുവായൂരിൽ കുചേല ദിനത്തിന് കുചേലനെ അവതരിപ്പിക്കുന്നു. കൃഷ്ണന്റെ മുൻപിൽ നിൽക്കുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്. കോവിഡ് കാലത്തിന് മുൻപുവരെ ക്ഷേത്രങ്ങളിലും ക്ലബ്ബുകളിലുമൊക്കെ കഥകളി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഗുരുവായൂരിൽ മാത്രം.
ഗുരുവായൂരിലും മറക്കാൻ കഴിയാത്ത അനുഭവം ഉണ്ടായി. രണ്ട് തവണ പരിപാടിക്ക് മുൻപ് എന്തോ കാരണം കൊണ്ട് ഛർദ്ദിൽ ഉണ്ടായെങ്കിലും ഒരു പ്രശ്നവുമില്ലാതെ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞു. മൂന്നുതവണ എനിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ പോകാറില്ല. 3 വർഷമായി വീട്ടിൽത്തന്നെയാണ്.

മരുമകളോടൊപ്പം വേദിയിൽ
എന്റെ മരുമകൾ ചിത്രാ രാമസ്വാമിയും 10 വർഷമായി കഥകളി പഠിക്കുന്നു. നൃത്തം ഇഷ്ടപ്പെട്ടിരുന്ന ചിത്രക്ക്ആദ്യം കഥകളിയിൽ താൽപര്യമില്ലായിരുന്നു. പഠിച്ച് തുടങ്ങിയപ്പോൾ നല്ല താൽപര്യമായി. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് പലപ്പോഴും വേദിയിലെത്തിയിട്ടുണ്ട്.

ഞാൻ കുന്തിയായി വേഷമിട്ടതാണ് എനിക്കിതു വരെ ഏറ്റവും സന്തോഷം നൽകിയ ഒന്ന് .കാരണം അതത്രക്കും ഭംഗിയാകുമെന്ന് ഞാൻ തന്നെ വിചാരിച്ചിരുന്നില്ല. ഇനിയും എന്‍റെയൊപ്പം എന്നും കഥകളിയും കൂട്ടായുണ്ടാകും.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment