വഴിത്തിരിവുകള്‍

സുഭാഷും സുമേഷും; ജീവിത വഴിത്തിരിവുകളില്‍

ജീവിതം വിചിത്രമായ ഒരു പ്രതിഭാസമാണ്. ചിലർ ജനിക്കുന്നത് തന്നെ സൗഭാഗ്യത്തിന്റെ മടിത്തട്ടിലായിരിക്കും. ഭൗതിക സാഹചര്യം, പ്രിവിലേജ് അവസരങ്ങൾ ഇവയൊക്കെ അവർക്ക് ലഭിച്ചു കൊണ്ടെയിരിക്കും.
എന്നാൽ വേറെ ചിലർക്ക് നേരിടേണ്ടി വരുന്നത് പ്രതികൂല സാഹചര്യങ്ങളുടെ പരമ്പരയായിരിക്കും. തടസ്സങ്ങളിൽ തട്ടി പലരും ജീവിതത്തിന്റെ പുറമ്പോക്കിൽ നിശ്ശബ്ദരാകും. എന്നാൽ ചുരുക്കം ചിലർ മാത്രം കഠിനമായ പ്രയത്നത്തിലൂടെയും അചഞ്ചലമായ ആത്മവിശ്വാസത്തിലൂടെയും ജീവിതത്തിൽ ലക്ഷ്യം നേടും. പൊരുതി നേടിയ വിജയത്തിന് മാധുര്യവുമേറും.

ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലുമൊക്കെ ആയിത്തീർന്ന അപൂർവ സഹോദരൻമാരാണ് സുഭാഷ് ചന്ദ്രനും സുമേഷ് ചന്ദ്രനും.ഇവിടെ സ്വന്തം കഥയും അനിയന്റെ കഥയും ഒരുമിച്ച് പറയുകയാണ് സുഭാഷ് ചന്ദ്രൻ .


അച്ഛൻറെ  സിനിമ  ലഹരി

 കുട്ടിക്കാലം മുതലേ പാട്ടും അഭിനയവും കണ്ടു വളർന്ന ഞങ്ങൾ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ സ്വപ്രയത്നം മാത്രമാണ് അതിനു പ്രധാന കാരണം. സിനിമ കാണൽ അല്ലാതെ സിനിമാ ലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ശിപാർശക്കും ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ ജനിച്ചത് കാക്കനാട് അടുത്തുള്ള പഴന്തോട്ടത്ത് . 

അച്ഛൻ ചന്ദ്രനും അമ്മ ശാന്തക്കും ഞങ്ങൾ രണ്ടാൺമക്കൾ. രണ്ട് വയസ്സ് പ്രായവ്യത്യാസം. കുഞ്ഞു വീട്ടിലെ കുടുസ്സു മുറിയിൽ തബലയും ഹാർമോണിയവും കണ്ടായിരുന്നു ഞങ്ങളുടെ വളർച്ച. പണ്ടത്തെ വില്ലടിച്ചാംപാട്ടിൽ ഒരു ഹാസ്യ കഥാപാത്രമുണ്ട്. അത് എന്റെ അച്ഛനായിരുന്നു ചെയ്തിരുന്നത്. അതു മാത്രമല്ല. നാടകത്തിന്റെയും ഡാൻസിന്റേയും റിഹേഴ്സൽ നടന്നിരുന്നത് ഞങ്ങളുടെ വീട്ടിലാണ്. സ്വാഭാവികമായും ഞങ്ങളും കല ആസ്വദിച്ചു തുടങ്ങി. 




തലയ്ക്കു പിടിച്ചു എന്നു പറയുന്നതാവും കൂടുതൽ ഉചിതം. അച്ഛന് സിനിമ ഒരു ലഹരിയായിരുന്നു. ശനിയാഴച്ച വരെ പണിയെടുത്ത് കിട്ടുന്ന കൂലി ഞായറാഴ്ച്ച പൊടിച്ചു തീർക്കുക പതിവാണ്. മുൻകരുതൽ ഒന്നുമില്ല. 

'ഞായറാഴ്ച്ച പഴന്തോട്ടത്തിൽ നിന്നും എറണാകുളത്തേക്ക് സിനിമ കാണാൻ എത്തും. സത്യം പറഞ്ഞാൽ ആ കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്നും സിനിമ കാണാനായി നഗരത്തിലേക്ക് വരുന്നത് ഞങ്ങൾ മാത്രമായിരുന്നു. ഒരു ദിവസം മൂന്നു സിനിമ വരെ കണ്ടിട്ടുണ്ട്. തിരിച്ചു പോകുന്നതും കാത്ത് കൂട്ടുകാരും നാട്ടുകാരും കാത്തിരിക്കും. കഥ കേൾക്കാൻ . അതായിരുന്നു ഞങ്ങളുടെ ബാല്യം. 


സുമേഷ് പതിയെ ഉയരങ്ങളിലേക്ക് 

സ്വാഭാവികമായും പഠിപ്പിനേക്കാൾ പാട്ടും സിനിമയോടുമായി താൽപര്യം. അനുജൻ സുമേഷ് രാവിലെ ചീപ്പും പിടിച്ച് കണ്ണാടിക്ക് മുൻപിൽ രണ്ട് മണിക്കൂറോളം നിൽക്കും. പല നടൻമാരുടെ ശബ്ദങ്ങളും ഭാവങ്ങളും കടന്നു വരും. സ്ക്കൂളിൽ മിമിക്രി, മോണോ ആക്റ്റ്, ലളിതഗാനം എല്ലാറ്റിനും ഒന്നാം സമ്മാനവും ലഭിച്ചു തുടങ്ങി. ഇതിനിടയിൽ അച്ഛൻ ടി വി യും വി.സി ആറും ഞായറാഴ്ച്ചകളിൽ വാടകക്കെടുത്ത് പുറത്തെ തിണ്ണയിൽ സിനിമ വെച്ചു തുടങ്ങി. നാട്ടുകാർ മുഴുവൻ മുറ്റത്ത്. അതിനിടെ വലിയ പരിക്കില്ലാതെ പത്താം തരം ചാടിക്കടന്നു. രണ്ടു പേരും തുടർ പഠനത്തിന് ചേർന്നെങ്കിലും പകുതിക്ക് വെച്ചു തന്നെ അവസാനിപ്പിച്ചു. 

സുമേഷ് പതിയെ ഉയരങ്ങളിലെത്താൻ തുടങ്ങി. പള്ളിക്കെട്ട് ശബരിമലക്ക്, ശങ്കരാഭരണം ഇതൊക്കെ പാടിയാൽ നോട്ടുമാല ഉറപ്പായി. ഞാനും കോറസ്സായി ചേർന്നു. ഞാൻ ജനിക്കുന്നതിന് മുൻപേ പ്രതിഭ ആർട്സ് ആന്റ് സ്പോർട്സ് എന്ന പേരിൽ ഒരു ക്ലബ്ബുണ്ടായിരുന്നു. ഞങ്ങൾ പഴന്തോട്ടം പ്രതിഭ എന്ന പേരിൽ ഒരു ട്രൂപ്പുണ്ടാക്കി. കല്യാണ വീടുകൾ, പള്ളി, അമ്പല പരിപാടികൾ തുടങ്ങി എല്ലാം കയ്യടക്കി. മിമിക്രി, മോണാ ആക്റ്റ് കൂടാതെ പാട്ടും. കുറച്ചു പാട്ടുകാരെയും ട്രൂപ്പിൽ ചേർത്തു. വീട്ടിൽ പ്രാക്ടീസ്. പതിയെ ട്രൂപ്പ് അറിയപ്പെട്ടു തുടങ്ങി. പാഷാണം ഷാജി, പക്രു ചേട്ടൻ എന്നിവരുടെ പട്ടികയിൽ സുമേഷും ഇടം പിടിച്ചു. അവരുടെ കൂടെ പോയിത്തുടങ്ങി. 




സാധാരണക്കാരായ ഞങ്ങൾക്ക് സിനിമാ മേഖലയിൽ എത്തിപ്പെടുക എന്നത് ഏറെ ദുഷ്ക്കരമായിരുന്നു. ജീവൻ ടി.വി, കൈരളി ,സൂര്യ ചാനലുകളിൽ സുമേഷ് കയറിയെങ്കിലും മിമിക്രിക്കുള്ള അവസരം കുറവായിരുന്നു. ഞങ്ങൾ അപ്പോൾ ട്രൂപ്പിന്റെ പേരു മാറ്റി കൊച്ചിൻ പ്രതിഭ എന്നാക്കി. കൂടാതെ ഞാൻ ഇവന്റ് മാനേജ്മെന്റ് ചെയ്തു തുടങ്ങി. ലുലു, സെൻട്രൽ മാൾ ഒബ്റോൺ മാൾ എല്ലായിടത്തും സുമേഷ് നയിക്കുന്ന പരിപാടികൾ . ഓരോ വിശേഷ അവസരങ്ങൾക്കും അതിനനുസരിച്ച പ്രോഗ്രാമുകൾ . പ്രോഗ്രാമുകളുടെ എണ്ണം കൂടി അതിന്റെ ഡയറക്ടർ എന്ന പേരിൽ ഞാനും അറിഞ്ഞു തുടങ്ങി. ധാരാളം സൗഹൃദങ്ങളുണ്ടായി , ഉണ്ടാക്കി. മഴവിൽ മനോരമയിലെ ഒരു പരിപാടിക്ക് കോഡിനേറ്ററായി. മഴവിൽ മനോരമയിലെ സീസൺ 2 വിൽ സുമേഷ് താരമായി. അങ്ങിനെ ഒന്നുരണ്ടു സിനിമയിൽ സുമേഷ് മുഖം കാണിച്ചു. 

ഡയറക്ടറും കോര്‍ഡിനേറ്ററുമായ ഞാന്‍ 

സമയത്താണ് ഫ്ലവേഴ്സ് ചാനൽ തുടങ്ങുന്നത്. സുമേഷിനെ നേരത്തെ അവർ തീരുമാനിച്ചിരുന്നു. ഞാനും കോര്‍ഡിനേറ്ററായി. അതിൽ ജോലി ചെയ്തു കൊണ്ട് പതിയെ പതിയെ വീട് പണിതു. ചാനലുമായി നല്ല സമ്പർക്കത്തിലായി. ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും മലയാള സിനിമയിലും ഫെഫ്കയിലും മെമ്പർഷിപ്പെടുത്തു. ജാതി മത രാഷ്ട്രീയം നോക്കാതെ ഞങ്ങൾ നാട്ടിൽ എന്തും ചെയ്യുമായിരുന്നു. അങ്ങിനെയാണ് വളരെ സന്തോഷം നൽകിയ സംഭവം ഉണ്ടായത്. 

പഴന്തോട്ടം ഗവൺമെന്റ് സ്ക്കൂളിൽ കുട്ടികൾ കുറഞ്ഞു വരുന്നു. നല്ല അധ്യാപകരുണ്ട്. ഞങ്ങൾ സ്ക്കൂളിന്റെ പേരു വെച്ച ബാനർ വണ്ടിയിൽ തൂക്കി പാട്ടും വെച്ച് എല്ലാ മുക്കിലും മൂലയിലും നിർത്തി വണ്ടിയിൽ നിന്ന് ചാക്യാർ ഇറങ്ങി വന്ന് കുട്ടികളെ വിളിക്കും. ഞാൻ എല്ലാ വീട്ടിലും ഗവൺമെന്റ് സ്ക്കൂളിനെ രക്ഷിക്കണമെന്ന് പറഞ്ഞെഴുതിയ കത്ത് നൽകും. അധ്യാപകർ രക്ഷിതാക്കളെ പറഞ്ഞു മനസ്സിലാക്കും. നൂറ് കുട്ടികളിൽ നിന്ന് അഞ്ഞൂറു കുട്ടികളിലേക്കുയർത്തി. എന്നെ പി.ടി.എ അംഗമാക്കി. പ്രസിഡന്റാക്കി അവസാനം ഏറ്റവും നല്ല പ്രസിഡന്റിനുള്ള ആദരവും ലഭിച്ചു. അതിനേക്കാളെല്ലാമുപരി കുട്ടികൾ ചേർന്നതു തന്നെയായിരുന്നു ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ മക്കളും അവിടെത്തന്നെ പഠിക്കുന്നു. 


കോവിഡ് തകര്‍ത്ത ഉദ്യമം 

ന്റെയും സുമേഷിന്റെയും പ്രണയ വിവാഹമായിരുന്നു. കോവിഡ് കാലത്തിന് തൊട്ടു മുൻപാണ് ഞാനും ഭാര്യ അഞ്ചനയും ചേർന്ന് വിദേശത്ത് മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രോഗ്രാം ചെയ്യാനുള്ള ഏർപ്പാടുകൾ നടത്തിക്കൊണ്ടിരുന്നത് അപ്പോഴാണ് ഇടിത്തീ പോലെ കോവിഡ് എന്ന മഹാമാരിയുടെ വരവ് അതോടെ ആ ഉദ്യമം തകർന്നു തരിപ്പണമായി. എന്നാൽ സുമേഷ് പോകാത്ത വിദേശ രാജ്യങ്ങളില്ല. മമ്മൂട്ടിയോടും മോഹൻലാൽ എം.ജി ശ്രീകുമാർ തുടങ്ങി പലരുടെയുമൊപ്പം വിദേശത്ത് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അനുജനെത്തന്നെയാണ്. ഒരു പാട് ബുദ്ധിമുട്ടിയാണ് ഇവിടെ വരെ എത്തിയത്. സുമേഷിന്റെ മിമിക്രിയും മോണോ ആക്റ്റുമൊക്കെ ടി വി യിൽ കണ്ട് എന്റെ മകനും ഇരിക്കപ്പൊറുതിയില്ലാതായി. അംഗനവാടിയിൽ പുലിമുരുകനും ഷാജി പാപ്പനുമൊക്കെയായി . അങ്ങനെ ഫ്ലവേഴ്സിലും താരമായി.


ഞാൻ സത്യമായും ജിത്തുവാണ്

ങ്ങിനെയിരിക്കെയാണ് കോവിഡ് സമയത്ത് സുമേഷിന് ഒരു ഫോൺ കോൾ. "ഞാൻ ജിത്തു ജോസഫാണ് " പലരും സുമേഷിനെ പറ്റിക്കാൻ വിളിക്കാറുണ്ട്. ആ അനുഭവം വെച്ചു കൊണ്ട് സുമേഷ് ഉടനെ പറഞ്ഞു "ഒന്ന് പോടാപ്പാ ഇതെത്ര കണ്ടിരിക്കുന്നു". "ഞാൻ സത്യമായും ജിത്തുവാണ് ദൃശ്യം ടു വിൽ ഒരു റോൾ തരാൻ ഉദ്ദേശിക്കുന്നു". മോഹൽ ലാൽ ഓക്കെ പറഞ്ഞാൽ എടുക്കുന്നതാണ്. 

അങ്ങിനെ ദൃശ്യത്തിലെ പോലീസുകാരനായി വേഷമിട്ടു. അത് ഒരു പാട് ശ്രദ്ധിക്കപ്പെട്ടു. കോവി ഡ് കാലത്താണ് ഞാൻ വീണ്ടും സീരിയൽ രംഗത്ത് എത്തുന്നത് മഴവിൽ മനോരമയിൽ . ആ വഴിത്തിരിവാണ്  സുമേഷ് ആദ്യമായി നായകനാവുന്ന ജവാനും മുല്ലപ്പൂവും എന്ന സിനിമ വരുന്നതിന്റെ കാരണവും. ഈ മാസം മുപ്പത്തൊന്നിനാണ് സിനിമ റിലീസാകുന്നത്. ഞാനും ഏറെ കഷ്ടപാടുകൾ സഹിച്ച് ലൈൻ പ്രൊഡ്യൂസറായി. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ ഉണ്ട് . അതിലൊന്നാണിത്.




ആത്മവിശ്വാത്തോടെ  മുന്നോട്ട് 

കുഞ്ഞാലിമലക്കാർ എന്ന സിനിമയിൽ അഭിനയിക്കാൻ ഒരു കുട്ടിയെ ആവശ്യമുണ്ട് എന്നറിഞ്ഞ് ട്രാവൻകൂർ കോർട്ടിൽ പോയി. 250 കുട്ടികളിൽ നിന്ന് തിരഞ്ഞെടുത്തത് എന്റെ മകനെ. ഹൈദ്രാബാദ് റാമോജിറാവ് ഫിലിം സിറ്റിയിലേക്ക് എന്റെ കുടുംബം, സുമേഷിന്റെ കുടുംബം, പിന്നെ അച്ഛനും അമ്മയും. അവരാണല്ലോ ഇതിനെല്ലാം കാരണക്കാർ. ഇന്നും ഞങ്ങൾ എല്ലാവരുകൂടിയല്ലാതെ സിനിമക്ക് പോകാറില്ല. അത് ശപഥം പോലെയാണ്. ഞങ്ങളുടെ ബറ്റാലിയൻ കണ്ട ആന്റണി പെരുമ്പാവൂർ ചോദിച്ചു. 

"ഒരു കുഞ്ഞിന്റെ ഒപ്പം ഇത്രയും പേരോ?" 
ഞാൻ ഒറ്റവരിയിൽ പറഞ്ഞു. 
"അവരില്ലെങ്കിൽ ഇന്ന് ഞങ്ങളില്ല. 
ഞങ്ങളുടെ ചിലവ് ഞങ്ങൾ വഹിച്ചോളാം". 

അതൊന്നും വേണ്ടെന്ന് പറഞ്ഞു. അവിടെ  ഫിലിം സിറ്റിയിൽത്തന്നെ അഞ്ച് ദിവസം താമസിക്കാൻ ഞങ്ങൾക്ക് ഹോട്ടലും കറങ്ങാൻ വണ്ടിയും ഏർപ്പാടു ചെയ്തു.  ആരാധനാപാത്രമായ മോഹൻലാലിനെ അച്ഛനും അമ്മയും നേരിട്ടു കണ്ടു , സംസാരിച്ചു. ഫോട്ടോയും എടുത്തു. ഇത്രയൊക്കെ കഠിനാധ്വാനം കൊണ്ട് എത്തിയെങ്കിൽ ഇനിയും എവിടെയെങ്കിലും എത്തപ്പെടും എന്ന ആത്മവിശ്വാസമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്.


തയ്യാറാക്കിയത് ഉമ ആനന്ദ്

Leave A Comment