മൃദംഗമാണ് എന്‍റെ വഴി; കൗശിക് ശ്രീധർ തന്റെ ജീവിത കഥ പങ്കു വെക്കുന്നു
വഴിത്തിരിവുകള്‍
അഞ്ചാം വയസ്സിൽ സ്കൂളിലും മൃദംഗ ക്ളാസിലും ഒരുമിച്ച് പ്രവേശനം. ഇപ്പോൾ ബിരുദത്തോടൊപ്പം മൃദംഗവുമുണ്ട് കൂടെ. ഇതിനിടെ നാനൂറോളം കച്ചേരികൾ . പുരസ്കാരങ്ങൾ. സദസ്സിന്റെ സ്പന്ദനമറിഞ്ഞ് വാദനത്തിൽ വ്യതിയാനം വരുത്തുന്നതിനുള്ള വൈദഗ്ദ്യം .ഇരുപതാം വയസ്സിലും കാത്തുസൂക്ഷിക്കുന്ന തുടക്കക്കാരന്റെ ആവേശം. പഠനത്തിനും ജോലിക്കും മുകളിൽ മൃദംഗ മാണെന്റെ വഴി എന്ന നിശ്ചയ ദാർഢ്യം. കേരളത്തിൽ കുടുംബ വേരുകളുള്ള മറുനാടൻ മലയാളിയായ കൗശിക് ശ്രീധർ മൃദംഗ ത്തോടുത്തുള്ള മമതാബന്ധം നിറഞ്ഞ തന്റെ ജീവിത കഥ പറയുന്നു.
മൃദംഗം കണ്ടാണ് വളർന്നത്
അച്ഛൻ ശ്രീധർ ഗോപാലകൃഷ്ണനും അമ്മ രഞ്ചിനിക്കും ഞാൻ ഏക മകൻ. എന്റെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയും സംഗീതജ്ഞർ മാത്രമല്ല ഓൾ ഇൻഡ്യാ റേഡിയോ ആർട്ടിസ്റ്റു കൂടിയായിരുന്നു. ഇപ്പോഴും അവർ പാടാത്ത ദിവസമില്ല. എന്നാൽ എനിക്ക് വളരെ ചെറുപ്പം മുതലേ മൃദംഗത്തിലായിരുന്നു താൽപര്യം. വീട്ടിൽ ഞാൻ ജനിച്ച മുതലേ മൃദംഗം കണ്ടാണ് വളർന്നത്.
അച്ഛൻ മൃദംഗം പഠിച്ചിരുന്നെങ്കിലും അധികം പഠിക്കാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ എന്നും ഭജൻസ് കേട്ടു വളർന്ന എനിക്ക് ഫാസ്റ്റ് ബീറ്റുകൾ കൗതുകമായി. പിന്നീടത് ഹരമായി. ഞാൻ മൃദംഗത്തിൽ താളം പിടിക്കാൻ തുടങ്ങി. അത് കണ്ട് എന്നെ അഞ്ചാം വയസ്സിൽ മൃദംഗം പഠിക്കാൻ ചേർത്തു. വിദ്വാൻ എം.ടി രാജ കേസരി സാറായിരുന്നു ആദ്യ ഗുരു. പിന്നീട് വിദ്വാൻ എസ്.വി.ബാലകൃഷ്ണൻ സാറിന്റെ ശുപാർശ പ്രകാരം വിനയ് നാഗരാജൻ സാറിന്റെ കീഴിൽ പഠിച്ചു തുടങ്ങി.

ആദ്യ കച്ചേരി എഴാം ക്ലാസിൽ പഠിക്കുമ്പോൾ
സ്ക്കൂളിലെ എല്ലാ പരിപാടികൾക്കും മൃദംഗം വായിക്കേണ്ട ചുമതല എനിക്കായി. കുട്ടികളുടെ ഭയമകറ്റാൻ സംഗീത ക്ലാസിൽ ഇടയ്ക്ക് പരിപാടികൾ നടത്തുമായിരുന്നു. എഴാം ക്ലാസിൽ പഠിക്കുമ്പോൾ ഗംഭീര ഗായികക്ക് ആദ്യമായി കച്ചേരിക്ക് പക്കമേളം വായിച്ചു. അതിൽ വലിയ ആത്മവിശ്വാസം തോന്നി. ഒരിക്കൽ തൃശ്ശൂർ ബ്രദേഴ്സിന്റെ കച്ചേരി കേൾക്കാൻ ഇടയായി. സംഗീതത്തെ സ്നേഹിക്കുന്നവർക്ക് അവരെയും തീർച്ചയായും അറിയും.

ഓറഞ്ച് നിറത്തിലുള്ള കുർത്ത ഇട്ടിരിക്കുന്ന തൃശ്ശൂർ മോഹൻ സാറെ കണ്ടപ്പോൾ സായിബാബയെപ്പോലെ തോന്നി. അച്ഛനും അമ്മയ്ക്കും ജോലി ബാഗ്ലൂരായതിനാൽ ചെന്നൈയിൽ താമസിക്കുന്ന സാറിൽ നിന്നും സ്കൈപ്പുവഴിയേ പഠിക്കാൻ കഴിയു. നേരിട്ടു മാത്രം പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്ന എന്നോട് അച്ഛനും അമ്മയും സ്കൈപ്പുവഴി ഒന്ന് ശ്രമിക്കാൻ പറഞ്ഞു. രണ്ടും കൽപ്പിച്ച് സാറെ കാണാൻ പോയി. അന്ന് ഞാൻ സ്ക്കൂൾ വിദ്യാർത്ഥിയാണ്. എന്തിനും കൂടെ അച്ഛനും അമ്മയും ഉണ്ട്. സാറിന്റെ മുൻപിലിരുന്ന് തനിയാവർത്തനം വായിച്ചു. സാറിനത് ഇഷ്ടമായി. അങ്ങനെ 2014 ഒക്ടോബർ 10 ന് തുടങ്ങിയ ക്ലാസ് ഇന്നും തുടരുന്നു.
അംഗീകാരങ്ങൾ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്
സ്ക്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ സംഗീത ലോകത്തെ പ്രധാനപ്പെട്ട മൂന്ന് അംഗീകാരങ്ങളും ലഭിച്ചു. 2018 ൽ മദ്രാസ് മ്യൂസിക് അക്കാദമി നടത്തിയ മൽസരത്തിൽ ഒന്നാം സ്ഥാനം. അത് ജീവിതത്തിലെ പ്രധാന വഴിത്തിരിവായി. കാരണം അത്രയ്ക്കും പ്രഗൽഭരായ മത്സരാർത്ഥികൾ തമ്മിലാണ് അവിടെ മാറ്റുരക്കുന്നത്. 27 പേർ പങ്കെടുക്കാനുണ്ടായിരുന്നു. പിന്നെ രസിക രഞ്ചനി സഭ ട്രിച്ചി നടത്തിയ മത്സരത്തിലും ഒന്നാം സ്ഥാനം , ലക്ഷ്മീ നാരായണ അവാർഡ്. ലൈവ് ഫോർ യു പുരസ്ക്കാരം.

തുണയായി മാതാപിതാക്കൾ
ഈ നേട്ടങ്ങൾക്കൊക്കെ എനിക്ക് കൂട്ടുനിന്നത് എന്റെ അച്ഛനും അമ്മയുമാണ്. അവർ ഒരിക്കലും പഠനത്തിൽ റാങ്ക് വാങ്ങണം, ഒന്നാമതാകണം, ആദ്യ പരിഗണന പഠനത്തിന് നൽകണം എന്നൊന്നും പറഞ്ഞിട്ടില്ല. എന്റെ താൽപര്യങ്ങൾക്ക് തുണയായി എന്നും നിൽക്കുന്നു. ഇപ്പോൾ എന്റെ ബി.കോം പഠനം പൂർത്തിയായി. ജോലിക്ക് പോകാനൊരുങ്ങുന്നു. ഈ കാലയളവിൽ എനിക്ക് കേരളത്തിലും ഇൻഡ്യയിലും വിദേശത്തുമായി നാനൂറോളം കച്ചേരികൾക്ക് മൃദംഗം വായിക്കാനുള്ള ഭാഗ്യമുണ്ടായി.

ഗുരുക്കൻമാരുടെ നല്ല ഉപദേശങ്ങൾ ലഭിച്ചു. സ്ക്കൂളിൽ പഠിക്കുമ്പോൾ ഡ്രംസും പഠിച്ചിരുന്നു. ഇനിയും പലതും പഠിക്കണമെന്നുണ്ട്. എന്തായാലും താളത്തോടെ തന്നെ ജീവിത വഴിയിൽ യാത്ര തുടരും .
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment