കലാലോകത്തെ പ്രിയരഞ്ജിനിയുടെ വഴിത്തിരിവുകള്‍
വഴിത്തിരിവുകള്‍
ഭാരതീയ ദർശനമനുസരിച്ച് കലകൾ 64 ആണ്. ബഹുഭൂരിപക്ഷം പേരും ഏതെങ്കിലും ഒരു കലയിൽ പ്രാവീണ്യമുള്ള ആളായിരിക്കും വളരെ ചുരുക്കം ചിലർ മാത്രം പല കലകളിൽ പ്രാഗൽഭ്യം തെളിയിക്കും അവരെ സകലകലാവല്ലഭൻ എന്നാണ് ആലങ്കാരികമായി വിശേഷിപ്പിക്കാറുള്ളത്. ചിത്രം വര പെയ്ന്റിങ്ങ് ശിൽപ്പം കവിത കാർട്ടൂൺ അനിമേഷൻ എന്നീ മേഖലകളിൽ ചെറിയ പ്രായത്തിൽത്തന്നെ കഴിവ് തെളിയിച്ച പ്രിയരഞ്ജിനി എന്ന സകലകലാവല്ലഭ തന്‍റെ ജീവിത കഥ പങ്കുവെക്കുന്നു.
ഉറുമ്പുമണ്ണില്‍ വിരിഞ്ഞ ആദ്യ ശില്‍പ്പം
അച്ഛൻ രാമകൃഷ്ണനും അമ്മ ചന്ദ്രമതിയമ്മയ്ക്കും ജനിച്ച ഇരട്ടകളിൽ ഒരാളാണ് ഞാൻ. കൂടെപ്പിറന്നത് പ്രിയദർശിനി. ഒരനുജനും കൂടി ഞങ്ങൾക്കുണ്ട്. പ്രവീൺ കുമാർ. അഞ്ച് വയസ്സു വരെ ഒറീസ്സയിലായിരുന്നു. അതിന് ശേഷം തൃശ്ശൂരിൽ തന്നെ. അഞ്ചാം ക്ലാസിൽ പഠിക്കുമോഴാണ് വരക്കണമെന്ന അതിയായ ആഗ്രഹം ഉടലെടുക്കുന്നത്. എന്നാൽ അതിനുള്ള ആത്മവിശ്വാസം എന്നിൽ നിറഞ്ഞത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്.
പത്താം തരം പരീക്ഷ കഴിഞ്ഞപ്പോൾ കളിമണ്ണിനു പകരം ഉറുമ്പു മണ്ണുകൊണ്ട് ശില്പങ്ങളുണ്ടാക്കി പരീക്ഷിച്ചപ്പോൾ ശില്പങ്ങളോടും ഇഷ്ടം തോന്നിത്തുടങ്ങി. അങ്ങനെ പ്രീഡിഗ്രി കഴിഞ്ഞതും തൃശ്ശൂർ ഫൈൻ ആർട്ട്സ് കോളേജിൽ ചേർന്നു. 1999 ൽ പഠനം പൂർത്തിയാക്കി. 2000 മുതൽ ചിത്രകലാ അധ്യാപികയായി. രണ്ട് സ്ക്കൂളുകളിൽ ആർട്ട്സും ക്രാഫ്റ്റും പഠിപ്പിച്ചിട്ടുണ്ട്. 2005 ൽ തിരുവനന്തപുരത്തെ സീ ഡിറ്റിൽ ഡിപ്ലോമാ കോഴ്സിന് ചേർന്നു.

അനിമേഷൻ പരമ്പരകളുടെ ഭാഗം
2006 ൽ 2 ഡി അനിമേറ്ററായി ടെക്നോപാർക്കിലും കിൻഫ്രാ പാർക്കിലും പല അനിമേഷൻ പരമ്പരകളുടെ ഭാഗമാകാൻ കഴിഞ്ഞു. ടെലിവിഷനിലെ അനിമേഷൻ പരമ്പരകളായ ശക്തിമാൻ , കുംഭകർണ് , കൃഷ് തുടങ്ങി ധാരാളം അനിമേഷന് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് പെയിന്റിങ്ങിലേക്കും കവിത എഴുത്തിലേക്കും കാർട്ടൂണിലേക്കും തിരിഞ്ഞത്. കാർട്ടൂണുകളും എഴുത്തുകളും പ്രസിദ്ധീകരണങ്ങളിൽ വന്നുതുടങ്ങി. 2012 ൽ കേരള ലളിതകലാ അക്കാദമിയുടെ പെയിന്റിങ്ങ് സ്റ്റേറ്റ് എക്സിബിഷനുകളിലും റിലീഫ് ശിൽപകലാ ടെറാകോട്ടാ നാഷണൽ ക്യാമ്പുകളിലും പങ്കെടുത്തു.

കലാകാരി എന്ന നിലയിൽ ഞാൻ സംതൃപ്ത
2016 ലെ ബിനാലെയുടെ ഭാഗമാകാനും കഴിഞ്ഞു. 2016-17ലെ കേന്ദ്ര മന്ത്രാലയത്തിലെ സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള സീനിയർ ഫെല്ലോഷിപ്പ് വിഷ്വൽ ആർട്ടിൽ ലഭിച്ചു. മെറ്റലുകൾ കൊണ്ടും ശിൽപങ്ങളുണ്ടാക്കുന്നതിൽ വിജയിച്ചു. ഇപ്പോൾ അച്ഛനമ്മയ്ക്കൊപ്പം തൃശ്ശൂരിൽ താമസിച്ചു കൊണ്ട് ഫ്രീലാൻസ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു.

ഒരു കലാകാരി എന്ന നിലയിൽ ഞാൻ സംതൃപ്തയാണ്. അതെ സമയം കലാ സൃഷ്ടികളുടെ കാര്യത്തിൽ കൂടുതൽ സംതൃപ്തിക്കു വേണ്ടിയുള്ള യാത്രയിലാണ് ഞാൻ.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment