വഴിത്തിരിവുകള്‍

119ഉം കടന്ന് സഹോദരന്മാരുടെ ക്ഷേത്ര നിർമ്മാണം

വഴിത്തിരിവുകൾ 

ന്ത്യൻ സംസ്കാരത്തിന്റെ മഹത്തായ പൈതൃകം വിളിച്ചു പറയുന്ന ദീപസ്തംഭങ്ങളാണ് ക്ഷേത്രങ്ങൾ. ആദ്യ കാലത്ത് ക്ഷേത്രങ്ങൾ അധികാര കേന്ദ്രങ്ങളുമായിരുന്നു.
ക്ഷേത്ര നിർമാണമെന്നത് സങ്കീർണമായ പ്രക്രിയയാണ്. അതൊരു തൊഴിലല്ല. ക്ഷേത്രങ്ങളിൽ ചൈതന്യം കുടികൊള്ളണമെങ്കിൽ സ്വയം സമർപ്പിതമായിട്ടു വേണം ചെയ്യുവാൻ -
ഉളിയനൂർ പെരുന്തച്ചന്റെ ക്ഷേത്ര നിർമാണ വൈദഗ്ദ്യം ഇപ്പോഴും നിത്യ വിസ്മയമാണ്. ക്ഷേത്ര നിർമാണത്തിന് അവസരം ലഭിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായിട്ടാണ് ശിൽപ്പികൾ കരുതുന്നത്.

ക്ഷേത്രങ്ങൾ മാത്രം നിർമിക്കുന്ന ജോലി ജീവിത വ്രതമായി എടുത്തിട്ടുള്ള അപൂർവ സഹോദരൻമാർ കേരളത്തിലുണ്ട്. 119 ക്ഷേത്രങ്ങൾക്ക് ശ്രീകോവിൽ പണിത് സാംസ്കാരിക ചരിത്രത്തിൽ ഇടം പിടിച്ച ബൈജു ഗോപാലകൃഷ്ണൻ ആചാരിയും സുനിൽ ഗോപാലകൃഷ്ണൻ ആചാരിയും സ്വന്തം ജീവിത കഥ പങ്കു വെക്കുന്നു. അമ്പരപ്പിക്കുന്ന ആ ജീവിതം ബൈജു ഗോപാലകൃഷ്ണൻ ആചാരിയുടെ വാക്കുകളിൽ..

.

ബൈജു ഗോപാലകൃഷ്ണൻ ആചാരി


മാള തൻകുളം വാണിയപ്പിള്ളി വീട്ടിൽ ഗോപാലകൃഷ്ണന്റെയും സരസ്വതിയുടേയും അഞ്ചു മക്കളിൽ നാലാമനാണ് ഞാൻ . എന്റെ സ്ക്കൂൾ വിദ്യാഭ്യാസം മാളയിലും പ്രീഡിഗ്രി പഠനം കൊടുങ്ങല്ലൂരുമായിരുന്നു. പത്താം തരം മുതൽ അവധി ദിവസങ്ങൾ അച്ഛനോടൊപ്പം പണിക്ക് പോയിരുന്നു. കെട്ടിടം പണിയായിരുന്നു അച്ഛന്. വീടുകളിൽ ചിത്രപ്പണികൾ അച്ഛൻ മനോഹരമായി ചെയ്തിരുന്നു. കുറച്ചു കാലം അച്ഛന്റെ ഒപ്പം നിന്നെങ്കിലും ഞാൻ സെറാമിക് മോൾഡിങ്ങിലേക്ക് മാറി. പിന്നീട് ആറു വർഷത്തോളം തമിഴ് നാട്ടിൽ ജോലി നോക്കി. അവസാനം മാളയിലേക്ക് തന്നെ തിരിച്ചെത്തി. കൽപ്പണിയിലേക്ക് തന്നെ മടങ്ങി. അച്ഛൻ പ്രായാധിക്യം കാരണം പണിക്ക് പോക്ക് നിർത്തിയിരുന്നു. 

തുടക്കം ചക്കാംപറമ്പിൽ നിന്ന് 

ക്ഷേത്രനിർമ്മിതിയിലേക്ക് വളരെ യാദൃശ്ചികമായാണ് വന്നുപെട്ടത്. ചക്കാംപറമ്പ് ദേവീക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ അറ്റകുറ്റപണികൾക്കായിരുന്നു ആദ്യം അവസരം ലഭിച്ചത്. ചെയ്യാൻ കഴിയുമെന്ന ഉറച്ചവിശ്വാസമുള്ളതു കൊണ്ടു തന്നെ എന്റെ നേരെ താഴെയുള്ള സഹോദരൻ സുനിലിനെയും കൂട്ടി ചെന്നു. കുമ്മായം കൊണ്ടുള്ള തേപ്പായിരുന്നതിനാൽ മൊത്തം പൊളിക്കേണ്ട അവസ്ഥ വന്നു. സ്ഥാനപതി കൊടുങ്ങല്ലൂർ മധു ആചാരിയായിരുന്നു. അദ്ദേഹത്തിന്റെ കണക്ക് പ്രകാരം ശ്രീകോവിൽ പുനർ നിർമ്മിച്ചു. മധു ആചാരിക്ക് തൃപ്തിയായി. അദേഹം പറഞ്ഞു ക്ഷേത്രനിർമ്മാണത്തിന് താൽപര്യമുണ്ടെങ്കിൽ തുടരാം.. പതിനേഴ് വർഷം മുൻപ് നടന്ന സംഭവമാണിത്. അവിടുന്നു തുടങ്ങിയതാണ്. കുറച്ചു കാലം മധു ആചാരിക്കൊപ്പം ക്ഷേത്രനിർമ്മാണം നടത്തി. പിന്നീട് സ്വയം ചെയ്തു തുടങ്ങി. എന്നാൽ ഇപ്പോഴും അദ്ദേഹവുമായി ബന്ധമുണ്ട്.

 


സെറാമിക് മോൾഡിങ്ങ് സഹായകമായി 

119 ക്ഷേത്രങ്ങൾക്ക് ശ്രീ കോവിലുകൾ പണിതു.  ഒട്ടുമുക്കാലും പുതിയതായി പണിതവയാണ്. സെറാമിക് മോൾഡിങ്ങ് പഠിച്ചതു കൊണ്ട് ചിത്രപ്പണികൾക്ക് അത് ഗുണകരമായിട്ടുണ്ട്. അന്ന് കൂടെ കൂട്ടിയ അനുജൻ ഇന്നും വലം കൈയ്യായി ഒപ്പമുണ്ട്. കൂടാതെ ഞങ്ങൾക്കൊപ്പം പണിയാൻ രണ്ടു പേർ കൂടി ഉണ്ട്. ഞങ്ങൾ ജ്യേഷ്ഠാനുജൻമാർ തമ്മിൽ  ചർച്ച ചെയ്തിട്ടാണ് എല്ലാം തീരുമാനിക്കുന്നത്. ശ്രീകോവിലിന്റെ ചിത്രപ്പണികളാണ് പ്രധാനമായും ചെയ്യുന്നത്. 

കൊടുങ്ങല്ലൂരമ്മയുടെ ഉപാസകനായ എനിക്ക് ഈ ജോലി ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. കൊത്തുപണികളിൽ താൽപര്യമുള്ളതു കൊണ്ടു തന്നെ ക്ഷേത്രനിർമ്മാണത്തി.ൽ കൂടുതൽ മനോഹാരിത നൽകാൻ കഴിയുന്നുണ്ട്. ചെമ്പുച്ചിറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭദ്രകാളിക്കുള്ള ശ്രീകോവിലിന്റെ നിർമ്മാണത്തിലാണിപ്പോൾ. ഭാര്യ മിനി. മക്കൾ അതുല്യ ദേവി, അതുൽദേവ്.

സുനിൽ ഗോപാലകൃഷ്ണൻ ആചാരി


ചേട്ടൻ എവിടെയാണോ പഠിച്ചത് അവിടെത്തന്നെയാണ് എന്റെ പഠനവും നടന്നത്. എന്നാൽ ബാച്ചും വർഷവും മാറി എന്നു മാത്രം. പഠനം പൂർത്തിയായതും ഞാൻ ജോലിക്കായി ഗുജറാത്തിലെത്തി. കുറച്ചു കാലം കഴിഞ്ഞതും ഞാനും മാളയിൽത്തന്നെ തിരിച്ചെത്തി. അച്ഛന്റെ കഴിവ് ചേട്ടനും എനിക്കും കിട്ടിയതു കൊണ്ടാവണം ഞങ്ങൾക്ക് ഇത്രയും കാലം ഒരുമിച്ച് ജോലിയിൽ തുടരാൻ കഴിഞ്ഞത്. ഇനി ചെയ്യാൻ പോകുന്ന ഓരോ ശ്രീകോവിലിന്റെ നിർമ്മാണവും ഓരോ അനുഭവമാണ്.

 

കൈലാസ ക്ഷേത്രമെന്ന സംഭവം 

റുവർഷം മുൻപ് നടന്ന സംഭവമാണ്. കൊടകരയാണ് സ്ഥലം. ക്ഷേത്രത്തിന് വേണ്ടിയുള്ള തറ പണിയാനാണ് ചെന്നത്. പിന്നെ അത് മഹാസംഭവമായി മാറി. ക്ഷേത്രം തന്നെ പണിതു. കൈലാസ ക്ഷേത്രമെന്നാണ് അതിന്റെ പേര്. അവിടെ ശിവരാത്രിക്ക് ഭക്തർക്ക് നേരിട്ട് അഭിഷേകം നടത്താനുള്ള അവസരം ലഭിക്കും. ഈ മേഖലയിലേക്ക് വന്നപ്പോൾ ഞങ്ങളെ പലരും തിരിച്ചറിഞ്ഞു തുടങ്ങി. അംഗീകരിക്കപ്പെട്ടു തുടങ്ങി. തുടർന്നുള്ള ജീവിത യാത്രയും ഇതേ വഴിയിലൂടെ തന്നെ.  ഭാര്യ രജനി. മകൻ സൂര്യ കൃഷ്ണ 


തയ്യാറാക്കിയത് ഉമ ആനന്ദ് 

Leave A Comment