വഴിത്തിരിവുകള്‍

ശോഭയുടെ ആത്മാവിഷ്കാര കവിതകൾ

വഴിത്തിരിവുകൾ 

ജാതിയെന്ന ഭയങ്കര രോഗത്തെ 
മര്‍ത്യചിന്തയില്‍ നിന്നകറ്റീടുവാന്‍
സ്‌നേഹമെന്ന ദിവ്യൗഷധം നല്‍കി നീ
സോദരത്വേന വാഴിച്ച സദ്ഗുരോ "

ഗുരുദേവനെക്കുറിച്ച് ഈ വരികള്‍ എഴുതിയത് ഇപ്പോള്‍ അറുപത്തിമൂന്നു വയസ്സുള്ള, ആറാം ക്ലാസ്സ് വരെ മാത്രം പഠിച്ചിട്ടുള്ള ശോഭ എന്ന വീട്ടമ്മയാണ്. അവരുടെ കവിതകള്‍ ആരും വായിച്ചിട്ടില്ല. കാരണം അവര്‍ പ്രസിദ്ധീകരിക്കാനായി ഇതുവരെ അയച്ചുകൊടുത്തിട്ടില്ല. അവര്‍ കവിത എഴുതുന്നത് ആത്മസംതൃപ്തിക്കുവേണ്ടി മാത്രം. മൂന്ന് ആൽബങ്ങൾക്കു വേണ്ടി വരികളെഴുതിയ ആരുമറിയാത്ത കവയത്രി തന്റെ ജീവിത കഥ പറയുന്നു.


അക്ഷരങ്ങളെ സ്നേഹിച്ച ദാരിദ്ര്യ കുട്ടികാലം 

ഞാന്‍ ആദ്യമായി കവിത വായിച്ചത് രണ്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. മലയാളം പാഠപുസ്തകത്തിലെ തൂമ തൂകുന്ന തൂമരങ്ങള്‍, തോളും തോളുമുരുമ്മിനിന്നും എന്ന കവിത. അതെനിക്ക് ഇപ്പോഴും കാണാപ്പാഠമാണ്. അപ്പോള്‍ മുതല്‍ ഞാന്‍ കവിതയെ ഇഷ്ടപ്പെട്ടുതുടങ്ങി. ഇന്നും ആ ഇഷ്ടം തുടരുന്നു.

ഞാന്‍ പഠിച്ചത് ആറാം ക്ലാസ് വരെ മാത്രമാണ്. കൊങ്ങോര്‍പ്പിള്ളി ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. എന്റെ അച്ഛനും അമ്മയ്ക്കും നാലുമക്കള്‍. അതില്‍ മൂത്തകുട്ടിയായിരുന്നു ഞാന്‍. അച്ഛന്‍ ദാമോദരന് ബീഡി തെറുപ്പായിരുന്നു ജോലി. വരുമാനം വളരെ തുച്ഛമായിരുന്നു. ദാരിദ്ര്യത്തിന്റെ കൊടുമുടിയിലായിരുന്നു എന്റെ കുട്ടിക്കാലം. എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ സഹോദരങ്ങളെ എന്നെ ഏല്‍പ്പിച്ച് ഞാറുനടീലിനും കൊയ്യാനുമൊക്കെ പോയിത്തുടങ്ങി. അങ്ങനെ ആറാം ക്ലാസ്സില്‍ എന്റെ പഠനം അവസാനിച്ചു. പിന്നെ സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസ്സുകള്‍ വായിച്ചാണ് സന്തോഷം കണ്ടെത്തിയിരുന്നത്. 




പുസ്തകങ്ങള്‍ വാങ്ങാന്‍ അച്ഛനു കഴിവില്ലായിരുന്നെങ്കിലും അച്ഛന്‍ നല്ലൊരു വായനക്കാരനും ചിത്രകാരനുമായിരുന്നു. പെന്‍സില്‍ കൊണ്ട് ധാരാളം ചിത്രങ്ങല്‍ വരയ്ക്കും അച്ഛന്‍ വരച്ച അച്ഛന്റെ അമ്മയുടെ ചിത്രം വീട്ടില്‍ ഫ്രയിം ചെയ്തുവച്ചിട്ടുണ്ട്. ഓണപ്പതിപ്പ് എവിടുന്നെങ്കിലും അച്ഛന്‍ സംഘടിപ്പിച്ചു കൊണ്ടുവരും. അതിലെ കവിതകള്‍ ഞാനും കഥകള്‍ അച്ഛനും വായിക്കും.

വിവാഹവും എഴുത്തും 

ന്റെ വിവാഹം കഴിഞ്ഞ് രണ്ട് മക്കളും ഉണ്ടായ ശേഷമാണ് എഴുത്തിലേക്ക് തിരിഞ്ഞത്. അതുവരെ തോന്നുന്നതെല്ലാം മനസ്സില്‍ അടുക്കിപ്പെറുക്കി വയ്ക്കും. കിട്ടുന്നതെല്ലാം വായിക്കും. അന്നും ഇന്നും പുസ്തകങ്ങള്‍ അധികം കിട്ടിയിട്ടില്ല. ഇരുപത്തിനാലാം വയസ്സിലായിരുന്നു എന്റെ വിവാഹം. ഭർത്താവ് മോഹനൻ. കൂടപ്പിറപ്പുകള്‍ വലുതായപ്പോള്‍ ഞാനും പണിക്ക് പോയിത്തുടങ്ങി. കുട്ടിക്കാലത്ത് ദാരിദ്ര്യം മൂത്ത് കൂട്ട ആത്മഹത്യ ചെയ്യാന്‍വരെ തീരുമാനിച്ചിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. അച്ഛന്‍ അഭിമാനിയായിരുന്നതുകൊണ്ട് ബുദ്ധിമുട്ടുകള്‍ ആരോടും പങ്കുവച്ചിരുന്നില്ല. ഒരു തെങ്ങുണ്ടായിരുന്നു വീട്ടില്‍. തെങ്ങ് കയറാന്‍ വന്ന ആള്‍ കഞ്ഞിവെള്ളം ചോദിച്ചപ്പോള്‍ അതുപോലും കൊടുക്കാന്‍ വീട്ടിലുണ്ടായിരുന്നില്ല. അമ്മയുടെ മറുപടിയില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി അച്ഛന്റെ അടുത്ത സുഹൃത്തിന്റെ ചെവിയില്‍ എത്തിക്കുകയായിരുന്നു. അങ്ങനെ അച്ഛന് ഒരു ജോലി ശരിയായി. 

പാനായിക്കുളത്തായിരുന്നു ഭര്‍ത്താവിന്റെ വീട്. ഭര്‍തൃഗൃഹത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സമാധാനമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ കാലത്ത് ഞാനും പണിക്ക് പോയിരുന്നു. എന്റെ ഭര്‍ത്താവ് മോഹനനെ സഹായിക്കാന്‍. ഒരു ദിവസം മനസ്സ് വല്ലാതെ അസ്വസ്ഥമായി. സഹിക്കാന്‍ കഴിയാത്ത സങ്കടം. അത്രയും കാലം മനസ്സില്‍ കവിത കുറിച്ചിരുന്ന ഞാന്‍ ആദ്യമായി ആ രാത്രി അക്ഷരങ്ങളായി ഒരു പുസ്തകത്തിലേക്ക് പകര്‍ത്തി. മരണത്തെക്കുറിച്ചുള്ള കവിതയായിരുന്നു അത്. അതൊരു തുടക്കമായിരുന്നു. പിന്നീട് തുടര്‍ന്നെഴുതാന്‍ തുടങ്ങി. 



 

ക്ഷീരകർഷകനായ ഭര്‍ത്താവും മക്കളും മരുമക്കളും കവിത എഴുതാന്‍ പോത്സാഹിപ്പിക്കാറുണ്ട്. കൊച്ചുമക്കള്‍ക്ക് കവിതയും കഥയും ദിവസവും പറഞ്ഞുകൊടുക്കണം. എന്റെ കൂടപ്പിറപ്പുകള്‍ക്ക് ഇപ്പോഴും വിഷമമുണ്ട്. ഞങ്ങളെ നോക്കാന്‍ വേണ്ടിയല്ലേ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചത്? ഞങ്ങള്‍ എന്തു ചെയ്താലാണ് അതിന് പകരമാവുക എന്ന് എന്നെ കാണുമ്പോഴെല്ലാം പറയും. ജീവിതം അങ്ങനെയാണല്ലോ. പ്രതീക്ഷിച്ചതല്ല ലഭിക്കുക. എന്തായാലും ഞാനിപ്പോള്‍ സന്തോഷവതിയാണ്. ഇപ്പോള്‍ മക്കള്‍ ജോലിക്കുപോകുമ്പോൾ ഞാന്‍ കൊച്ചുമക്കളോടൊപ്പം വീട്ടില്‍ സമയം ചിലവഴിക്കുന്നു. 
ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരുഅനുഭവം ഉണ്ടായിട്ടുണ്ട്.

മറക്കാനാകാത്ത 15 പൈസ 

ഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് ജോര്‍ജ്ജ് മാഷാണ്. ഒരു പാഠം പഠിപ്പിച്ചിട്ട് നാലുവരി ബുക്കില്‍ കൈയ്യക്ഷരം നന്നാവാനായി എല്ലാ കുട്ടികളോടും എഴുതിക്കൊണ്ടുവരാന്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ ബുക്കുവാങ്ങാന്‍ കാശില്ലല്ലോ മോളെ എന്നായിരുന്നു അമ്മയുടെ മറുപടി. ശരിയാണ് ഉടുക്കാന്‍തന്നെ ഇല്ലാതിരിക്കുമ്പോള്‍ എങ്ങനെയാണ് പഠിക്കാന്‍ ബുക്ക് വാങ്ങുന്നത്? അടുത്ത ദിവസം എഴുതാതെ വന്ന് എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു അടിവാങ്ങാന്‍. അതിനടുത്ത ദിവസം വിരലിലെണ്ണാവുന്നവര്‍ മാത്രം എഴുതിവന്നില്ല. അവരോടൊപ്പം ഞാനുമുണ്ട്. അന്നും അടികിട്ടി. മൂന്നാം ദിവസം എഴുതാത്തത് ഞാന്‍ മാത്രം. ഞാന്‍ പേടിച്ച് വിറച്ച് തലതാഴ്ത്തി നില്‍ക്കുകയാണ്. 

മാഷ് എന്നെ അടുത്തുവിളിച്ചു. 
ഞാന്‍ ഭയന്നു വിറച്ച് അടുത്തുപോയി. 
ഉടന്‍ ചോദ്യം വന്നു. 

"എന്താ എഴുതാത്തത്?' 
'പുസ്തകമില്ല.' 
'എന്താ വാങ്ങാത്തത്?' 
'വീ്ട്ടില്‍ കാശില്ല.'
'അച്ഛനെന്താ ജോലി?' 
'ബീഡിതെറുപ്പാണ്.'

എന്റെ ഭയന്ന മുഖവും സങ്കടത്തോടെയുള്ള മറുപടിയും കേട്ട് സാറിന് വലിയ വിഷമമായി. പോക്കറ്റില്‍ നിന്ന് 15 പൈസ എടുത്തു തന്നിട്ട് ബുക്കു വാങ്ങിച്ചോളാന്‍ പറഞ്ഞു. 12 പൈസയാണ് അതിന്റെ വില. അതെനിക്കൊരിക്കലും ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.
 
ഓണവും വിഷുവുമെല്ലാം ദുഃഖത്തില്‍ പൊതിഞ്ഞതായിരുന്നു. ദാരിദ്ര്യം തന്നെ മുഖ്യ കാരണം. അച്ഛന് മൂന്ന് സഹോദരിമാരുണ്ട്. അവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്‌നേഹത്താല്‍ ഞങ്ങളെ എന്നും ചേര്‍ത്തുപിടിച്ചിരുന്നു. ഒരമ്മായി വഴിയാണ് എനിക്ക് ഈ വിവാഹാലോചന വന്നത്. കല്യാണത്തിന് മുമ്പ് ഞങ്ങള്‍ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളുടേത് പ്രേമവിവാഹമായിരുന്നില്ല. 

വാക്കുകൾക്കപ്പുറം എഴുത്തെന്ന സന്തോഷം 

ഞാനെത്ര കവിതകള്‍ എഴുതിയിട്ടുണ്ടെന്ന് കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഗുരുദേവൻ, ശ്രീകൃഷ്ണൻ അയ്യപ്പൻ , സരസ്വതി, കടുങ്ങല്ലൂരപ്പൻ, യേശു, നബി. നാഗരാജാവ് തുടങ്ങി കുറെയേറെ കവിതകൾ എഴുതിയിട്ടുണ്ട്. മൂന്ന് ആൽബങ്ങൾക്ക് വരികൾ എഴുതാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ സന്തോഷം .കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ ഒരുപാടിഷ്ടമാണ്. പാട്ടിലാണെങ്കില്‍ രണ്ടാമതൊന്നാലോചിക്കാനില്ല. ഗാനഗന്ധര്‍വ്വന്‍ തന്നെ. 

കൊച്ചിയില്‍ ഒരിക്കല്‍ യേശുദാസ് വ്ന്നപ്പോള്‍ അനുജന്‍ പോയി സംസാരിച്ചു എന്ന് എന്നെ വിളിച്ചു പറഞ്ഞു. എനിക്ക് പോയി കാണാന്‍ കഴിയില്ല. കാണണമെന്നാഗ്രഹിക്കുന്നത് അതിമോഹമല്ലേ. ഉടനെ ഗാനഗന്ധര്‍വ്വനെക്കുറിച്ച് മനസ്സില്‍ വന്ന വരികള്‍ കുറിച്ചിട്ടു. കവിതകൾ എഴുതുമ്പോൾ കിട്ടുന്ന സന്തോഷം അത് വാക്കുകൾക്കപ്പുറത്താണ്. ഗുരുദേവനും ശ്രീകൃഷ്ണനും കവിതകളില്‍ വന്നുവെങ്കിലും മതത്തെയല്ല മനുഷ്യനെ സ്‌നേഹിക്കണം എന്നു പറയാനാണ് ഇഷ്ടം. വിശപ്പിനും ദാരിദ്ര്യത്തിനും കഷ്ടതകള്‍ക്കും മുന്‍പില്‍ മറ്റുള്ളതൊക്കെയെന്ത്? പറമ്പിൽ പണിയെടുത്തും പശുക്കളെ പരിപാലിച്ചും ഒപ്പം മനസ്സിലെ ആശയങ്ങളെ വരികളാക്കി മാറ്റിയും ജീവിതം മുന്നോട്ടു പോകുന്നു. മക്കൾ ബിബിൻ , ഷിബിൻ മരുമക്കൾ റിൻഷ, നീലിമ.

കവിത ശോഭയെ സംഭന്ധിച്ചിടത്തോളം ആത്മാവിഷ്‌കാരം മാത്രമാണ്. അതിനപ്പുറം അനുവാചകനുമായുള്ള പങ്കുവക്കലോ സംവാദമോ ശോഭ ആഗ്രഹിക്കുന്നെയില്ല. സ്വന്തം പേര് അച്ചടിച്ച് കാണാനും അവാര്‍ഡൊപ്പിക്കാനും കവികള്‍ പുറപ്പെടുന്ന ഇക്കാലത്ത് ശോഭ വേറിട്ടു നില്‍ക്കുന്നു. അതെ കവിത  ശോഭയുടെ ഒസ്യത്താണ്. മരണം വരെ ആര്‍ക്കും കാണാനാവാത്ത ഒസ്യത്ത്.


തയ്യാറാക്കിയത് ഉമ ആനന്ദ് 

Leave A Comment