മാതംഗി സത്യമൂർത്തിയുടെ സംഗീത സപര്യ
വഴിത്തിരിവുകൾ
സംഗീതം ജൻമസിദ്ധമായ ഒരു വരദാനമാണ്. അത് ലഭിച്ചവരുടെ ജീവിതം സംഗീതത്തിന് വേണ്ടി മാത്രമായിരിക്കും. ആദരവൊ അംഗീകാരമൊ ഒന്നും അവരെ പ്രലോഭിപ്പിക്കാറില്ല. സംഗീതത്തെ പ്രാണവായു പോലെ അവർ കൊണ്ടു നടക്കും. സംഗീതവും ഈശ്വരനും രണ്ടല്ല ഒന്നാണെന്ന ബോദ്ധ്യമാണ് അവരുടെ ദർശനം.
മേൽപ്പറഞ്ഞ ഗണത്തിൽ നിസ്സംശയം ഉൾപ്പെടുത്താവുന്ന സംഗീതജ്ഞയാണ് മാതംഗി സത്യമൂർത്തി .

നാലാം ക്ളാസ് മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങി. ബി എ ക്ക് പഠിക്കുമ്പോൾ അരങ്ങേറ്റം നടത്തി ആദ്യമായി കിട്ടിയ പ്രതിഫലം ഗുരുവിന് ദക്ഷിണയായി നൽകിയ കേരളത്തിലങ്ങോളമിങ്ങോളം കച്ചേരി നടത്തിയ മൂന്ന് പതിറ്റാണ്ടുകളായി സംഗീത വിദ്യാലയം നടത്തുന്ന അസാധരണ പ്രതിഭയായ മാതംഗി സത്യ മൂർത്തി
തന്റെ സംഗീത ജീവിതത്തിലെ നാൾവഴികൾ ഓർത്തെടുക്കുന്നു.
നാലാം ക്ലാസ്സ് മുതൽ സംഗീത പഠനം
ഞാൻ ജനിച്ചു വളർന്നത് ട്രിച്ചി ജില്ലയിലെ തൊറയൂർ ഗ്രാമത്തിൽ. അച്ഛൻ സുബ്രഹ്മണ്യം അമ്മ ശാന്ത. ഒൻപതു മക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു ഞാൻ.എനിക്ക് പലപ്പോഴും ഞാൻ ടിവി സംഗീത ലോകത്തേക്ക് കടന്ന വഴികളോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. അച്ഛന്റെ ജോലി സംബന്ധമായി അച്ഛനും അമ്മയും മധുരയിലേക്ക് പോയപ്പോൾ ഞാൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ തിരുവാണിക്കോവിലിലെ അയ്യൻ തെരുവിലെ വീട്ടിലാണ് വളർന്നത്. ഭക്തിയും ആചാരങ്ങളും ജീവിതത്തിൽ പകർത്തുന്നവരായിരുന്നു മുത്തശ്ശനും മുത്തശ്ശിയും. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സംഗീതം പഠിക്കാൻ പോയത്. ഗുരുവിന്റെ പേര് മധുരം . അപ്പോഴേക്കും അച്ഛനും അമ്മയുമെല്ലാം ട്രിച്ചിയിലേക്ക് എത്തിയിരുന്നു. പാട്ട് പഠിക്കാൻ അനുജത്തി മധുമതിയും ഒപ്പമുണ്ട്. പക്ഷെ അന്ന് ഒരിക്കലും സംഗീതത്തെ ഗൗരവമായി കണ്ടിരുന്നില്ല.

കോളേജ് കാലഘട്ടമെത്തുന്നതിനിടയിൽ പിന്നെയും രണ്ടു ഗുരുക്കൻമാരുടെ ശിഷ്യയായി. വളരെ പ്രശസ്തമായ സീതാലക്ഷ്മി രാമസ്വാമി കോളേജിലാണ് ബി.എക്ക് ചേർന്നത്. ഒരു പാട്ടുപാടിച്ചു ഉടനെ അഡ്മിഷനും റെഡിയായി. രണ്ട് ദിവസത്തിനുള്ളിൽ അഗ്രഹാരത്തിലെ ആളുകളെല്ലാം പാട്ട് മുഖ്യ വിഷയമായെടുത്തതിനെ വിമർശിച്ചു തുടങ്ങി. ആ പ്രായത്തിൽ ഞാനും മറിച്ച് ചിന്തിക്കാതെ ബി.എ ഇംഗ്ലീഷിന് ചേർന്നു. കോളേജിൽ മത്സരം വരുമ്പോൾ സംഗീതം മുഖ്യവിഷയമായെടുത്തവർക്ക് സമ്മാനം ലഭിക്കാതെ എനിക്ക് ലഭിച്ചു തുടങ്ങി.
അഗ്രഹാരങ്ങളിൽ കുഞ്ഞിന്റെ കാതുകുത്തായാലും കല്യാണമായാലും എന്റെയും മധുമതിയുടെയും പാട്ടുണ്ടാകും. കേട്ടു പഠിച്ചും പാടിപ്പഠിച്ചും പരിപാടി ചെയ്യും.
കച്ചേരി കേട്ടിട്ട് വന്ന കല്യാണാലോചന
ഒരിക്കൽ ഞങ്ങളുടെ പാട്ട് കേൾക്കാനിടയായ കെ.എസ് സുബ്രഹ്മണ്യം സാറാണ് എന്റെ ജീവിതത്തിൽ പ്രധാന വഴിത്തിരിവുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ശിഷ്യത്വം വിലമതിക്കാനാവാത്തതാണ്. ദിവസവും മൂന്നു മണിക്കൂറോളം പഠിപ്പിക്കും. എല്ലാവരും ഇപ്പോൾ കുട്ടികളെ പത്താം വയസ്സിൽത്തന്നെ പാട്ടിന് അരങ്ങേറ്റം നടത്തുമ്പോൾ കർണ്ണാടക സംഗീതത്തിൽ എന്റെ അരങ്ങേറ്റം ബി.എക്കു പഠിക്കുമ്പോഴായിരുന്നു. അതും ഞങ്ങളുടെ പാട്ടു കേട്ട് കുറച്ചു ദൂരെയുള്ള സ്ഥലത്തേക്ക് പ്രത്യേകം ക്ഷണിക്കുകയായിരുന്നു. മൂന്നു മണിക്കൂർ നീണ്ട കച്ചേരി അരങ്ങേറ്റമായി മാറി. കിട്ടിയ കവർ തുകയെത്രയെന്നു പോലും നോക്കാതെ ഗുരുവിന് ദക്ഷിണയായി സമർപ്പിച്ചു. ഇതേ പോലെ വേറൊരിടത്ത് നടന്ന കച്ചേരി കേട്ടിട്ടാണ് കല്യാണ ആലോചന വന്നത്.

അങ്ങനെ കേരളത്തിന്റെ മരുമകളായി "പരിപ്പി "ലെത്തി. പാടവും, പറമ്പും, കൃഷിയുമുള്ള ഭർത്താവ് സത്യ മൂർത്തിക്ക് സംഗീതം ഇഷ്ടമായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യകാലത്ത്. ആ വലിയ വീട്ടിൽ ഒറ്റക്ക് പാടിക്കൊണ്ടിരിക്കും പലരുടെയും പരിഹാസത്തിനും കളിയാക്കലുകൾക്കും മൗനമായി നിന്നു കൊടുക്കേണ്ടി വന്ന അവസ്ഥ. അഗ്രികൾച്ചർ ഓഫീസിലെ സ്റ്റാഫിന്റെ മകൻ ഞാൻ പാടുന്നതറിഞ്ഞ് പക്കമേളവുമായെത്തി. കുമ്മനം ഹരി, ഉപേന്ദ്രൻ , സജീവ്, പ്രദീപ് തുടങ്ങി ഓരോരുത്തരായി വന്നു. അങ്ങനെ ആദ്യമായി കേരളത്തിൽ കോട്ടയത്ത് രഞ്ചിനി സഭയിൽ നവരാത്രിക്ക് കച്ചേരി അവതരിപ്പിച്ചു. മുൻനിരയിൽ പ്രഗത്ഭരായ സംഗീതജ്ഞർ പാടിത്തീർന്നതും ശങ്കുണ്ണി മേനോൻ വന്നു പറഞ്ഞു.
ഈ സംഗീതം പാഴാക്കാനുള്ളതല്ല
അതെ, ഈ സംഗീതം പാഴാക്കാനുള്ളതല്ല. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പാറശ്ശാല രവി, നെടുമങ്ങാട് ശിവാനന്ദൻ , ആലപ്പുഴ ഗോപിനാഥപ്രഭു , ചേർത്തല ഗംഗാധരൻ പിള്ള. ഈ ടീമിനോടൊപ്പം പാടിയ കച്ചേരികൾക്ക് കണക്കില്ല. പാറശ്ശാല മുതൽ പാലക്കാട് വരെ .സംഗീതരത്ന അവാർഡടക്കം ഒട്ടനവധി പുരസ്കാരങ്ങൾ . എന്റെ അച്ഛൻ പാടുമെങ്കിലും അമ്മ അതിലും നന്നായി പാടും. ഉറങ്ങാതിരിക്കാൻ നാലരക്കെഴുനേറ്റ് കൂട്ടിരിക്കും. ഭർത്താവ് സത്യമൂർത്തി എനിക്കൊപ്പം എന്റെ പാട്ടിനൊപ്പം എന്നും എപ്പോഴും കൂട്ടായി നിന്നു. അതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

ഐ.സി.യുവിൽ നിന്ന് കച്ചേരിയിലേക്ക്
ഐ.സി.യുവിൽ ഭർത്താവ് കിടക്കുന്നു. ഒരു പ്രോഗ്രാം ഏറ്റിട്ടുമുണ്ട്. ക്യാൻസൽ ചെയ്യാമെന്ന് പറഞ്ഞപ്പോൾ ഞാൻ മരിച്ചു കിടക്കുകയല്ല. നീ പാടിയേ തീരു എന്നു പറഞ്ഞു. ഗ്രാമക്കാരെയും നാട്ടുകാരെയും ഭയക്കരുത് എന്ന് പറഞ്ഞ് ഡ്രൈവറോടൊപ്പം അയച്ചു. എന്റെയൊപ്പം കാണുന്ന അദ്ദേഹത്തെ കാണാതിരുന്നപ്പോൾ പലരും ചോദിച്ചു. പരിപാടിക്കു ശേഷം കമ്മിറ്റിക്കാരോട് സത്യാവസ്ഥ പറഞ്ഞു. പാട്ടിനോടും എന്നോടുമുള്ള അദ്ദേഹത്തിന്റെ പിൻതുണ കണ്ട് ചില വേദികളിൽ അദ്ദേഹത്തെയാണ് എനിക്ക് മുൻപേ ആദരിച്ചത്. അദ്ദേഹമില്ലെങ്കിൽ ഞാനിന്ന് ഇങ്ങനെയില്ല. പക്ഷെ ഇന്ന് അദ്ദേഹമില്ല. എങ്കിലും അദ്ദേഹത്തിന്റെ പേര് ഇന്നും അറിയപ്പെടുന്നു.
യാത്ര തുടരുന്നൂ, സംഗീതവഴിയിലൂടെ
ഞങ്ങൾക്ക് രണ്ട് മക്കൾ സുബ്രഹ്മണ്യം , മണിരത്നം. മരുമകൾ ദിവ്യ, മീനാക്ഷി. പരിപ്പിൽ മാതംഗി സ്ക്കൂൾ ഓഫ് മ്യൂസിക് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായി. മാതംഗിസ്കൂൾ ഓഫ് മ്യൂസിക് രാമനവമി പ്രോഗ്രാം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് .

ഇപ്പോൾ എന്നെ താങ്ങി നിർത്തിയ രണ്ടു പേരുമില്ല ഇനിയുളള ജീവിതവും അവർ നൽകിയ സംഗീതവഴിയിലൂടെ തന്നെ. കാരണം സംഗീതം എന്റെ പ്രാണവായുവാണ്.
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment