വഴിത്തിരിവുകള്‍

വെളിച്ചം വിതറുന്ന ഫ്രാൻസിസ്

 വഴിത്തിരിവുകൾ 

ക്ഷ്യബോധം സ്ഥിരോത്സാഹം കഠിനാദ്ധ്വാനം ആത്മവിശ്വാസം എന്നിവ ചേരുംപടി ചേർത്താൽ വിജയം സുനിശ്ചമാണെന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്. അത് തെളിയിച്ചിട്ടുള്ള പലരുമുണ്ട്. അവരിലൊരാളാണ് സെന്റ് ആൽബർട്ട്സ് കോളേജിലെ അദ്ധ്യാപകനായ ഫ്രാൻസിസ് . യുവാക്കൾക്ക് തീർച്ചയായും അദ്ദേഹമൊരു റോൾ മോഡലാണ്.
പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച ഫ്രാൻസിന്റെ കഥയിങ്ങനെ.

  കണ്ണീരിൽ കുതിർന്ന ബാല്യം

നിർധനനും നിരക്ഷരനുമായ മത്സ്യത്തൊഴിലാളി മുക്കത്ത്ചാക്കോയുടെയും മേബിളിന്റെയും അഞ്ചു മക്കളിൽ നാലാമത്തെ മകനായി തോപ്പുംപടി സൗദിയിൽ ജനനം.
ചെമ്മീൻ കച്ചവടം പൊട്ടിപ്പൊളിഞ്ഞ് ആത്മഹത്യ യുടെ വക്കിൽ നിൽക്കുന്ന അച്ഛൻ. കുട്ടികളുടെ വിശപ്പ് മാറ്റാനുള്ള വഴിയറിയാതെ കണ്ണീരും പ്രാർത്ഥനയുമായി അടുക്കളയിൽ ഉരുകി നിന്ന അമ്മ. കൊടിയ ദാരിദ്ര്യത്തിന്റെ രാപ്പകലുകൾ. തോൽക്കാൻ മനസ്സില്ലാത്ത ചാക്കൊ തന്റെ നാൽപ്പത്തഞ്ചാം വയസ്സിൽ സൈക്കിൾ പഠിച്ച്  മീൻ കച്ചവടം തുടങ്ങി. പത്താം വയസ്സിൽ തന്നെ സഹായിയായി ഫ്രാൻസിസും കൂടി. ഏഴാം ക്ളാസ് മുതൽ പത്താം തരം വരെ പഠനച്ചിലവിന് കപ്പലണ്ടി വിറ്റും വരുമാനമുണ്ടാക്കി.

  



 പ്രശ്നം ജീവിതം

തിമിര ശസ്ത്രക്രിയ കഴിഞ്ഞതോടെ അപ്പച്ചൻ വിശ്രമത്തിലായി. ചേട്ടൻ മാരൊക്കെ മരപ്പണിയിലേക്കും വെൽഡിങ്ങ് വർക്കിലേക്കും തിരിഞ്ഞപ്പോൾ ഫ്രാൻസിസ് അപ്പച്ചന്റെ തൊഴിൽ തന്നെ ഒറ്റക്ക് ചെയ്യാൻ തീരുമാനിച്ചു.കടം വാങ്ങിയ പത്ത് രൂപയും അപ്പച്ചന്റെ പഴയ സൈക്കിളുമായി ജീവിതത്തോടുള്ള ഏറ്റുമുട്ടൽ ആരംഭിച്ചതങ്ങിനെയാണ്  സ്കൂളില്ലാത്ത  ശനി ഞായർ ദിവസങ്ങളിൽ കപ്പലണ്ടിക്കച്ചവടവും നടത്തി. 

പത്താം തരം പാസായപ്പോൾ തുടർന്നു പഠിക്കുവാൻ മോഹ മുണ്ടായി. പക്ഷെ കയ്യിൽ കാശില്ല. അങ്ങിനെയാണ് തേപ്പ് ( ഇസ്തിരി ) ജോലിയിലേക്ക് കടക്കുന്നത്. തേപ്പ് ഇന്ന് ചതിയുടെ പര്യായമാണെങ്കിലും ഫ്രാൻസിസിനെ പ്രിഡിഗ്രി എന്ന കടമ്പ കടക്കാൻ സഹായിച്ചത് തേപ്പ് തന്നെയായിരുന്നു. ബിരുദ പഠന സമയത്ത് മുഖ്യ വരുമാന മാർഗം മീൻ വിൽപ്പന തന്നെയായിരുന്നു. ബി എ ക്ക് പഠിക്കുമ്പോൾ ഉപജീവനത്തിനും അതിജീവനത്തിനുമായി മീൻ വിൽപ്പന നടത്തിയിരുന്ന ഒരു പക്ഷെ കേരളത്തിലെ ഏക വിദ്യാർത്ഥി ഫ്രാൻസി സാണെന്ന് തോന്നുന്നു. സാമ്പത്തിക പ്രയാസത്തിന്റെ നടുക്കടൽ നീന്തിയാണ് ഫ്രാൻസിസ് ബി എ സാമ്പത്തിക ശാസ്ത്രം പാസായത്!

  പഠിക്കലും പഠിപ്പിക്കലും

ഴുപത്തിരണ്ടാമത്തെ അപേക്ഷയിലാണ് ആദ്യത്തെ ജോലി ലഭിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ. ശമ്പളം അറുനൂറ് രൂപ. പാവപ്പെട്ട മത്സ്യത്തൊഴിലാളയുടെ മക്കൾക്ക് സൗജന്യമായി ട്യൂഷൻ നൽകാൻ തയ്യാറാണെന്നും അതിന് സൗകര്യമൊരുക്കണമെന്നും ഫ്രാൻസിസ് പള്ളിയിലെ അച്ചനോട് പറഞ്ഞപ്പോൾ അദ്ദേഹം ഫ്രാൻസിസിന്റെ നൻമ തിരിച്ചറിയുകയായിരുന്നു. ശമ്പളത്തിലെ പാതി പകുത്ത് നൽകി രണ്ട് ടീച്ചർമാരെയും ഒപ്പം കൂട്ടി. സൗജന്യ ട്യൂഷനൊപ്പം ഹോം ട്യൂഷനും ഫ്രാൻസിസ് എടുത്തിരുന്നു. തന്റെ വഴി അദ്ധ്യാപനത്തിന്റെ താണെന്ന് തിരിച്ചറിഞ്ഞ ഫ്രാൻസിസ് ബി.എ കഴിഞ്ഞ് ആറ് വർഷം കൊണ്ട് സ്വരുക്കൂട്ടിയ മൂവായിരം രൂപ കൊണ്ടാണ് ബി.എഡിന് ചേർന്നത്. തുടർന്ന് എം.എ.യും എടുത്തു. പാരലൽ കോളേജിൽ പഠിപ്പിച്ചും ഹോം ട്യൂഷനെടുത്തുമായിരുന്നു  പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

 ഡോക്ടറേറ്റ് ജീവിതത്തിലും ഗവേഷണത്തിലും

സെന്റ് ആൽബർട്സ് കോളേജിൽ ഗസ്റ്റ് ലക്ചററായാണ് ആദ്യം ജോലി ലഭിച്ചത്. പ്രായപരിധി അവസാനിക്കുന്നതിന് തൊട്ടു മുൻപായിട്ടാണ് നിയമനം ലഭിക്കുന്നത്. ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു അത്. പിന്നീട് അറയ്ക്കൽ അച്ചന്റെ കാരുണ്യത്താൽ സ്ഥിര നിയമനം ലഭിച്ചെങ്കിലും ശമ്പളം ലഭിക്കാൻ ആറ് വർഷം കാത്തിരിക്കേണ്ടി വന്നു.

മീൻ കച്ചവടം നടത്തിയിരുന്ന കാലത്ത് ഹാർബറിലെ അമ്മമാരെ എന്നും കാണുമായിരുന്നു. എല്ലാവരുമായും നല്ല പരിചയവും ഉണ്ടായിരുന്നു. അങ്ങിനെയാണ് അവരുടെ ജീവിതം തന്നെ ഗവേഷണ വിഷയമായത്. ഗുരുനാഥനായ ഡോ. അജിത് സാറിനെ തന്നെ ഗൈഡായി ലഭിച്ചപ്പോൾ വലിയ സന്തോഷമായി. സാർ എനിക്ക് വേണ്ടി ആ സീറ്റ് മാറ്റി വെച്ചിരിക്കുകയായിരുന്നു. ഫ്രാൻസിസിന്റെ പോരാട്ട ജീവിതത്തിന്റെ വിജയകരമായ പരിസമാപ്തിയായിരുന്നു ആ ഡോക്ടറേറ്റ്. സ്പെഷ്യൽ സ്കൂൾ അദ്ധ്യാപികയായ സിൻസിയാണ് ഫ്രാൻസിസിന്റെ ജീവിത പങ്കാളി. പത്താം ക്ളാസിൽ പഠിക്കുന്ന എൽ നിനോയും ഏഴാം ക്ളാസിൽ പഠിക്കുന്ന എൽ വിനുമാണ് മക്കൾ

  

 സന്ദേശം

വിശപ്പ് ഭക്ഷിച്ച് ബാല്യം അതിജീവിക്കുകയും കഷ്ടപ്പാടിന്റെ സങ്കടക്കടൽ കൗമാരത്തിൽ ത്തന്നെ നീന്തിക്കടക്കുകയും ചെയ്ത ഫ്രാൻസിസ് ഇന്ന് ഒരദ്ധ്യാപകൻ മാത്രമല്ല ഒരു പാഠപുസ്തകം തന്നെയാണ്.

 'ചെറിയ സങ്കടങ്ങൾ പോലും താങ്ങാനാവാത്തവർ,
ചെറിയ പ്രശ്നങ്ങൾക്കു പോലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ,
ചെറിയ കാര്യത്തിന് പോലും നിരാശപ്പെടുന്നവർ'
 
അറിയണം ഫ്രാൻസിസിന്റെ കഥ. കൊടിയ വറുതിയിലും ആത്മഹത്യ ചെയ്യാതെ ഭാര്യയെയും മക്കളെയും ചേർത്ത് പിടിച്ച അപ്പൻ ചാക്കോയുടെ കഥയും.


തയ്യാറാക്കിയത് ഉമ ആനന്ദ് 

Leave A Comment