വഴിത്തിരിവുകള്‍

ജീവിതനൗകയിലെ-പോരാട്ടം

വഴിത്തിരിവുകൾ 

ദാനം മഹത്തരമാകുന്നത് രണ്ടു സന്ദര്‍ഭങ്ങളിലാണ്. ഒന്ന് ആരുമറിയാതെ ചെയ്യുമ്പോള്‍. രണ്ട് ദാനം ചെയ്യാനുള്ള അവസ്ഥയില്ലാത്തവര്‍ അതു ചെയ്യുമ്പോള്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രതികൂല സാഹചര്യങ്ങളോട് പട വെട്ടി സ്വാനുഭവത്തില്‍ നിന്നും പൊരുതി നേടിയ ജീവിതത്തില്‍ നിന്നും പഠിച്ച പാഠങ്ങളുടെ അത്യപൂര്‍വ്വ കഥയാണ്‌ നാടക നടിയായ കോമളവല്ലിക്കു പറയാനുള്ളത്.


പഠനത്തിന്റെ  പാതിവഴിയിൽ ഉത്തരവാദിത്തത്തിലേക്ക് 
തിമൂന്നാം വയസ്സില്‍ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു തുടങ്ങിയതാണു ഞാന്‍. വീട്ടിലെ ആറു മക്കളില്‍ മൂത്തവളായിരുന്നു. റബര്‍ ടാപ്പിംഗ് ആയിരുന്നു അച്ഛന്റെ ജോലി. മാറി മാറി പല എസ്റ്റേറ്റുകളിലും തൊഴില്‍ ചെയ്തിട്ടുണ്ട്. തോട്ടം മാനേജരായും  ജോലി  നോക്കി. അച്ഛനും അമ്മയും തമ്മില്‍ ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഒരു തവണ അത് പരിധിക്കും അപ്പുറത്തായപ്പോള്‍ അമ്മ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അമ്മ ആറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിക്കുന്ന സമയമാണത്. എനിക്കന്ന് പതിമൂന്നു വയസ്. അഞ്ചാം തരത്തില്‍ പഠിക്കുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നെങ്കിലും പഠനം അവിടെ വച്ച് നിര്‍ത്തേണ്ടി വന്നു. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നു വയസേയുള്ളൂ. അച്ഛന്‍ ജോലിക്ക് പോകുമ്പോള്‍ താഴെ ഉള്ളവരെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കായി. അങ്ങനെ കുഞ്ഞുങ്ങളെ നോക്കലും വീടു നോക്കലും മാത്രമായി എന്‍റെ ജീവിതം ഒതുങ്ങി. പുതുക്കാടായിരുന്നു ഞങ്ങളുടെ താമസം.



വിവാഹവും തുടർ പഠനവും 
ജീവിത ഘട്ടം അധിക കാലം നീണ്ടു നിന്നില്ല. പതിനാറാം വയസില്‍ അച്ഛന്‍ എന്നെ വിവാഹം കഴിച്ചയച്ചു. അയ്യപ്പന്‍ നായര്‍ എന്നായിരുന്നു ഭര്‍ത്താവിന്‍റെ പേര്. തെങ്ങു കയറ്റവും വിറകു വെട്ടലുമാണ് ജോലിയെങ്കിലും കലാകാരനായിരുന്നു. ഉത്സവങ്ങള്‍ വരുമ്പോള്‍ ചെണ്ട മേളത്തിനും ഇലത്താളത്തിനുമൊക്കെ പതിവായി പോകും. പ്രത്യേകിച്ച് പാറമേക്കാവ് ക്ഷേത്രത്തിലും തൃപ്പൂണിത്തുറ ക്ഷേത്രത്തിലും. പില്‍ക്കാലത്ത് പഠിക്കാനുള്ള എന്‍റെ ആഗ്രഹം മനസ്സിലാക്കി അദ്ദേഹം എന്നെ ട്യൂട്ടോറിയല്‍ കോളജില്‍ ചേര്‍ത്തു. നേരിട്ട് പത്താം ക്ലാസ് പരീക്ഷക്ക്‌  പഠിക്കാന്‍. അന്നെനിക്ക് പ്രായം 22. ഇരട്ടക്കുട്ടികള്‍ അടക്കം നാല് മക്കളായി. അതിനിടയിലും പത്താം ക്ലാസ്  ജയിച്ചു. ഞാന്‍ പഠിച്ച പുസ്തകം തന്നെയാണ് മക്കള്‍ പത്താം തരത്തില്‍ എത്തിയപ്പോഴും പഠിച്ചത്.

പിന്നീട് നേരിട്ട് ബി.എ ബിരുദമെടുക്കാനുള്ള പ്രവേശന പരീക്ഷ എഴുതി ക്ലാസ്സിനു ചേര്‍ന്നെങ്കിലും എനിക്കു പഠിക്കാന്‍ കഴിഞ്ഞില്ല. പത്താംതരത്തില്‍ പഠിക്കുമ്പോഴാണ് നാടകവുമായി ബന്ധം തുടങ്ങിയത്. അഞ്ച് സ്റ്റേജ് കഴിഞ്ഞ് ആറാം സ്റ്റേജില്‍ കളിക്കുന്നതിനു മുമ്പ് മേഖ സന്ദേശം എന്ന നാടകത്തിലെ ഒരു പ്രധാന കഥാപാത്രം വഴക്കിട്ടു പോയി. അതിനു പകരക്കാരിയാണ് തൃശൂര്‍ ജയന്‍ എന്ന വ്യക്തിയിലൂടെ ഞാന്‍ അരങ്ങത്ത് വന്നത്. ആ നാടകത്തില്‍ അമ്പത്തിയഞ്ച് വയസുകാരി തേതിക്കുട്ടിയുടെ വേഷമായിരുന്നു എനിക്ക്. ഡയലോഗ് വഴങ്ങാതിരുന്നപ്പോള്‍ തൃശൂര്‍ ജയനും മോഹന്‍ പോഴത്തും ജോണ്‍സനും കൂടി എന്നെ ഇരുത്തി പഠിപ്പിച്ചു. അഞ്ചാറു വേദികളില്‍ ആ നാടകം അവതരിപ്പിച്ചു. അപ്പോഴാണ്‌ കഥാനായകന്‍ എന്ന സിനിമയിലേക്കു ക്ഷണം വരുന്നത്. ഇരുപത്തി മൂന്നു ദിവസം ആ പടത്തിനു വേണ്ടി ജോലി ചെയ്തു. അന്ന് അഞ്ഞൂറ് രൂപയായിരുന്നു ഒരു ദിവസത്തെ വേതനം. 

അത് കഴിഞ്ഞപ്പോള്‍ വീണ്ടും  നാടകത്തിലേക്ക്  തിരിച്ചു പോയി. പല നാടകങ്ങളിലും പകരക്കാരിയായും അല്ലാതെയും അഭിനയിച്ചു. മംഗല്യപ്പല്ലക്ക്,പുത്തൂരം പുത്രി, പ്രണയം,ക്ലൈമാക്സ് തുടങ്ങി കുറെ സിനിമകളിലും അഭിനയിച്ചു. ഞാന്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പില്ലായിരുന്നെന്നു മാത്രമല്ല അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


ജീവിത  പ്രശ്നങ്ങളും ദൈവാനുഗ്രഹവും 
നിക്ക് പഠിക്കാന്‍ കഴിഞ്ഞു. അഭിനയിക്കാന്‍  കഴിഞ്ഞു. സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ ലഭിച്ചു. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് മാത്രം അറുതിയില്ലായിരുന്നു. മരം വെട്ടുന്ന ജോലിക്കിടയില്‍ രണ്ട് മൂന്നു തവണ വീണ് പരിക്ക് പറ്റിയപ്പോള്‍ ഭര്‍ത്താവ് അതിനെ അതിജീവിച്ചു. എന്നാല്‍ നാലാമത്തെ വീഴ്ച ജീവിതത്തെ വീഴ്ത്തി കളഞ്ഞു. തലച്ചോറിലേക്ക് പോകുന്ന ഞരമ്പിനായിരുന്നു ക്ഷതം. ഒരേ കിടപ്പു തന്നെ. ഇനി ഒരിക്കലും അദ്ദേഹം എഴുന്നേല്ക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അതേ സമയത്ത് അച്ഛനും തളര്‍വാതം വന്ന് കിടപ്പിലായി.

 

സഹോദരങ്ങള്‍ എങ്ങും എത്തിയിട്ടില്ല. രണ്ട് വീടും നോക്കേണ്ട അവസ്ഥ. എന്‍റെ മനപ്രയാസമറിഞ്ഞ് പലരും എനിക്ക് അഭിനയിക്കാന്‍ അവസരം തന്നു. എന്നോട് വളരെ മാന്യമായിത്തന്നെ എല്ലാവരും പെരുമാറി, അഭിനയിച്ചു കിട്ടുന്ന പണം കൊണ്ട് ഞാന്‍ രണ്ട് വീടും പുലര്‍ത്തി.  അച്ഛന് ആയുര്‍വേദ ചികിത്സ നല്‍കി. സന്ധ്യക്ക്‌ വിളക്ക് തെളിയിക്കുമ്പോള്‍ കണ്ണനെ വിളിച്ച് എന്നും കരഞ്ഞു  പ്രാര്‍ഥിക്കും. അല്ലാതെ എന്തു ചെയ്യാന്‍, ഒരു ദിവസം നാടകം കഴിഞ്ഞു തിരിച്ചു  വരുമ്പോള്‍  ഭര്‍ത്താവ് മല മൂത്രത്തില്‍ കിടക്കുന്നു. കണ്ടിട്ട് സഹിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍ ചെറിയ കുട്ടികളായത് കൊണ്ട് അവര്‍ക്ക് തനിയെ വൃത്തിയാക്കാന്‍ കഴിയില്ലായിരുന്നു. പിന്നീട് ഞാനും മോളും കൂടി വൃത്തിയാക്കി കിടത്തി. ഭര്‍ത്താവിന്‍റെ വിഷമം കണ്ട് ഞാന്‍ അപ്പോഴേക്കും നിയന്ത്രണം വിട്ട് കരഞ്ഞു പോയിരുന്നു. ഇത് കണ്ട് മക്കളും ഭര്‍ത്താവും കരച്ചിലായി. അന്നും കരഞ്ഞാണ് പ്രാര്‍ഥിച്ചത്. 

ദൈവത്തിന്‍റെ അനുഗ്രഹം എന്നേ ഞാന്‍ പറയൂ. ഒരു ദിവസം നാടകം കഴിഞ്ഞ് ഞാന്‍ തിരിച്ചു വരുമ്പോള്‍ കാണുന്നത് ഭര്‍ത്താവ് ജനലില്‍ പിടിച്ചു നില്‍ക്കുന്നതാണ്. അടുത്ത് വടിയുമുണ്ട്. സന്തോഷം കൊണ്ട് ഞാന്‍ കരഞ്ഞു പോയി. ഉടന്‍ തന്നെ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ അത് വിശ്വസിക്കാന്‍ തയാറല്ലായിരുന്നു. ഇപ്പോഴും അവര്‍ പറയുന്നത് എന്തോ അത്ഭുതം സംഭവിച്ചിട്ടുണ്ടെന്ന് തന്നെയാണ്. 

പിന്നീട് പതുക്കെപ്പതുക്കെ അദ്ദേഹം പിടിച്ചു നടന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങള്‍ പരസഹായമില്ലാതെ നിറവേറ്റാന്‍ കഴിയുമെന്നായി. അച്ഛനും ചികിത്സ കൊണ്ട് അസുഖം ഭേദമായി. ഭര്‍ത്താവ് പൂര്‍വ്വ സ്ഥിതിയില്‍ എത്തിയെങ്കിലും പഴയതു പോലെ ഒറ്റക്ക് മരം മുറിക്കനൊന്നും കഴിയില്ല. സഹായിയെ വച്ച് ചെയ്യിക്കും.

 എന്‍റെ അനുജത്തിമാരുടെ വിവാഹം ഞങ്ങള്‍ നടത്തി. ആദ്യം വാടക വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. ഇപ്പോള്‍ സ്വന്തമായി വീട് വച്ചു. പിണങ്ങിപ്പോയ അമ്മ പണി ചെയ്തു പണമുണ്ടാക്കി ഒരു വീട് വച്ച് അവിടെ താമസിക്കുന്നു. ഇപ്പോള്‍ അനിയത്തിയെയും കൂട്ടി ഞങ്ങളെ കാണാന്‍ വരും ഞങ്ങളുടെ കൂടെ താമസിക്കും. അച്ഛന്‍ എഴുപത്തി മൂന്നാം വയസില്‍ മരിച്ചു. ഒരപകടത്തില്‍ ഞങ്ങളുടെ മകനെയും ഞങ്ങള്‍ക്ക് നഷ്ടമായി. മൂന്നു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. അതില്‍ ഒരു മകളുടെ ഭര്‍ത്താവ് മരിച്ചു. അവരുടെ കുഞ്ഞിനെ ഞങ്ങളുടെ മകന്‍റെ പേരിട്ട് ഞങ്ങള്‍ വളര്‍ത്തുന്നു. മകളെ വേറെ വിവാഹം കഴിപ്പിച്ചയച്ചു.

ചിന്തിപ്പിച്ച രണ്ടനുഭവങ്ങള്‍ 
ജീവിതാനുഭവങ്ങളിലൂടെ ഒരു പാട് പാഠം പഠിച്ചെങ്കിലും രണ്ടനുഭവങ്ങള്‍ എന്നേ വല്ലാതെ ചിന്തിപ്പിച്ചിരുന്നു. ചിന്തിപ്പിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ശക്തമായി ഉണ്ടാവുകയും ചെയ്തു. ഒരു തവണ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ബില്ലടക്കാനുള്ള പണം തികയാതെ വന്ന്. ആശുപത്രി വരാന്തയില്‍ നിന്നു കരഞ്ഞ എന്നെ കണ്ട് ഏതോ ഒരു വ്യക്തി ബാക്കി വെണ്ട പണവും കാര്‍ വാടകയും തന്ന് എന്നെ സഹായിച്ചു. ഇപ്പോഴും അതാരാണെന്ന് എനിക്കറിയില്ല. ആ സംഭവം ഒരിക്കലും മറക്കാന്‍ കഴിയില്ല.

അതുപോലെ ഉടുക്കാന്‍ നല്ലൊരു സാരിയില്ലാതെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍  ഞാന്‍ നില്‍ക്കുമ്പോള്‍ അടുത്ത വീട്ടിലെ ചേച്ചി അവര്‍ക്കു  കിട്ടിയ പുതിയ സാരിയും അതിനു വേണ്ട  പാവാടയും കൂടി എനിക്ക് തന്നു. അവരും ബുദ്ധിമുട്ടില്‍ കഴിയുന്നവരായിരുന്നു. ഞാന്‍ ബുദ്ധിമുട്ടുമ്പോഴും മറ്റുള്ളവരെ സഹായിക്കുക എന്നത് നിസ്സാര കാര്യമല്ല എന്‍റെ മനസിനെ അതു വല്ലാതെ സ്പര്‍ശിച്ചു. 

കഷ്ടപ്പെടുന്നവർക്ക് തന്നാലാകുന്ന സഹായം 

ബാധ്യതകളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും ഒരു വിധം കര കയറിയപ്പോള്‍ എന്നാലാകുന്നത്  പോലെ ഞാനും സഹായങ്ങള്‍ ചെയ്തു തുടങ്ങി റേഷന്‍ കാര്‍ഡ് ഉണ്ടെങ്കിലും പലരും റേഷന്‍ സാധനങ്ങള്‍ വാങ്ങാറില്ല. എനിക്കറിയുന്ന പലരെക്കൊണ്ടും അതു വാങ്ങിപ്പിച്ച് കഷ്ടപ്പെടുന്നവരുടെ വീടുകളില്‍ എത്തിക്കും. ഡോക്ടര്‍മാര്‍, ബാങ്കിലെ ഉയര്‍ന്ന ജീവനക്കാര്‍,തുടങ്ങി കുറെ പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ എനിക്ക് പ്രതിഫലമായി പണം കിട്ടും. അതിലെ ഒരു ഭാഗം മറ്റുള്ളവര്‍ക്കായി മാറ്റി വയ്ക്കും. വസ്ത്രങ്ങള്‍  ഒരു തവണ മാത്രം ഉപയോഗിച്ചിട്ട് മാറ്റി വയ്ക്കുന്നവര്‍ ഒരുപാടുണ്ട്. അതു ശേഖരിച്ച് വസ്ത്രത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് കൊടുക്കും. പണം കൊടുക്കാനോ എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാനോ എനിക്കു കഴിവില്ലെങ്കിലും ഇത് പോലെ സഹായിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.



പലപ്പോഴും പ്രായമായവരെ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട്. മക്കള്‍ വരുന്നത് വരെ കൂട്ടിരുന്നിട്ടുണ്ട്. തിരിച്ചു വരുമ്പോള്‍ എനിക്ക് കിട്ടുന്ന പ്രതിഫലം ഏതെങ്കിലും പാവപ്പെട്ട രോഗിക്കു നല്‍കും. മാന്യമായി ഏതു ജോലി ചെയ്തും നമുക്ക് ജീവിക്കാം. കൊറോണ ക്കാലമായതിനാല്‍ ഇപ്പോള്‍ നാടകവും സിനിമയും ഇല്ല. അതുകൊണ്ട് സാമ്പാര്‍ പൊടി,ചമ്മന്തിപ്പൊടി,അച്ചാറുകള്‍,തുടങ്ങിയവ ഉണ്ടാക്കി വില്‍ക്കും. സ്ഥിരമായി ഇതു വാങ്ങുന്നവരുണ്ട്‌. ഭക്ഷണത്തിന് ഓര്‍ഡര്‍ തന്നാല്‍ അതും ചെയ്തു കൊടുക്കും.

അതിനിടെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ്‌ പുതുക്കാട് മണ്ഡലം പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഉത്തരവാദിത്തം. 

ഇപ്പോള്‍ സ്വന്തമായി ഒരു പച്ചക്കറി തോട്ടമുണ്ട്. ഞാന്‍ സൗഹാര്‍ദ്ദ പൂര്‍വ്വം പെരുമാറുന്നതിനാല്‍ എന്നോട് തിരിച്ചും അങ്ങനെ തന്നെയാണ് എല്ലാവരും പെരുമാറുന്നത്. ഇനി ഒരാഗ്രഹമുണ്ട്. ധാരാളം സിനിമകളില്‍ വേഷമിട്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ഇത് വരെ കിട്ടിയിട്ടില്ല. അങ്ങനെയുള്ള ഒരു വേഷത്തില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.

തയ്യാറാക്കിയത്   ഉമ ആനന്ദ്

Leave A Comment