പേരിനോട് പോരുതിയ തൃശൂരിന്‍റെ ഗിരിജ
വഴിത്തിരിവുകൾ
ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് എല്ലാമിരിക്കുന്നു എന്നാണ് ഉത്തരം.തലമുറകള്‍ പിന്തുടരുന്ന ഒഴിയാ ബാധയാണത്. ഇവിടെയാണ് ദുഷ്പേരിനെ സമാനതകളില്ലാത്ത സഹനത്തിലൂടെയും പോരാട്ടത്തിലൂടെയും
വീണ്ടും സല്‍പ്പേരാക്കി മാറ്റിയ ഗിരിജ വേറിട്ടു നില്‍ക്കുന്നത്.സിനിമാക്കഥയെ വെല്ലുന്ന ഒരു സിനിമ തിയറ്ററിന്റെ കഥ കൂടിയാണിത്.
സിനിമയെ വെല്ലുന്ന ഗിരിജയുടെ സിനിമാജീവിതക്കഥ
സ്വന്തം പേരില്‍ അഭിമാനിക്കുകയും വേദനിക്കുകയും ചെയ്യുന്നത് എത്ര മാത്രം ദുഖകരമായ കാര്യമാണെന്ന് വാക്കാല്‍ പറയാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ അതിന്‍റെ ഉദാഹരണമാണ് ഞാന്‍. എന്‍റെ പേര് ഗിരിജ. തൃശൂര്‍ പാറമേക്കാവ് ദേവിയുടെ ഭക്തനായ എന്റെ അച്ഛന്‍ പദ്മനാഭന്‍ പാര്‍വ്വതിയുടെ പര്യായമായ ഗിരിജ എന്ന പേരിടുമ്പോള്‍ എനിക്ക് പേരു കൊണ്ട് മാത്രം ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല .

തൃശൂരിലെ പാട്ടുരായ്ക്കലുള്ള ഗിരിജ തിയറ്ററിനെപറ്റി കേള്‍ക്കാത്തവര്‍ കുറവായിരിക്കും.അശ്ലീല സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ എന്ന കുപ്രസിദ്ധി ഏറെക്കാലമായുണ്ട്.ആദ്യ കാലങ്ങളില്‍ അങ്ങനെ അല്ലായിരുന്നു.1951ല്‍ അലാവുദീനും അത്ഭുത വിളക്കും എന്ന സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് തിയറ്ററിന്റെ തുടക്കം.1951ല്‍ പണിത ആ തിയറ്റര്‍ അന്ന് ഞങ്ങളുടെതായിരുന്നില്ല . എന്‍റെ മുത്തച്ഛന്‍ പി.ആര്‍.നമ്പ്യാരുടെതായിരുന്നു. മുത്തശ്ശന്റെ ഏഴ് മക്കളില്‍ എന്റെ അച്ഛമ്മക്ക് മാത്രമാണ് ആണ്‍ മക്കള്‍ ഉണ്ടായിരുന്നത്. എന്‍റെ അച്ഛനും അച്ഛന്റെ ഒരനുജനും. അങ്ങനെ തിയറ്റര്‍ അച്ഛമ്മക്ക് കിട്ടി.1968 ല്‍ മുത്തച്ഛന്‍ മരിച്ചപ്പോള്‍ അച്ഛന്‍ തിയറ്ററും പെട്രോള്‍ പമ്പും നടത്തി തുടങ്ങി.
'എ' പടങ്ങളില്‍ വന്നെത്തിയത് ഇങ്ങനെ
1985 വരെ നല്ല സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.ഹിന്ദി ഇംഗ്ലീഷ് തമിഴ് തുടങ്ങിയ ഭാഷകളിലെ സിനിമകള്‍ ഓടിക്കൊണ്ടിരുന്നു.മുത്തച്ചന്‍ മരിക്കുന്ന സമയത്ത് അച്ഛന് 20 വയസ്. അന്ന് അച്ഛന്‍ എഞ്ചിനീയറിംഗ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ഏറ്റെടുത്ത ജോലിയാണിത്. ഗുരുവായൂരിലും ഒരു തിയറ്റര്‍ ഉണ്ടായിരുന്നു മുത്തച്ഛന്. അച്ചനാണ് അതും നോക്കി നടത്തിയത്.
1985 മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത് .പടങ്ങള്‍ക്ക് അഡ്വാന്‍സ് കൂടി.പുതിയ പടങ്ങള്‍ കിട്ടാനില്ലാതായി.മറ്റു തിയറ്ററുകളില്‍ ഓടി കഴിഞ്ഞ് പുറത്ത് വരുന്ന പടങ്ങള്‍ മാത്രം കിട്ടി.പിന്നീട് അതും കിട്ടാതായി. 88 മുതല്‍ ഒരു പടവുമില്ല. അഡ്വാന്‍സ് കൂടുതല്‍ കൊടുക്കാന്‍ പണവുമില്ല.
അഡ്വാന്‍സ് ഇല്ലാതെ ഷക്കീല പടങ്ങള്‍ എളുപ്പത്തില്‍ കിട്ടും.അങ്ങനെ അത്തരത്തിലുള്ള സിനിമകളായി പിന്നീട്.ആ സമയം ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. ഞങ്ങളുടെ തിയറ്ററില്‍ ഏതു പടമാണ് കളിക്കുന്നതെന്ന് എനിക്കും അനുജത്തിക്കുമൊന്നും അറിയില്ലായിരുന്നു.ഞങ്ങളെ സിനിമക്ക് കൊണ്ട് പോകുന്ന പതിവും ഇല്ലായിരുന്നു.ഗിരിജക്ക് തിയറ്റര്‍ ഉണ്ടെന്ന് കുട്ടികള്‍ പറയുമ്പോള്‍ സന്തോഷമായിരുന്നു.
തിയറ്ററില്‍ ബ്ലു ഫിലിമെന്ന് പരിഹാസം, കരഞ്ഞ ബാല്ല്യം
ഒരു ദിവസം മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ കുറി പിരിവിനായി ഞങ്ങളുടെ ക്ലാസില്‍ വന്നു. എന്നോട് കൂടുതല്‍ എണ്ണം എടുക്കണം എന്നാവശ്യപ്പെട്ടു. അത്രയ്ക്കുള്ള പണം എന്റെ കൈവശം ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങളൊക്കെ തിയറ്ററില്‍ ബ്ലു ഫിലിം ഓടിച്ച് പണം ഉണ്ടാക്കുന്നുണ്ടല്ലോ അതില്‍ നിന്ന് കുറച്ച് തന്നാല്‍ മതിയെന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.

അന്ന് കരഞ്ഞു കൊണ്ടാണ് ക്ലാസില്‍ നിന്നും വീട്ടിലേക്ക് പോയത്.എത്തിയ ഉടന്‍ അമ്മയോട് ചോദിച്ചത് നമ്മുടെ തിയറ്ററില്‍ ചീത്ത സിനിമയാണോ പ്രദര്‍ശിപ്പിക്കുന്നത് എന്നായിരുന്നു. മൗനമായിരുന്നു അമ്മയുടെ ഉത്തരം.
സ്കൂളില്‍ കളിയാക്കലുകള്‍ കൂടി വന്നു. അനുജത്തിക്ക് മനസിലാക്കാനുള്ള പ്രായം ആയിട്ടില്ല.സങ്കടം കൂടുമ്പോള്‍ ആരുമറിയാതെ ഒറ്റയ്ക്കിരുന്നു ഞാന്‍ കരയും .ടീച്ചര്‍മാര്‍ വരെ അര്‍ഥം വച്ച് നോക്കിത്തുടങ്ങി.
പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങി കേരളം വിട്ടു പോകണം എന്ന ചിന്തയായി എപ്പോഴും. ആഗ്രഹിച്ചത് പോലെ തന്നെ നല്ല മാര്‍ക്കു ലഭിച്ചപ്പോള്‍ വിമന്‍സ് കോളജില്‍ ചേര്‍ന്നു. എ രണ്ടു വര്‍ഷം ഓരോ ദിവസവും എന്നെക്കുറിച്ചും എന്റെ വീടെവിടെയാണെന്നും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ശ്രദ്ധിച്ചു. ബിഡിഎസിന്ഈറോഡിലാണ് പഠിച്ചത്.
ഭര്‍തൃവീട്ടില്‍ പീഡനം, തകര്‍ന്ന ദാമ്പത്യം
ബിഡിഎസ് കഴിഞ്ഞപ്പോള്‍ എന്റെ വിവാഹവും നടന്നു. കേരളത്തിലെ ആരെയും കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ഹൈദരബാദില്‍
സ്ഥിര താമസമാക്കിയ മലയാളി കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്. ഭര്‍തൃവീട്ടില്‍ നിന്നും പണത്തിനായി ഞാൻ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അച്ഛന്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.ഹൈദരബാദില്‍ നിന്ന് പോലീസ് എസ്കോര്‍ട്ടോടു കൂടി വീണ്ടും ഞാന്‍ തൃശൂരിലെത്തി.രണ്ടു മാസത്തിൽ രണ്ടു മാസത്തിനുള്ളില്‍ വിവാഹ ജീവിതം അവസാനിച്ചു.

എന്റെ വിഷമം കാണു നില്‍ക്കാനാവാതെ അനുജത്തി തനിക്കു പഠിക്കാന്‍ കരുതിയിരുന്ന പണം കൊണ്ട് എന്നോട് പിജി ചെയ്യാന്‍ പറഞ്ഞു. വീണ്ടും ചെന്നൈയിലേക്ക് വണ്ടി കയറി.എം.ഡി.എസ് എടുത്തു.ബാംഗ്ലൂരില്‍ ജോലിയും കിട്ടി. അനുജത്തി എംസിഎയ്ക്ക് പഠിച്ചു.
എല്ലാം ഒന്ന് ശരിയായി വന്നപ്പോഴാണ് കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞത്. അച്ഛന്‍ പെട്ടെന്ന് മരിച്ചു. ഞാന്‍ ബാംഗ്ലൂരില്‍ നിന്ന് തൃശൂരിലെത്തി. കാര്യങ്ങളെല്ലാം കുഴപ്പത്തിലായി.തീയറ്ററിന്റെ പ്രവര്‍ത്തനം ഏറെക്കുറെഅവസാനിച്ചു. അനുജത്തിയും അമ്മയും ചേര്‍ന്ന് അച്ഛന്‍ നടത്തിയിരുന്ന പമ്പ് ഏറ്റെടുത്തെങ്കിലും ലൈസന്‍സ് അച്ഛമ്മയുടെ പേരിലായിരുന്നു. നിയമപ്രകാരം ഞങ്ങളുടെ പേരില്‍ ഒരു സ്വത്തും ഉണ്ടായിരുന്നില്ല.അവസാനം ഞങ്ങള്‍ക്ക് കിട്ടിയത് ഗിരിജ തിയറ്ററും ആ കോമ്പൌണ്ടിനകത്തുള്ള വീടും. കയറിച്ചെല്ലാന്‍ വേറെ ഇടമില്ലാത്തത് കൊണ്ട് ആ വീട്ടിലേക്ക് തന്നെ തറവാട്ടില്‍ നിന്ന് ഇറങ്ങി പോകേണ്ടി വന്നു.കുടുംബക്കാര്‍ക്ക് വേണ്ടി അച്ഛന്‍ എടുത്ത ലോണ്‍ ബാധ്യതകളും ഞങ്ങളുടെ തലയിലായി. എന്റെ ജോലി കൊണ്ട് മാത്രം ജീവിക്കാന്‍ കഴിയാത്ത അവസ്ഥ.
അച്ഛന്റെ അസ്ഥി തറയില്‍ നിന്ന് ഒരു പിടി മണ്ണ്
അച്ഛന്റെ തറവാട് വില്‍ക്കാന്‍ വേണ്ടി ഇടിച്ച് നിരത്തിയപ്പോള്‍ അച്ഛന്റെ അസ്ഥി തറയില്‍ നിന്ന് ഒരു പിടി മണ്ണ് ഞാന്‍ കൊണ്ട് വന്ന് തീയറ്ററിന്റെ മണ്ണോടു ചേര്‍ത്തു.ജീവിക്കാന്‍ ഒരു വഴിയും കാണുന്നില്ല. തിയേറ്ററിനോട് ചേര്‍ന്ന് തന്നെ ഒരു ചെറിയ കെട്ടിടം ഉണ്ടായിരുന്നു.അതിന്‍റെ ഒരു രേഖകളും ഇല്ല.അത് എന്തിനാണെന്നും അറിഞ്ഞിരുന്നില്ല.
കോര്‍പ്പറേഷനില്‍ പോയി അന്വേഷിച്ചപ്പോള്‍ അത് മിനി തിയറ്ററാക്കാന്‍ പണിത കെട്ടിടമാണെന്ന് മനസ്സിലായി.പണി തീരാത്ത കെട്ടിടം.കേസും കോടതിയുമായി നടന്ന് രേഖകള്‍ കണ്ടെത്തി പ്ലാന്‍ വരപ്പിച്ച് അതിനെ കല്യാണ മണ്ഡപമാക്കി.അമ്മയുടെ പേര് നളിനി എന്നാണ് .മണ്ഡപത്തിന് നളിനം എന്ന് പേരിട്ടു. കടങ്ങള്‍ വീട്ടാന്‍ ഒരു വഴി കണ്ടെത്തിയ ആശ്വാസം.
രണ്ടാം വിവാഹം, പുതിയ ഗിരിജയുടെ വെല്ലുവിളികള്‍
2006 ജൂണ്‍ ആറിന് മണ്ഡപം തുറന്നു. എന്‍റെ രണ്ടാമത് വിവാഹം നടന്നു.കേരളത്തില്‍ നിന്ന് വിവാഹം നടത്താന്‍ താല്പര്യം ഇല്ലാത്തതിനാല്‍ ബാംഗ്ലൂരില്‍ വച്ച് പരിചയപ്പെട്ട ആസാം സ്വദേശിയെയാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന് ബാംഗ്ലൂരില്‍ ആയിരുന്നു ജോലി.
മണ്ഡപം തുറന്നത് ജൂണില്‍. അതെ വര്‍ഷം ഓഗസ്റ്റില്‍ തിയറ്റര്‍ മുഴുവനായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട്.ഇന്‍ഷുറന്‍സിന്റെ കടലാസ് പോലും കയ്യിലില്ല.
വില്‍ക്കാനും പറ്റില്ല.അച്ഛന്‍ നോക്കി നടത്തിയതൊന്നും നമുക്ക് ഇല്ലാതായി എന്ന വിഷമം വീണ്ടും എനിക്കും അനുജത്തിക്കും കൂടിക്കൂടി വന്നു.അച്ഛനു വേണ്ടി തിയറ്റര്‍ പുനര്‍ നിര്‍മ്മിക്കാനുള്ള എന്റെ ആശയത്തെ അനുജത്തി പൂര്‍ണ്ണമായും പിന്തുണച്ചു.നല്ല സിനിമകള്‍ കൊണ്ട് വന്നിട്ടും തിയറ്ററിന്റെ പേര് മോശമായതിനാല്‍ ഒരു സിനിമയും വിജയകരമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്നത് അച്ഛന് വളരെ വിഷമം ഉണ്ടാക്കിയിരുന്നു. കുടുംബ സമേതം വന്ന് സിനിമ കാണാനുള്ള ഒരു തിയറ്ററാക്കി മാറ്റണം എന്ന് ഞാനും അനുജത്തിയും നിശ്ചയിച്ചു.

ജീവിതത്തില്‍ അത് വരെ കണ്ടത് ആകെ നാലോ അഞ്ചോ സിനിമകള്‍ മാത്രം തീയേറ്ററിനെ ക്കുറിച്ച് ഒന്നുമറിയാത്ത ഞാന്‍ തൃശൂര്‍ ജോസ് തീയേറ്ററില്‍ പോയി. മാടമ്പിയായിരുന്നു അപ്പോള്‍ ഓടിക്കൊണ്ടിരുന്ന സിനിമ. സിനിമ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ തിയറ്ററിനകവും പരിസരവും അകെ വീക്ഷിച്ചു കൊണ്ട് എന്തൊക്കെ ചെയ്യണം എന്ന് ചിന്തിച്ചു കൊണ്ടിരുന്നു.അമ്മക്ക് പേടിയായിരുന്നു പക്ഷെ ഞങ്ങള്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു.
കേരളത്തില്‍ തിയറ്റര്‍ ലൈസന്‍സ് ഉള്ള രണ്ടാമത്തെ സ്ത്രീ
ലോണിന് അപേക്ഷിച്ചു.വീടിനും തിയറ്ററിനും ചുറ്റും കുറെ തെങ്ങുണ്ടായിരുന്നു.
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് തോന്നിയപ്പോള്‍ എല്ലാം മുറിച്ചു മാറ്റി. ആ സമയത്ത് ദൈവദൂതനെപ്പോലെ ഒരു ആശാരി ഞങ്ങളെ തേടിയെത്തി . തെങ്ങിന്‍റെ തടി കൊണ്ട് കുറെ പാനല്‍ ചെയ്തു തരാം. ഭക്ഷണവും താമസ സൗകര്യവും മാത്രം മതിയെന്ന് പറഞ്ഞു.അങ്ങനെ തെങ്ങ് തടികള്‍ കൊണ്ട് പാനല്‍ പണിതു.പിന്നെ അധിക നാള്‍ അദ്ദേഹം ജീവിച്ചിരുന്നില്ല എന്നതാണ് സത്യം.ഇനി ചെയര്‍ വേണം.പ്രൊജക്ടര്‍ വേണം .എന്നാലെ തിയറ്റര്‍ തുറക്കാന്‍ കഴിയൂ.
തിയറ്ററില്‍ മുന്‍പുണ്ടായിരുന്ന ഓപ്പറേറ്റര്‍ മദ്യപാനിയാണ്.ഇടയ്ക്ക് പോകും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തികൊണ്ടിരുന്നു.പിന്നെ ഒറ്റ വഴിയെ എന്‍റെ മുന്‍പില്‍ ഉണ്ടായിരുന്നുള്ളൂ .പ്രൊജക്ടര്‍ ഓപ്പറേറ്ററുടെ ലൈസന്‍സ് എടുക്കുക. തിരുവനന്തപുരത്ത് പോയി അതും എടുത്തു.
അന്ന് കേരളത്തില്‍ തിയറ്റര്‍ ലൈസന്‍സ് ഉള്ള രണ്ടാമത്തെ സ്ത്രീ ആയിരുന്നു ഞാന്‍. തവണകളായി പണം അടയ്ക്കാം എന്ന കരാറില്‍ പുഷ് ബാക്ക് ചെയരുകള്‍ വാങ്ങി. ഭീമാകാരമായ പ്രശ്നം അടുത്തതാണ് പ്രൊജക്ടര്‍.അതിനാണെങ്കില്‍ ഭയങ്കര വിലയും .അപ്പോഴാണ് ക്യൂബ് 39 എന്ന പേരിലുള്ള പ്രോജക്ടറുമായി റിയല്‍ കമ്പനി ഞങ്ങളെ സമീപിച്ചത്.
നീല ചിത്രം ഓടിയ തിയറ്ററില്‍ കുടുംബചിത്രം
തൃശൂരില്‍ ഇത് വരെ ആ കമ്പനിയുടെ പ്രൊജക്ടര്‍ എ ക്ലാസ് തിയറ്ററില്‍ വച്ചിട്ടില്ല. ഞങ്ങളുടെ അവസ്ഥ അറിഞ്ഞു പരസ്യം തന്നാല്‍ മതിയെന്ന പരസ്പര ധാരണയില്‍ അവര്‍ പ്രൊജക്ടര്‍ തന്നു. ഇനി പടം മാത്രമേ കിട്ടാനുള്ളൂ.ടാക്സിയെടുത്ത് പല ഡിസ്ട്രി ബ്യൂട്ടറെയും സമീപിച്ചെങ്കിലും നീല ചിത്രം ഓടിയ തിയറ്റര്‍ എന്ന ബ്രാന്‍ഡ് ഉള്ളത് കൊണ്ട് ഒരാള്‍ പോലും പടം തന്നില്ല. തലയ്ക്കു മുകളില്‍ കടം. ഫെഡറേഷന്‍ ഭയങ്കര സ്ട്രോങ്ങാണ്.അവര്‍ പറയുന്നതിനപ്പുറം ഡിസ്ട്രി ബ്യൂട്ടേഴ്സ് പോകില്ല. തൃശൂര്‍ ടൌണില്‍ 8 തിയറ്ററുകള്‍ ഉണ്ട്. ഞങ്ങളുടേത് ഒരു കിലോമീറ്റര്‍ ഉള്ളിലാണ് അതും പ്രശ്നമാണ്.
ട്വന്‍റി ട്വന്‍റി എന്ന സിനിമ തിയറ്ററിന് വഴിത്തിരിവായിരുന്നു
അവസാനം മഞ്ചു നാഥ് ഫിലിംസിന്‍റെ ട്വന്‍റി ട്വന്‍റി ഇറങ്ങാന്‍
പോകുന്നതറിഞ്ഞ് കമ്പനി മാനേജരെ വിളിച്ച് അന്വേഷിച്ചു.കൊടുക്കുന്നതിനാല്‍ പറ്റില്ലെന്നായിരുന്നു മറുപടി.ഫെഡറേഷനും ഇടപെട്ട് തടസപ്പെടുത്തി. ഞാന്‍ നേരെ ദിലീപിനെ ചെന്ന് കണ്ടു എന്‍റെ അവസ്ഥ അവതരിപ്പിച്ചു. ദിലീപ് പറഞ്ഞത് ഫെഡറേഷന്‍ സ്ട്രോങ്ങ് ആണ് എനിക്ക് ശത്രുക്കളെ കൂട്ടാം എന്നല്ലാതെ വേരോട് കാര്യവുമില്ല എന്നാണ്. എന്‍റെ നിസഹായവസ്ഥ കണ്ട് ഒരാഴ്ചത്തേക്ക് പടം തരാം എന്ന് സമ്മതിച്ചു. മിനിമം ഗ്യാരണ്ടിയുടെ പേരില്‍ പണം കൊടുത്തു സിനിമ കിട്ടുമെന്ന് ഉറപ്പാക്കി.പരസ്യം കൊടുക്കാന്‍ പണമില്ല .ആ സമയത്ത് പല പത്രങ്ങളിലും തിയറ്റര്‍ നവീകരിച്ചതിനെകുറിച്ചുള്ള ലേഖനം വലിയ ആശ്വാസമായിരുന്നു. വന്നു. ഒരുപാട് കടമ്പകള്‍ കടന്ന് 2008 നവംബര്‍ 5ന് പുതിയ ഗിരിജ തിയറ്ററില്‍ ട്വന്‍റി ട്വന്‍റി എന്ന സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചു.ഒരു ദിവസം അഞ്ച് പ്രദര്‍ശനം വച്ച് സിനിമ ഓടി. ഫെഡറേഷന്‍ ഇടപെട്ട് അത് നാലാക്കി.

നവംബര്‍ അഞ്ചാം തിയതി ആദ്യമായി സിനിമ പ്രദര്‍ശനം നടക്കുമ്പോള്‍ നളിനത്തില്‍ എന്‍റെ അനുജത്തിയുടെ വിവാഹനിശ്ചയമായിരുന്നു.
ഇടയ്ക്ക് തിയറ്ററില്‍ ഓടിച്ചെന്നു നോക്കി സ്ത്രീകള്‍ വന്നിട്ടുണ്ടോ എന്ന് .ഒരു സ്ത്രീയെ ഉണ്ടായിരുന്നുള്ളൂ വല്ലാത്ത ടെന്‍ഷന്‍ ആയി.എന്നാല്‍ അടുത്ത ഷോയില്‍ പത്ത് സ്ത്രീകള്‍ വന്നു.അടുത്ത ദിവസം മുതല്‍ കുടുംബ സമേതം ആളുകള്‍ വന്നു തുടങ്ങി.ട്വന്‍റി ട്വന്‍റി എന്ന സിനിമ തിയറ്ററിന് ഒരു വഴിത്തിരിവായിരുന്നു.വീണ്ടും കുറച്ചു ദിവസം പടം ഇല്ലാതായി.പിന്നീട് ആശീര്‍വാദ് ഫിലിംസിന്‍റെ എല്ലാ പടങ്ങളും ഒരാഴ്ചക്ക് തരാം എന്ന് പറഞ്ഞു. ആരെന്തു പറഞ്ഞാലും ഒരു ദിവസം ഒരു ഷോ വച്ച് പ്രദര്‍ശിപ്പിക്കാനും പറഞ്ഞു.ഞങ്ങളാണ് ആദ്യമായി സീറ്റ് നമ്പര്‍ ഇടാന്‍ തുടങ്ങിയത്.പിന്നീട് മറ്റു തിയറ്ററുകളില്‍ നിന്നും ഷിഫ്റ്റ് ചെയ്ത പടങ്ങള്‍ കിട്ടി തുടങ്ങി.എന്‍റെ ലൈസന്‍സ് വരെ ക്യാന്‍സലാക്കാനുള്ള ശ്രമം നടന്നു.കോടതി എനിക്ക് അനുകൂലമായി വിധി പറഞ്ഞു. ഞങ്ങളുടെ തിയറ്ററിലേക്ക് സിനിമകള്‍ നല്‍കാനും നിര്‍ദേശിച്ചു.

അങ്ങനെ ചില സിനിമകള്‍ 100 ദിവസം വരെ ഓടി തുടങ്ങി.ബാധ്യതകള്‍ കുറഞ്ഞു വന്നു.
വെല്ലുവിളികള്‍ കൂടപ്പിറപ്പ്, അതിജീവിക്കും!
ഫെഡറേഷന്‍ മാറി പുതിയ സംഘടന വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും എല്ലാം അതിജീവിച്ച് മുന്നോട്ട് പോകുന്നു. അച്ഛന്‍റെ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചു. തിയറ്ററിനെക്കുറിച്ച് മോശം പറഞ്ഞവര്‍ നല്ലത് പറയാന്‍ തുടങ്ങി.അനുജത്തി വിവാഹിതയായി കോട്ടയത്തേക്ക് പോയി. നല്ലതുകള്‍ക്കിടയില്‍ ദുരന്തം എന്ന പോലെ എന്‍റെ ഭര്‍ത്താവ് ഹൃദയ സ്തംഭനം മൂലം മരിച്ചു. ഞങ്ങള്‍ക്ക് രണ്ടു മക്കള്‍. രണ്ടു പേരും വിദ്യാര്‍ഥികള്‍ . ഞാന്‍ ജോലി വേണ്ടെന്നു വച്ചു. ഇപ്പോള്‍ തിയറ്ററും മണ്ഡപവും നോക്കി നടത്തി അമ്മയോടൊപ്പം കഴിയുന്നു.
തയ്യാറാക്കിയത് : ഉമ ആനന്ദ്
Leave A Comment